Wednesday 4 July 2012

ടെഡി ബിയര്‍







കഴിഞ്ഞ ദിവസം അജ്മാന്‍ ലുലുഷോപ്പിങ് സെന്‍ററില്‍ പോകാന്‍ ഇടയായി....ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു  സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന്‍ അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ...ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന്‍ വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല ..അതിന്റെ വില 65 ദിര്‍ഹം ..അയാളുടെ കയ്യില്‍ പൈസ തികയുന്നില്ലായിരുന്നു എന്നു തോന്നി ...ഭാര്യയോട് അയാള്‍ എന്തോ പറഞ്ഞു .ആ സ്ത്രീ കുട്ടിയോട് ഹിന്ദിയില്‍ പറഞ്ഞു "മോനേ ഇത് നമുക്ക് പിന്നെ വാങ്ങാം ...അവിടെ വെക്കൂ ...അവന്‍ സമമതിക്കുന്നില്ലായിരുന്നു ..പാപ്പയുടെ കയ്യില്‍ പൈസ തികയില്ല മോനേ പിന്നെ വാങ്ങാം ...അമ്മ വീണ്ടും പറഞ്ഞു. അവന് വിശ്വസം വന്നില്ല "പപ്പ പൈസ ഇല്ലേ? ,അവന്‍ പപ്പയോട് ചോദിച്ചു.' ഇല്ല മോനേ'. 'എവിടെ നോക്കട്ടെ' അവന്‍ വാലെറ്റ് വാങ്ങി നോക്കി ..അവന്റെ കണ്ണുകളില്‍ നിരാശ ...മുഖത്തു  സങ്കടം ..കണ്ണുകള്‍ നിറഞ്ഞു വന്നു ..ഒന്നും മിണ്ടാതെ അവന്‍ ടെഡി ബിയര്‍ , ബില്‍ അടിക്കുന്ന കൌണ്ടറില്‍ വച്ചു ..പിന്നെ ഒരു വട്ടം കൂടി ആ ടെഡി ബിയറിനെ ഒന്നു നോക്കിയിട്ട് പതുക്കെ കൌണ്ടറിന്  പുറത്തേക്ക് ഇറങ്ങി നിന്നു , ദൂരേക്ക് എവിടെയോ  നോക്കികൊണ്ട്.....

ശരിക്കും അയാളോട് എനിക്ക് ദേഷ്യം തോന്നി ..ആ വാലെറ്റ്ല്‍ ക്രഡിറ്റ് കാര്‍ഡു കാണും വേണമെങ്കില്‍ അയാള്‍ക്ക് അത് വാങ്ങി കൊടുക്കാം 65 ദിര്‍ഹം ഇല്ലാതെ വരില്ല...മനപൂര്‍വം കള്ളം പറഞ്ഞതാ ...


പക്ഷേ പിന്നെ ഞാന്‍ ഒരു കാഴ്ച കണ്ടു ..ആ അച്ഛനും അമ്മയും കൂടി ട്രോളിയില്‍ നിന്നും  കുറെ സാധങ്ങള്‍ തിരഞ്ഞു മാറ്റുന്നു .....ആ സാധങ്ങള്‍ ഇപ്പോ വേണ്ട എന്നു പറങ്ങിട്ടവര്‍ ടെഡി ബിയറിന്‍റെ ബില്‍ അടിക്കാന്‍ പറയുന്നു.എന്തോ ഒരു സന്തോഷത്തോടെ ആ സെയില്‍സ്മാന്‍ ബില്‍ അടിക്കുന്നു .കാത്തു നില്‍ക്കുന്നതില്‍ ഒരു അസഹിഷ്ണതയും കാണിക്കാതെ ഞാനും എനിക്ക് പിന്നിലുള്ളവരും നിര്‍നിമേക്ഷരായി ക്യൂ നില്ക്കുന്നു .


