Google+ Followers

Friday, 18 November 2011

ശ്രീ കൃഷ്ണന് എന്തേ നീല നിറം ?

                                      പുഷ്പന്‍ ചേട്ടന്‍ ഇന്നു ദുബൈ വിടുകയാണ്.വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര.പുഷ്പന്‍ ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ ജോലിക്കാരനല്ലേ ?....അതു പോലെ എത്ര പേര് വരുന്നു പോകുന്നു.പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാത്ത ഒരു വ്യക്തി ആണ് ചേട്ടന്‍ .അനുഭവങളുടെ ഒരു സാഗരം ആണ് പുഷ്പന്‍ ചേട്ടന്‍ .ഒരു നാട്ടുംപുറത്തുകാരന്‍ ,പതിനേഴാം വയസ്സില്‍ വീട്ടിലെ ദാരിദ്രം മൂലം വീട് വിട്ടിറങ്ങി ,ബോംബയില്‍ എത്തി ,പിന്നെ എങ്ങിനെയോ കടല്‍ കടന്നു . സൌദി,യു എ ഇ,എന്നുവേണ്ട  ചേട്ടന്‍ കറങ്ങാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല.

പുഷ്പന്‍ ചേട്ടന്‍റെ ഭാക്ഷയില്‍ പറഞ്ഞാല്‍ ,തൃശ്ശൂര്‍ ജില്ലയിലെ കോണോത്തു കുന്ന്‍ എന്ന ഗ്രാമത്തിലാണ് ഇഷ്ടന്‍റെ ഉത്ഭവം,3-4 ക്ലാസ് വരെ പഠിച്ചിട്ടുണ്ട്,പക്ഷേ പുഷ്പന്‍ ചേട്ടന്‍ പറയുന്നത് അന്നത്തെ നാലാം ക്ലാസ്  ഇന്നത്തെ MA യ്ക്കു തുല്യം ആണത്രെ! കമ്പനിയിലെ ഒഴിവു സമയങളില്‍ രസകരമായ ഓരോ അനുഭവ കഥകള്‍ ചേട്ടന്‍ പറയും.ഇതൊക്കെ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല,കാരണം പുഷ്പന്‍ ചേട്ടന്‍ പറയുമ്പോള്‍ സത്യം ഏത് ,നുണ ഏത് എന്നു നമുക്ക് അറിയാന്‍ കഴിയില്ല.പൊടിപ്പും തൊങ്ങലും വച്ച് പുഷ്പന്‍ ചേട്ടന്‍ പറഞ്ഞ കഥകളില്‍ ,ഇടയ്ക്ക് ഞാന്‍ ഓര്‍ത്ത് ചിരിക്കാറുള്ള ചില കഥകള്‍ ഇവിടെ പങ്കുവെയ്ക്കാം....ഇതിന്‍റെ ഒക്കെ സത്യാവസ്ഥ നിങ്ങള്‍ പുഷ്പന്‍ ചേട്ടനോട് തന്നെ ചോദിക്കണം.

 കഥ 1.  ശ്രീ കൃഷ്ണന് എന്തേ നീല നിറം ?
...................................................


പുഷ്പന്‍ ചേട്ടന്‍ സൌദിയില്‍ ജോലി ചെയ്തിരുന്ന കാലം ...(.20-25  വര്‍ഷം മുന്‍പായിരിക്കണം) അന്ന്‍ പുഷ്പന്‍ ചേട്ടനോടൊപ്പം സഹ മുറിയനായി പാലക്കാട്ടുകാരന്‍ ഒരു പിള്ള ഉണ്ടായിരുന്നു.ഭയങ്കര കൃഷ്ണ ഭക്തന്‍ ,വന്നിട്ട് അധികം നാളായിട്ടില്ല. മുറിയിലെ ചുവരില്‍ കൃഷ്ണന്‍റെ ഒരു ഫോട്ടോ വച്ച്, മാല ചാര്‍ത്തി, വിളക്ക് വെയ്ക്കല്‍,മണി അടിച്ച്പൂജ തുടങ്ങിയ കലാ പരിപാടികള്‍ പിള്ളക്കുണ്ട്.
അതേ മുറിയില്‍ ഉള്ള മലയാളികള്‍ ഒന്നും പറയാറില്ല, എന്നാല്‍ അടുത്ത മുറികളിലെ മിശ്രികള്‍ക്ക് (Egypt) മറ്റും ഇതത്ര ഇഷ്ടം ആയിരുന്നില്ല . കാരണം ശബ്ദ ശല്യം തന്നെ.

