Sunday 21 June 2020

ഇടനാഴിയിലെ പെൺകുട്ടി (വിശദീകരിക്കാനാകാത്ത സംഭവം)




എട്ട് വര്ഷം മുൻപാണ് ഈ സംഭവം നടക്കുന്നത് .പെട്ടെന്നുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ,കേരളത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിൽ എനിക്ക് കുറച്ചു ദിവസം കിടക്കേണ്ടതായി വന്നു.വല്ലാത്ത തിരക്കുള്ള ആ ഹോസ്പിറ്റലിൽ ഒരു റൂം കിട്ടാനുള്ള ബുദ്ധിമുട്ടു മൂലവും ,ഞാൻ ആദ്യം കണ്ട ഡോക്ടർ ഒങ്കോളജി വിഭാഗത്തിൽ ആയിരുന്നതിനാലും ,കുറെ ടെസ്റ്റുകൾ നടത്തേണ്ടതിനാലും ഒങ്കോളജി ഡിപ്പാർട്മെന്റിലെ ഒരു ട്വിൻ ഷെയറിങ് റൂമാണ് എനിക്ക് അവസാനം കിട്ടിയത്.മറ്റേ ബെഡിൽ വര്ഷങ്ങള്ക്കു മുൻപ് വന്നുപോയ ക്യാൻസറിന്റെ ചില ലക്ഷണങ്ങൾ ചെറുതായി വീണ്ടും കണ്ടതിനെ തുടർന്ന് ഒബ്സർവേഷനും ചെക്കിങ് നും ആയി വന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരനായിരുന്നു . തോമസ് എന്നായിരുന്നു ആളുടെ പേര്‌.

 ഇതിനിടയിൽ പലവിധ ടെസ്റ്റുകളും നടത്തിയതിയതു പ്രകാരം ശരീരത്തിൽ ഫ്ലൂയിഡ് ഫോർമേഷൻ ആണെന്നും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കണ്ടതിനെ തുടർന്ന് ,എനിക്കുള്ള ട്രീറ്റ്മെന്റ് ആരംഭിച്ചു.

ഞാൻ കിടന്ന റൂമിൽ വലിയ കുഴപ്പം ഇല്ലായിരുന്നു എങ്കിലും ആ ഡിപ്പാർട്മെന്റിൽ മറ്റുള്ള കാഴ്ച്ചകൾ സുഖകരം ആയിരുന്നില്ല. കാൻസർ ബാധിതരായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും അവസ്ഥ കാണുന്നത് തന്നെ നമ്മുടെ മനസ്സിനെ അസ്വസ്ഥം ആക്കുമായിരുന്നു.മറ്റേതെങ്കിലും റൂമിലേക്ക്‌ മാറ്റാമോ എന്ന് ഞാൻ ഡോക്ടറോട് പലവട്ടം ചോദിച്ചു എങ്കിലും ബെഡ് ഒന്നും ഒഴിവില്ലാത്തതിനാൽ ഒന്നും നടന്നില്ല.

ഇതിനിടയിൽ ശരീരത്തിലെ ഫ്ലൂയിഡ് കുറയുന്നതിനായുള്ള മരുന്നുകൾ എനിക്ക് തന്നു തുടങ്ങി ,അതോടെ ശരീരത്തിലെ വെള്ളം വറ്റുന്നതുകൊണ്ട്  രാത്രിയിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി ,മാത്രമല്ല ചൂടും ,കൊതുകുകളും കൂടി ആയപ്പോൾ രാത്രിയിൽ ഉറക്കം ഇല്ലാതായി. ഇതുകാരണം രാത്രിയിൽ പുറത്തിറങ്ങി ഇടനാഴിയിൽ കൂടി ഉലാത്തുന്നത് ഞാൻ പതിവാക്കി.എന്റെ റൂമിന്റെ മുൻപിൽ തന്നെ ആയിരുന്നു നേഴ്സ് മാരുടെ ക്യാബിൻ  പക്ഷെ രാത്രിയിൽ ഒരാളെ പോലും അവിടെ കാണാറില്ലായിരുന്നു.

ആ ഹോസ്പിറ്റലിലെന്റെ നിർമാണം ഒരു പ്രത്യേക രീതിയിൽ ആയിരുന്നു .വൃത്താകൃതിയിൽ ഉള്ള ഒരു പ്രധാന കോറിഡോർ ,അതിലൂടെയാണ് മറ്റുള്ള ഭാഗങ്ങളിലേക്കു പോകുന്നത് .ഈ കോറിഡോറിനു പുറത്തായി വൃത്താകൃതിയിൽ ഉള്ള വലിയ മെയിൻ ബിൽഡിംഗ് .അതിലാണ് മറ്റുള്ള ഡിപ്പാർട്മെന്റ്സ് ,റൂമുകൾ  എല്ലാം .അതായത് ഒരു വൃത്തത്തിനുള്ളിൽ മറ്റൊരു വൃത്തം. അകത്തെ കോറിഡോറിൽ നിന്നും ഓരോ ഓരോ ഡിപ്പാർട്മെന്റിലേക്കും ഒരു ഓവർ ബിഡ്ജ്കൊണ്ട് ബന്ധിച്ചിരിക്കുന്നു .ഔട്ട് പേഷ്യന്റ് വിഭാഗങ്ങൾ മാത്രം മെയിൻ കോറിഡോറിൽ . ഒരു ഡിപ്പാർട്മെന്റിൽ നിന്നും പുറത്തേക്കു പോകണം എങ്കിൽ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗത്തുകൂടി മെയിൻ കോറിഡോറിൽ കടക്കണം .