അവസാനം കാത്തു നിര്‍ത്തിയതില്‍ സോറി പറയുമ്പോള്‍ അയാള്‍ പതുക്കെ എന്നോടു പറഞ്ഞു "ദോ മഹിനെസേ സാലറി നഹി മിലാ ബായി " ( രണ്ടു മാസമായി സാലറി കിട്ടിയിട്ടില്ല ) ,അത് പറയുമ്പോള്‍ ആ മനുഷ്യന്‍റെ കണ്ണില്‍ കണ്ണീരിന്‍റെ തിളക്കം ഞാന്‍ കണ്ടു .പിന്നെ അവര്‍ പുറത്തു കടക്കുന്നു ...എവിടെയോ നോക്കികൊണ്ട് തിരിഞ്ഞു നില്‍ക്കുന്ന അവന്റെ കയ്യില്‍ ആ ടെഡി ബിയര്‍ കൊടുക്കുന്നു പിന്നെയുള്ള അവന്റെ സന്തോഷം എനിക്ക് ശരിക്കും കാണാന്‍ പറ്റിയില്ല ,കാരണം നിറഞ്ഞു വന്ന കണ്ണുനീര്‍ എന്റെ കാഴ്ചയും  മറച്ചിരുന്നു.

Thursday 24 May 2012

ഒരു 'കക്ക' പ്രണയ കഥ



ഇഷ്ടമായിരുന്നു ഒരുപാട്..... പക്ഷേ ഒരിയ്ക്കലും തുറന്നു പറഞ്ഞിട്ടില്ല....സംസാരിച്ചിട്ടു കൂടിയില്ല .എങ്കിലും മനസ്സില്‍ അവളുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ  ..അവള്‍ക്കും അങ്ങിനെ എന്ന് കരുതി .വിവാഹം ,ഭാര്യ എന്നൊക്കെയുള്ള  സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ ഉറവ എടുക്കുമ്പോള്‍  മനസ്സില്‍ തെളിഞ്ഞ ഒരേ ഒരു  മുഖം അവ്ളുടെയായിരുന്നു ....ഞങ്ങളുടെ വീട്ടുകാര്‍ക്കും  ഇഷ്ടമായിരുന്നു ആ ബന്ധം  ....വീടുപണി തീരട്ടെ എന്ന കാത്തിരുപ്പ് ...അത്രയേ അകലം ഉണ്ടായിരുന്നുള്ളൂ അവള്‍ എന്‍റെ സ്വന്തം ആകാന്‍ .

കക്കയിറച്ചി ഒരു പാട് ഇഷ്ടം ആയിരുന്നു അവള്‍ക്ക്....വീടിനടുത്തുള്ള പുഴയിലൂടെ ചെറു വഞ്ചിയില്‍  'ടക്ടക്' എന്നു കൊട്ടി ശബ്ദം ഉണ്ടാക്കി  കക്ക വരുമ്പോള്‍ കലവും ആയി ഓടുന്ന അവളെ ഒട്ടു കൌതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് ...കല്യാണം കഴിഞ്ഞാല്‍ ദിവസവും അവള്‍ക്ക് കക്ക എറച്ചി വാങ്ങി കൊടുക്കണം എന്നു മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ടായിരുന്നു .

ഒടുവില്‍ ആ കക്ക  തന്നെ എന്‍റെ സ്വപനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി .കാറ്റും മഴയും താണ്ഡവമാടിയ ഒരു കര്‍ക്കിടക മാസം  ,പുഴ കുത്തി ഒഴുകുകകയായിരുന്നു ...സന്ധ്യ ആയപ്പോഴേക്കും അവളെ കാണാനില്ല എന്ന വാര്‍ത്ത ഗ്രാമത്തില്‍ പരന്നു.വൈകുന്നേരം പുഴക്കരയില്‍ അവസാനം അവളെ കണ്ടവരുണ്ട്..പിന്നെ ആരും കണ്ടിട്ടില്ല .കുത്തി ഒഴുകുന്ന പുഴക്കരയില്‍  ഒരു ഗ്രാമം മുഴുവന്‍  വിറങ്ങലിച്ചു നിന്നു .ആരും കാണാതെ വാവിട്ടു കരയാന്‍ ഒരു സ്ഥലം തേടി ഞാന്‍ നടക്കുമ്പോള്‍ ,അവളുടെ അമ്മ കയ്യില്‍ ഒരു കടലാസ്സും ആയി വീട്ടിലേക്ക് കയറി വന്നു .വിങ്ങി പൊട്ടി കൊണ്ടവര്‍ എന്‍റെ നേരെ നീട്ടിയ ആ ചീന്തിയ പുസ്തക താളിലെ അക്ഷരങ്ങളിലൂടെ ഞാന്‍ കണ്ണോടിച്ചു .."പ്രിയപ്പെട്ട അമ്മയും അച്ഛനും അറിയാന്‍ ,ഞാന്‍ പോവുകയാന്ന് എന്നെ തിരയേണ്ട...ഞാന്‍ ഉത്തമന്‍ ചേട്ടനോടൊപ്പം പോവുന്നു ,ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്ന്  മിനി "