അങിനെ ഇരിക്കെ നൊയമ്പു കാലം ആയി ,ഉച്ച കഴിഞാല്‍ പണി ഇല്ല . നൊയമ്പു പിടിക്കുന്നവര്‍ ഉറങ്ങും ..നൊയമ്പു പിടിക്കാത്തവര്‍ എല്ലാവരും കൂടി സമയം കളയാന്‍ ചീട്ടുകളി തുടങ്ങി.(അന്ന് ടി‌വി ഒന്നും ഇല്ല)
മലയാളികള്‍ ചീട്ടുകളി തുടങിയാലുള്ള കാര്യം പറയണോ !ബഹളം കാരണം ഉറങ്ങുന്നവര്‍ക്ക്  ശല്യം മൂത്തപ്പോള്‍ ,ആരോ പോലീസില്‍ പറഞ്ഞു എന്നാണ് ,പുഷ്പന്‍ ചേട്ടന്‍ പറയുന്നത്,

ഏതായാലും ഒരു ദിവസം കളി തകര്‍ക്കുന്നതിനിടയില്‍ അറബി പോലീസ് മുറിയില്‍ എത്തി . 20 -25 വര്‍ഷം മുന്‍പുള്ള സൌദി പോലീസ് ആണ് എന്നു ഓര്‍ക്കണം . അറബിയും അല്പം ഉറുദുവും മാത്രം അറിയാം .  ചാര്‍ജ് കുറെ ഉണ്ട് ,പണം വെച്ചു ചീട്ടുകളി,ബഹളം വെയ്ക്കല്‍ അങ്ങിനെ അങ്ങിനെ....ചോദ്യം ചെയ്യല്‍ പൊടിപൊടിക്കുകയാന്ന്,കുറച്ചു ,കുറച്ചു അറബി സംസാരിക്കുന്ന പുഷ്പന്‍ ചേട്ടനും ജോസെഫും ആണ് ഉത്തരം പറയുന്നത്.ബാക്കിഉള്ളവര്‍ പേടിച്ച് നില്‍ക്കുകയാണ് ,പണി പോയത് തന്നെ ...

അതിനിടയില്‍ ഒരു പോലീസുകാരന്‍ പിള്ളയുടെ ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കണ്ടു ,അതു  നോക്കിയിട്ട് അയാളുടെ ചോദ്യം "ഇതാരുടെ ഫോട്ടോ?' പുഷ്പന്‍ചേട്ടന്‍റെ ബുദ്ധി ഉണര്‍ന്നു ,ഇതു കൃഷ്ണന്‍ ആണെന്ന് പറഞ്ഞാല്‍ ,അതാരാ എന്നു ഇവര് ചോദിക്കും ,പിന്നെ അതു ദൈവം ആണെന്ന് പറഞ്ഞാല്‍ ചിലപ്പോ അത് അടുത്ത കുറ്റം ആകും.ദൈവങ്ങളുടെ ഫോട്ടോ വച്ചു പൂജിക്കാന്‍ പാടില്ല എന്നാണല്ലോ,ഇസ്ലാം നിയമം,മാത്രമല്ല പിള്ളയുടെ പൂജ യുടെ ശല്യം കാരണം മിശ്രികളോ മറ്റോ  പരാതി കൊടുത്തിട്ടുണ്ടോ എന്നും അറിയില്ലല്ലോ?