കോറിഡോറിലൂടെ നടന്നാൽ  ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ എയർ കണ്ടിഷണർ ഉണ്ടായിരുന്നതിനാൽ അവിടെ പോയി ഇരുന്നു സമയം കളയുക ഞാൻ പതിവാക്കി. കാർഡിയോ ഡിപ്പാർട്മെന്റിലെ എസി രാത്രിയിലും ഓഫ് ചെയ്യാറില്ല എന്നതു രണ്ടു ദിവസത്തെ നിരീക്ഷണത്തിലൂടെ എനിക്ക് മനസ്സിലായി.
ഇതിനിടയിൽ ഹെഡ് നേഴ്സ് എന്റെ രാത്രി സഞ്ചാരം മനസ്സിലാക്കി എന്ന് തോന്നുന്നു ,അവർ എന്നോട് രാത്രി ഹോസ്പിറ്റലിൽ ഇറങ്ങി നടക്കരുതെന്നും അത് നല്ലതല്ല എന്നും ഉപദേശിക്കുകയുണ്ടായി ,ഇതേ തുടർന്ന് ഒന്ന് രണ്ടു ദിവസത്തേക്ക് ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി  എങ്കിലും ,ശരീരത്തിലെ ചൊറിച്ചിലും ,ചൂടും 
കാരണം മൂന്നാം ദിവസം രാത്രിഏകദേശം   ഒരു ഒരുമണി ആയിക്കാണും ഞാൻ റൂമിനു പുറത്തിറങ്ങി. പതിവുപോലെ നേഴ്സ് ക്യാബിൻ ശൂന്യം ആണ്. കോറിഡോറും ഡിപ്പാർട്മെന്റ് മൊത്തത്തിലും  നിശബ്ദത . ഞാൻ പതുക്കെ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗം കടന്ന് മെയിൻ കോറിഡോറിൽ എത്തി ,അവിടെ നിന്നും കുറച്ചു നടന്നാലേ കാർഡിയാക് ഒപി യിൽ എത്തൂ. മെയിൻ കോറിഡോറും നിശബ്ദവും വിജനവും ആണ് ,ഒരു മനുഷ്യൻ പോലും ഇല്ല,എന്തോ വല്ലാത്ത ഒരു ഭയം എന്നിൽ നിറഞ്ഞു.രണ്ടു ദിവസം മുൻപ് നേഴ്സ് പറഞ്ഞ കാര്യങ്ങൾ ഓർത്തുപോയി. ഹോസ്പിറ്റലിൽ  ഒരിക്കലും ഒറ്റയ്ക്ക് രാത്രിയിൽ നടക്കരുത് ,നേഴ്സ് മാർ പോലും രാത്രിയിൽ ഒറ്റയ്ക്ക് പോകാറില്ലത്രേ
തിരിച്ചു മുറിയിലേക്ക് പോകാം എന്ന് മനസ്സ് ശക്തം ആയി പറയുന്നു.തിരിച്ചു പോകാം എന്ന് തന്നെ തീരുമാനിച്ചു ,പക്ഷെ പെട്ടെന്ന് .....പെട്ടെന്നാണ് എന്റെ പുറകിൽ ആരോ ഉണ്ട് എന്ന തോന്നൽ എന്നിൽ ശക്തമായത്  , എല്ലാധൈര്യവും സംഭരിച് ഞാൻ തിരിഞ്ഞു നോക്കി .ഞാൻ വന്ന അതെ ഒങ്കോളജിഡിപ്പാർട്മെന്റിന്റെ ഓവർ ബ്രിഡ്ജിന്റെ ഭാഗത്തു ഒരാൾ നിൽക്കുന്നു .നീല നിറത്തിലുള്ള ഹോസ്പിറ്റൽ  പേഷ്യന്റ് ഡ്രസ്സ് ധരിച്ചിരിക്കുന്നതിനാൽ സ്ത്രീ ആണോ  പുരുഷനാണോ എന്ന് പെട്ടെന്ന്  മനസ്സിലാവുന്നില്ല.  കോറിഡോറിന്റെ രണ്ടു  ഭാഗത്തേക്കും മാറിമാറി നോക്കി കൊണ്ട് അൽപനേരം നിന്നതിനു ശേഷം ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് രൂപം പതുക്കെ  നടന്നു .ഇപ്പോൾ പാറിപ്പറക്കുന്ന മുടി വ്യക്തമായി കാണാം ,അതൊരു സ്ത്രീ ആണ് . എന്റെ നെഞ്ച് പട പട ഇടിക്കുവാൻ തുടങ്ങി .രാത്രി ഒരു മണി കഴിഞ്ഞ സമയത്തു കോറിഡോറിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് .... ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ആണ് സ്ത്രീ നടന്നു വരുന്നത് .