എന്‍റെ സ്വപ്നങ്ങള്‍ കരിയുന്ന മണം, 'കക്ക ചീയുന്ന നാറ്റം പോലെ ' എന്‍റെ നാസാരന്ദ്രങ്ങളില്‍ അടിച്ചു കേറി ,ഒപ്പം കുത്തി  ഒഴുകുന്ന പുഴയിലൂടെ നീങ്ങുന്ന ഒരു ചെറു തോണിയില്‍ "കക്കകാരന്‍  ഉത്തമന്‍റെ" നെഞ്ചില്‍ ചേര്‍ന്നിരിക്കുന്ന അവളുടെ ദൃശ്യം ഏതോ സിനിമയിലെ സ്വപ്ന രംഗം പോലെ മനസ്സില്‍ തെളിഞ്ഞു ,ആ തോണിയില്‍ അവര്‍ക്ക് ചുറ്റും നിറയെ ' പച്ചയും ചുമപ്പും മഞ്ഞയും നിറമുള്ള  കക്കകള്‍ ' ..........


വാല്‍ കഷണം : അതിനിടയില്‍ പുറത്താരോ പറഞ്ഞ ഒരു കമെന്‍റ് ഞാന്‍ കേട്ടു " ഇതിനാണോ കക്കയും കൊണ്ടുവന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറയുന്നത്?" . അപ്പോ മുതല്‍ എനിക്കൊരു സംശയം  അങ്ങിനെയും ഒരു പഴംചൊല്ലുണ്ടോ? .....ഉണ്ടോ സുഹൃത്തേ ?



Sunday 22 April 2012

ഒരു പെണ്ണ് കാണൽ കഥ




ഥ എന്നൊരു ഭംഗിക്ക് പറഞ്ഞതാ ..സത്യത്തില്‍ നടന്ന സംഭവം തന്നെ.നിയമ പഠനം ഒക്കെ കഴിഞ്ഞ് കോടതിയും ചില്ലറ ബിസിനെസും ഒക്കെ ആയി നടക്കുന്ന  കാലം..കസിന്‍സ് ഒക്കെ പെണ്ണ് കെട്ടാന്‍ നടക്കുന്ന സമയമായതിനാല്‍ മിക്കവാറും അവധി ദിവസങ്ങളില്‍ പെണ്ണുകാണല്‍ എന്ന പരിപാടി ഉണ്ടാകും.വല്ലവരുടെയും പെണ്ണ് കാണലിന് കൂട്ട് പോകുന്നത് ഒരു രസമുള്ള പരിപാടി ആണ്.കാറില്‍ ഇരുന്നു പെണ്ണ് വീട്ടില്‍ എത്തുക ,ലഡു ,ജിലേബി,കായ് വറുത്തത്,ഉണ്ണിയപ്പം,മിക്സ്ചര്‍ ഇത്യാദി ബേക്കറി സാധനങ്ങള്‍ തിന്നുകയും പെണ്ണോ ,അമ്മയോ കൊണ്ടുവരുന്ന ചായ കുടിക്കുകയും ചെയ്യുക.പെണ്ണിന്റ്റെ അനിയത്തിയോ,കൂട്ടുകാരിയോ ഉണ്ടെങ്ങില്‍ അവരെ നോക്കി വെക്കുക ,തിരിച്ചു വരുന്നവഴി ഏതെങ്കിലുംബാറില്‍ നിന്നും ചില്ലിചിക്കനും പൊറോട്ടയും ഒത്താല്‍ ഒരു ബിയറും .ആനന്ദ ലബ്ധിക്കിനി എന്തു വേണം!