             പോലീസുകാരനോടു  പുഷ്പന്‍ ചേട്ടന്‍റെ മറുപടി പെട്ടെന്നായിരുന്നു .പിള്ളയെ ചൂണ്ടി ,പുഷ്പന്‍ ചേട്ടന്‍ പറഞ്ഞു."അത് ഇയാളുടെ അച്ഛന്റെ ഫോട്ടോ ആണ് സര്‍ "

പോലീസുകാര്‍ പിള്ളയെയും ശ്രീ കൃഷ്ണന്‍റെ ഫോടോയും മാറി മാറി നോക്കി.അവരുടെ മുഖത്ത് ഒരു അതിശയ ഭാവം ! 'നിന്‍റെ അച്ഛനെന്താ നീല നിറം ?അടുത്ത ചോദ്യം .ആ ചോദ്യം പുഷ്പന്‍ ചേട്ടന്‍ പ്രതീഷിച്ചില്ല ,"ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ എന്താ കാരണം ?"ഇന്നായിരുന്നെങ്കില്‍ "കാളിന്ദിയില്‍ കുളിച്ചത് കൊണ്ട് "എന്നെങ്കിലും പറയമായിരുന്നുഎന്നു പുഷ്പന്‍ ചേട്ടന്‍ .ശ്രീ പരമ ശിവന് നീല നിറം വന്നത് കാളകൂട വിഷം കുടിച്ചത് കൊണ്ട് എന്ന് പുഷ്പന്‍ ചേട്ടന് അറിയാം ,പക്ഷെ ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ കാരണം എന്ത്? തന്‍റെ ഇഷ്ട ദൈവത്തിനോട് ആദ്യമായും അവസാനം ആയും അല്പം നീരസം തോന്നിയ ഒരേ ഒരു സന്ദര്‍ഭം അതായിരുന്നത്രെ."

ജനിച്ചപ്പോളേ ആ നിറം ആയിരുന്നു സര്‍ ",ഏതായാലും പുഷ്പന്‍ ചേട്ടന്‍ ആലോചിക്കുന്ന സമയത്ത് ജോസെഫ്  ഉത്തരം നല്‍കികഴിഞ്ഞു..
പക്ഷേ അതിലും വലുത് വരാന്‍ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. "ഇയാളുടെ തലയില്‍എന്താ വച്ചിരിക്കുന്നത്?"  അടുത്ത ചോദ്യം. " ഇതു സ്വര്‍ണ്ം ആണോ?" മറ്റൊരു പോലീസുകാരെന്‍റെ ചോദ്യം.
അത് കിരീടം ആണെന്നും ,സ്വര്‍ണം തന്നെ എന്നും മറുപടി പറഞ്ഞപ്പോള്‍ അതാവരുന്നു ഒരു പ്രധാന ചോദ്യം. സ്വര്‍ണത്തിന്‍റെ കിരീടം തലയില്‍ വെയ്ക്കാന്‍ ഇയാള്‍ രാജാവാണോ? ഇന്ത്യ രാജാക്കന്‍മാരുടെ നാടാണ് എന്നോ മറ്റോ അറബി പോലീസുകാര്‍ കേട്ടിട്ടുണ്ടാവും.

ഏതായാലും അവസാനം നമ്മുടെ   പിള്ള ഒരു രാജാവിന്‍റെ മകന്‍ ആണെന്നും ,ശ്രീ കൃഷ്ണഭഗവാന്‍  പിള്ളയുടെ അച്ഛന്‍ രാജാവാണെന്നും , പുഷ്പന്‍ ചേട്ടനും ജോസെഫും കൂടി പറഞ്ഞോപ്പിച്ചു.
രാജാവിന്‍റെ മകന്‍ ആണെങ്കിലും,എല്ലാവരെയും പോലീസ് സ്റ്റേഷന്‍നില്‍ കൊണ്ട് പോവുക തന്നെ ചെയ്തു . കൂട്ടത്തില്‍ ഒരു പോലീസുകാരന്‍ ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കൂടി എടുത്തു .പക്ഷെ പിള്ളയോട് എല്ലാവര്‍ക്കും ബഹുമാനം.കാര്യം എന്തായാലും ഒരു രാജകുമാരന്‍ അല്ലെ!!.(രാജാവും രാജകുമാരന്‍മാരും സൌദി പോലീസിനും പരിചിതമാണല്ലോ). പോലീസ് വാനില്‍  സീറ്റില്‍ ഇരിക്കാന്‍ പറ്റിയത് രാജാവിന്‍റെ മകനായ പിള്ളക്ക് മാത്രം.പാവം പിള്ളക്കുണ്ടോ താന്‍ രാജകുമാരന്‍ ആയ വിവരം വല്ലതും  അറിയുന്നു.