ഞാൻ മെല്ലെ ഒപി  ഭാഗത്തെ ഭിത്തിയുടെ പുറകിലേക്ക് മാറി  മറഞ്ഞു നിന്നു .എനിക്ക് വ്യക്തം  ആയി കാണാമായിരുന്നു ,അതൊരു പെൺകുട്ടിയാണ് ,20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടി ,അവളുടെ ചെമ്പിച്ച മുടി പാറിപ്പറന്നു കിടന്നിരുന്നു .വെളുത്ത നിറം  .മെലിഞ്ഞ സുന്ദരിയായ ഒരു കുട്ടി .പക്ഷെ അവളുടെ വിളറിയ മുഖം നിർവ്വികാരം ആയിരുന്നു .
ഞാൻ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ അവൾ എന്നെ കണ്ടു കാണും എന്നെനിക്കു തീച്ചയുണ്ട് .ഒരു സെക്കന്റ് അവൾ അവിടെ നിന്നോ എന്ന് എനിക്ക് തോന്നി ,പക്ഷെ അവൾ ഒന്ന് നോക്കിയത് പോലും ഇല്ല .അതേ നിർവ്വികാരതയോടെ അവൾ എന്റെ മുൻപിലൂടെ കോറിഡോറിന്റെ മറു ഭാഗത്തേക്ക് നടന്നു പോയി . അവൾ കടന്ന് പോയപ്പോൾ കുന്തിരക്കത്തിന്റെയോ മറ്റോ  മണം അനുഭവപെട്ടപോലെ എനിക്ക് തോന്നി .അവൾ  നടന്നു മറഞ്ഞ ഉടനെ ഞാൻ റൂമിലേക്ക് വേഗത്തിൽ തിരിച്ചു നടന്നു . പേടി കൊണ്ട് എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു
ഒങ്കോളജി ഡിപ്പാർട്മെന്റിലേക്കു കടന്ന ഞാൻ കണ്ടത് പരിഭ്രമത്തോടെ ഓടുന്ന 
നേഴ്സ്മാരെയാണ് . അവിടെയുള്ള ഒരു റൂമിലേക്കാണ് എല്ലാവരും ഓടുന്നത് .പെട്ടെന്ന് റൂമിൽ നിന്നും ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ ഞാൻ കേട്ടു. "എന്റെ മോളെ നീ പോയോടീ ,കണ്ണ് തുറക്ക് മോളെ' എന്നൊക്കെ പറഞ്ഞു കരയുന്ന ഒരു സ്ത്രീ ശബ്ദം.
ഡ്യൂട്ടി ഡോക്ടറും നേഴ്സ്മാരും ഒക്കെ കയറി ഇറങ്ങുന്നതിനിടയിൽ തുറന്നു കിടന്നിരുന്ന റൂമിന്റെ ഉള്ളിലേക്ക് ഞാൻ നോക്കി .ബെഡിൽ കിടക്കുന്ന ഒരു പെൺകുട്ടി .അവളുടെ ദേഹത്തേക്ക് വീണ് അലമുറയിടുന്ന ഒരു സ്ത്രീ .  നേഴ്സ് ,അവളുടെ നിശ്ചലമായ മുഖത്തേക്ക് വെളുത്ത തുണി ഇടുന്നതിനു മുൻപ് ഒരു നിമിഷം ഞാൻ ആ മുഖം കണ്ടു . അതവളായിരുന്നു ....അല്പം മുൻപ് കോറിഡോറിൽ ഞാൻ കണ്ട പെൺകുട്ടി .കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നിയ ഞാൻ മെല്ലെ റൂമിലേക്ക് നടന്നു .പല റൂമുകളിലെയും ആളുകൾ പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു.തോമസ് ചേട്ടനും റൂമിനു പുറത്തുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞു " പാവം ബ്ലഡ് കാൻസർ ആയിരുന്നു .പതിനെട്ടു വയസ്സോ മറ്റോ ഉണ്ടായിരുന്നുള്ളൂ ".ഞാൻ പക്ഷെ ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.

അല്പം മുൻപ് ഞാൻ കോറിഡോറിൽ കണ്ട പെൺകുട്ടി ,എന്റെ മുൻപിലൂടെ നടന്നുമറഞ്ഞവൾ അതാരായിരുന്നു ??? ഇന്നും എനിക്ക്  ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് അത് .