ശങ്കരന്‍കുട്ടി ചേട്ടന്‍  എന്ന കുടുംബ ദല്ലാളായിരുന്നു എല്ലാത്തിന്റെയും സൂത്രധാരന്‍  . അങ്ങിനെ ഓരോരുത്തരായി  കരപറ്റി.പക്ഷേ ഒരു വലിയച്ഛന്‍റെ മകന് മാത്രം ഒന്നും അങ്ങോട്ട് ഒത്തു വരുന്നില്ല .ഒരു പേരിനു വേണ്ടി ആളെ നമുക്ക് ശശി എന്നു വിളിക്കാം.ഡയിങ് ഹര്‍നെസ്സ് ആയി  പി‌ജെ ജോസെഫ്ന്‍റെ വകുപ്പില്‍ ജോലി ഉണ്ട്.നിറവും പൊക്കവും അല്പം  കുറവെങ്കിലും ,വണ്ണം ഒട്ടും കുറവില്ല.നല്ല രോമവളര്‍ച്ചയും ഉള്ള ശരീരം.എന്നിട്ടും ഒന്നും അങ്ങോട്ട് ശരി ആകുന്നില്ല.ഒടുവില്‍ കൊടുങ്ങല്ലൂരിലെ പോളകുളം ബാറില്‍ വെച്ചു ശങ്കരങ്കുട്ടി ചേട്ടന്‍  ഒരു ആറു മാസ പദ്ധതി പ്രഖ്യാപനം നടത്തി.അന്നേക്കു ആറു മാസത്തിനുള്ളില്‍ കല്യാണം നടത്തിയിരിക്കും  എന്നാണ് പുള്ളി ഗുരുകാരണവന്‍മാരെയും , പോളകുളം നാരായണന്‍ ചേട്ടനെയും  (ബാര്‍ ഉടമ) പിടിച്ച് സത്യം ചെയ്തത് .ജീവന്‍ പോയാലും അവസാനം വരെ ചേട്ടനൊപ്പം നില്ക്കും എന്നു ഞങ്ങളും സത്യം ചെയ്തു.

പിന്നെ അങ്ങോട്ട് തന്ത്രങ്ങള്‍ മാറ്റി പരീഷിക്കാന്‍ തീരുമാനിച്ചു. വാടാനപ്പിള്ളി അനുഗ്രഹ  ,തൃപ്രയാര്‍ ശരത് ,കൊടുങ്ങലൂര്‍ ജ്യോതി ( തെറ്റിദ്ധരിക്കേണ്ട എല്ലാം കല്യാണ ബ്യൂറോകളാണ്) തുടങ്ങിയ സ്ഥലത്തെ പ്രധാന ബ്യൂറോയിലൊക്കെ രജിസ്റ്റര്‍ ചെയ്തു   .അവിടെ ഒക്കെ പോയി നല്ല പ്രൊഫൈല്‍സ് നോക്കി പ്രിന്‍റ് എടുക്കുക .(ഫോട്ടോ ഉണ്ടെങ്ങില്‍ മുന്‍ഗണന ) പിന്നെ വിളിച്ച് സംസാരിക്കുക ,ഒത്താല്‍ പിറ്റേ ഞായര്‍ ആഴ്ച്ച പെണ്ണ് കാണല്‍ . വടക്കോട്ടുള്ള റൂട്ട് പിടിക്കുന്നതിനാല്‍ ഒരു ദിവസം 2-3 ഒക്കെ ഒറ്റ ട്രിപ്പില്‍ നടക്കും.ബേക്കറി പലഹാരം തിന്നു തിന്നു, കാണുമ്പോള്‍ തന്നെ  ഏതു ബേക്കറി എന്നു പറയാവുന്ന അവസ്ഥയില്‍ ആയി.എന്നിട്ടും പെണ്ണ് ഒക്കുന്നില്ല .നമുക്ക്  ഇഷ്ടംആവാത്തതല്ല പെണ്ണിന് പിടിക്കുന്നില്ല.