പോലീസ് സ്റ്റേഷനിലും പിള്ളക്ക് ബഹുമാനം .കസേര കിട്ടി .സഹ പ്രവര്‍ത്തകര്‍ക്ക് ,പോലീസുകാര്‍ കാര്യം വിശദീകരിച്ചു കൊടുത്തു .ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കാണാനും പിള്ളയെ കാണാനും ഓരോരുത്തരായി എത്തി.ശ്രീ കൃഷ്ണന്‍റെ നിറം,സ്വര്‍ണത്തിന്‍റെ കിരീടം ഒക്കെ ചര്‍ച്ചയായി. പക്ഷെ ഒരു പോലീസുകാരന്‍ പുഷ്പന്‍  ചേട്ടന്റ്റെ അടുതെത്തി പതുക്കെ മലയാളത്തില്‍ ചോദിച്ചു "എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണെടോ ഇത്? "  കൊണ്ടോട്ടിക്കാരന്‍ മൂസ്സ എന്ന ആ മലയാളി പോലീസുകാരനെ (അന്ന് മലയാളികള്‍ പോലീസില്‍  ജോലി ചെയ്യുന്നുണ്ടത്രേ) സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍  തന്നെ അയച്ചതാണെന്നാണ്  പുഷ്പന്‍ചേട്ടന്‍ പറയുന്നത്.ഏതായാലും മൂസയുടെ സഹായത്തോടെ പരുക്കൊന്നും പറ്റാതെ രാജാവിന്‍റെ മകനും കൂട്ടുകാരും സ്റ്റേഷന്‍നില്‍ നിന്നും  ഇറങ്ങി.

കഥ തീരുന്നില്ല രണ്ടു ദിവസത്തിന് ശേഷം ,പുഷ്പന്‍ ചേട്ടന്‍റെ മുറിയുടെ കതകില്‍ ആരോ മുട്ടുന്നു ... വാതില്‍ തുറന്നപ്പോള്‍ രണ്ടു ദിവസം മുന്‍പ് വന്ന രണ്ടു പോലീസുകാര്‍ പുറത്ത്. എല്ലാവരും ഞെട്ടി ..ഇനി എന്തിനാണാവോ പോലീസ് വന്നിരിക്കുന്നത്? .......

നിങള്‍ക്കു പറയാമോ?......ശ്രമിച്ചു നോക്കൂ.....

(പുഷ്പന്‍ ചേട്ടന്‍റെ കഥകള്‍ തുടരും....)


Friday, 11 November 2011

അലവി കുട്ടിയുടെ ഹജ്ജിന്‍റെ പുണ്യം ആര്‍ക്ക് കിട്ടും ?


 " ആദാമിന്‍റെ മകന്‍ അബു " എന്ന ,മലയാളികള്‍ക്കു അഭിമാനം ആയ,ഓസ്ക്കാര്‍ നോമിനിയായ  ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ സംശയം മനസ്സില്‍ തോന്നി.

ചിത്രത്തില്‍ ഹജ്ജിന് പോകുവാനുള്ള പണം തികയാത്തതിനാല്‍ ആ വര്‍ഷം പോകേണ്ട എന്നു സലീം കുമാര്‍ അവതരിപ്പിക്കുന്ന അബു തീരുമാനിക്കുന്നു. ഈ വാര്‍ത്ത കേട്ട് നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം 50,000 രൂപയും ആയി അബുവിന്റെ വീട്ടില്‍ വരുന്നു. എന്നാല്‍ അബു ആ പണം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. കാരണം ആയി അബു പറയുന്നത് ഹജ്ജിന്‍റെ നിയമം അതിനു അനുവദിക്കുന്നില്ല എന്നതാണ്.