വെറുതെ ഇങ്ങിനെ പോയിട്ടു കാര്യം ഇല്ല എന്നു തോന്നി,ഇപ്പൊ പെണ്‍പിള്ളേരൊക്കെ ഗ്ലാമര്‍ നോക്കുന്നവര്‍ ആയി പോയി. എര്‍ണാകുളത്ത്  "ഓലെ" എന്ന ഒരു ജെന്‍റ്സ് ബ്യൂട്ടിപാര്‍ലര്‍ തുറന്നതായി അറിഞ്ഞു ,സിനിമ നടന്‍മാരൊക്കെ വരുന്ന സ്ഥലം ...അകത്തു കേറി തിരിച്ചിറങ്ങിയാല്‍ പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല,  സോറി തിരിച്ചറിയില്ല എന്നാണ് പറയുന്നതു.എന്നാല്‍ പോവുക തന്നെ ,പക്ഷേ ആ  ബ്യൂടി പാര്‍ലര്‍  ഉടമ ബ്ലീച്ചും ,ഫേഷ്യലും ഒക്കെ ചെയ്ത ശേഷം കുറെ  പെണ്ണുകാണല്‍ ടിപ്സ്  തന്ന കൂട്ടത്തില്‍ പറഞ്ഞു.പെണ്ണ് കാണാന്‍ പോകുമ്പോള്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ കൂടെ കൂട്ടരുത്.,നമ്മെക്കാള്‍ നിറവും ഭംഗിയും കുറഞവരെ കൂടെ കൊണ്ടുപോകണം ,എന്നാലേ അയാളുടെ
ട്രീറ്റ്മെന്‍റ്  ഒക്കെ ഫലിക്കൂ പോലും !! . ഒരു കസ്റ്റമറെ പിടിച്ചുകൊടുത്ത എന്‍റെ കഞ്ഞിയില്‍ അയാള്‍ പാറ്റ ഇടും എന്നു തോന്നിയപോള്‍ , അറിയാതെ ഞാന്‍ ഒന്നു പ്രതികരിചതു കുഴപ്പം ആയിപോയി . "വീട്ടുകാരെയും,കൂട്ടുകാരെയും അല്ലാതെ പിന്നെ പെണ്ണ്കാണാന്‍ കൂട്ടുപോകാന്‍ ഇനി ആഫ്രിക്കയില്‍ നിന്നും നീഗ്രോകളെ കൊണ്ടുവരാന്‍ പറ്റുമോ ?"        എന്നായിരുന്നു നിഷ്കളങ്കം ആയി  ഞാന്‍ പറഞ്ഞുപോയത്  .

'അപ്പോ ഇതാണ് നിന്റെ മനസ്സിലിരുപ്പ് അല്ലേ' എന്ന മട്ടില്‍എന്നെ ഒന്നു ഇരുത്തി നോക്കിയ ശശി  അടുത്ത ആഴ്ച്ചയിലെ പരിപാടിക്ക് എന്‍റെ പേര് വെട്ടി ,പകരം കല്യാണം ഒക്കെ കഴിഞ്ഞ വേറെ ഒരു ചേട്ടനെ കൂടെ കൊണ്ട് പോയി.പക്ഷേ കൂട്ടത്തില്‍ ഒരു വക്കീല്‍ ഉള്ളത് ഒരു വെയിറ്റ് ആണെന്ന ശങ്കരന്‍ കുട്ടി ചേട്ടന്‍റെ അഭിപ്രായം മാനിച്ച് അവസാനം എല്ലാം കോമ്പ്ലീമെന്‍റ്  (കോംപ്രമൈസ് എന്നും പറയാം) ആക്കി.  അതനുസരിച്ച് വീണ്ടും പരിപാടി തുടര്‍ന്നു.
.
SSLC എന്ന കടമ്പ കടക്കാന്‍ ഒരു കാലത്ത് പാരല്‍ കോളേജുകള്‍ മാറിമാറി പരീക്ഷിച്ച  ഇദ്ദേഹം പക്ഷെ കാണാന്‍ പോകുന്ന കുട്ടികള്‍ ഒക്കെ ഡിഗ്രീയും അതിനും മേലെയും പഠിച്ചവരായിരുന്നു.ഒടുവില്‍ ശങ്കരന്‍ കുട്ടി ചേട്ടന്‍ പറഞ്ഞു നമ്മുടെ പഠിപ്പോന്നു കൂട്ടി പറയാം സര്‍ക്കാര്‍ ജോലി ഉള്ളതല്ലേ ആരും അറിയില്ല .അതു വേണോ ? എന്നു ഞങ്ങള്‍ ചോദിച്ചു ,'ഒരു കുഴപ്പവും ഇല്ലെന്നെ, ഈ പഠിപ്പെന്തിനാ ? ജോലി കിട്ടാന്‍ ,അപ്പോ ജോലിയാണ് പ്രധാനം അപ്പോ ഇത്തിരി കൂട്ടി പറഞ്ഞാലും കുഴപ്പം ഇല്ല'എന്നിട്ട് ശങ്കരങ്കുട്ടി ചേട്ടന്‍ ഡെയറി തുറന്ന്‍ ഒരു ഫോട്ടോ കാണിച്ചു .തരകേടില്ലാത്ത ഒരു കുട്ടി ,എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.വേറെ കാര്യങ്ങള്‍ ഒന്നും ചേട്ടന്‍ പറഞ്ഞും ഇല്ല.