അന്യരുടെ പണം കൊണ്ട് ഹജ്ജ് ചെയ്യാന്‍ നിയമം ഇല്ല എന്നും, അങ്ങിനെ എങ്കില്‍ തന്നെ സ്വന്തം മകനോ അടുത്ത ബന്ധുക്കളോ നല്‍കുന്ന പണം മാത്രമേ സ്വീകരിക്കാവൂ എന്നും അബു പറയുന്നു.' മാഷെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ പണം വാങ്ങിയെനെ പക്ഷെ നിയമം അനുവദിക്കുന്നില്ലല്ലോ  മാഷേ'....എന്നും അബു പരിതപിക്കുന്നു.
അതു പോലെ തന്നെ മറ്റൊരു രംഗത്ത് മുകേഷ് അവതരിപ്പിക്കുന്ന ട്രാവെല്‍ ഏജെന്‍റ്  അബുവിനെയും ഭാര്യയും  പണം ഇല്ലാതെ തന്നെ കൊണ്ട് പോകാം എന്നു പറയുമ്പോളും അബു നിരസ്സിക്കുന്നുണ്ട്. തന്‍റെ മരിച്ചു പോയ ബാപ്പയുടെയും ഉമ്മയുടെയും സ്ഥാനത്ത് അവരെ കാണുന്നു എന്നും ,തന്‍റെ ബാപ്പയെ ഹജ്ജിനു അയക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നും ,ആ സ്ഥാനത്ത് അബുവും ഭാര്യയും പോകണം എന്നും പറയുമ്പോള്‍ അബുവിന്റെ മറുപടി, അങ്ങിനെ പോയാല്‍ അതിന്റെ പുണ്യം തനിക്ക് അല്ല, മരിച്ചു പോയ മുകേഷിന്‍റെ ബാപ്പക്കും ഉമ്മയ്ക്കും ആവും കിട്ടുക എന്നും ആണ്.

 ഇതു സത്യത്തില്‍ കഥയ്ക്കു പിരിമുറുക്കം കിട്ടാന്‍ വേണ്ടി സംവിധായകന്‍ സലീം അഹമദ് സൃഷ്ടിച്ചതോ  അതോ ശരിക്കും ഉള്ളതോ ?

കാരണം  ഈ ചിത്രത്തിലെ അഭിനയത്തിനു' ഭരത് ' അവാര്‍ഡ് കിട്ടിയതിന് ശേഷം സലീം കുമാര്‍ , അലവി കുട്ടി എന്ന വ്യക്തിയെ സ്വന്തം ചിലവില്‍ ഹജ്ജിനു അയക്കുകയുണ്ടായി .ഹജ്ജിന്‍റെ നിയമത്തില്‍ സ്വന്തം ആയി പോകാന്‍ കഴിയാത്തവര്‍ക്ക് വേറെ ഒരു വ്യക്തിയെ അയക്കാന്‍ സാധിക്കുമോ ? അങ്ങിനെ എങ്കില്‍ ആ ഹജ്ജിന്‍റെ പുണ്യം ആര്‍ക്ക് കിട്ടും ? അല്ലാഹുവില്‍ മാത്രം മനസര്‍പ്പിച്ച് കാതങ്ങള്‍ താണ്ടി എല്ലാ ത്യാഗങ്ങളും അനുഷ്ഠിച്ച് ഹജ്ജ് കര്‍മ്മം ചെയ്യുന്ന ആ വ്യക്തിക്കോ ?          അതോ കാശു മാത്രം മുടക്കിയ രണ്ടാമനോ ?

എന്തായാലും ഇത്ര നല്ല ഒരു ചിത്രം ഒരുക്കിയതിന് ...  ആ പുണ്യം ,പരമ കാരുണ്യവാന്‍   സലീം കുമാറിന്നും, സംവിധായകന്‍ സലീം അഹമദ് നും , അലവിക്കുട്ടി ക്കും,  ഒരു പോലെ ചൊരിയട്ടെ.!!!                               സര്‍വ ലോകത്തിനും അധിപനായ ദൈവത്തിന്‍റെ വഴികള്‍ മനുഷ്യനുണ്ടോ അറിയുന്നു !!!                                                       

അലവിക്കുട്ടിയുടെ പുണ്യം ഇനി ഓസ്കാറും കൊണ്ടുവരട്ടെ  എന്നു മാത്രം നമുക്ക് പ്രാര്‍ഥിക്കാം.............