അടുത്തആഴ്ച്ച പെണ്ണ് കാണല്‍. തൃശൂര്‍ ജില്ലയിലെ    മാപ്രാണത്തുനിന്നും ഏതോ വഴി തിരിഞ്ഞു അവസാനം പെണ്ണിന്‍റെ വീടിനടുത്തെത്തി  .പഴയ മട്ടിലുള്ള ഒരു  വലിയ രണ്ടു നില വീട് .വീടിനടുത്ത് വഴിയില്‍കാര്‍ നിറുത്താന്‍ ചേട്ടന്‍ പറഞ്ഞു ,"പിന്നെ ഒരു പ്രധാന കാര്യം ,കുട്ടി നല്ല പഠിപ്പുകാരിയാണ് എന്‍ജിനിയര്‍ ആണ്!"  അതുകേട്ടു ഞങ്ങള്‍ ഒന്നു ഞെട്ടി ,പത്താം ക്ലാസ്സുകാരനു   എന്‍ജിനിയര്‍ പെണ്ണോ !!! പക്ഷേ ശങ്കരങ്കുട്ടി ചേട്ടന് കുലുക്കമില്ല ,"ഞാനും പറഞ്ഞു നമ്മുടെ ആളും ജല വകുപ്പില്‍ എന്‍ജിനിയര്‍ ആണെന്ന്: അതോടെ സകല ഗ്യാസും പോയി . ശങ്കരന്‍കുട്ടി ചേട്ടനെ തെറി വിളിച്ച് കൊണ്ട്  കാര്‍ തിരിക്കാന്‍ തുടങ്ങുപ്പോള്‍ അതാ ..മധ്യവയസ്കനായ ഒരു മനുഷ്യന്‍ വീടില്‍ നിന്നും ഇറങ്ങി  വരുന്നു. " അല്ലാ,എന്താ അവിടെ നിറുത്തിയത്..വരൂ.വരൂ വണ്ടി  ഇങ്ങോട്ട് കേറ്റി ഇടാമെല്ലോ....പെണ്ണിന്‍റെ അച്ഛനാണ്.........

ഇനി വേറെ വഴി ഇല്ലാ,വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടില്‍ എല്ലാവരും വീട്ടിലേക്ക് കയറി.നല്ല പേര്‍സണാലിറ്റി ഉള്ള ഒരു വ്യക്തി ആണ് തന്തപടി ,ഗള്‍ഫുകാരന്‍ -.കാശുകാരന്‍ ആണെന്ന്  കഴുത്തിലെ സ്വര്ണം കെട്ടിയ തടിയന്‍ രുദ്രാക്ഷ മാലയും,കയ്യിലെ ചെയിനും ,സില്‍ക്ക് ജുബ്ബായും ഒക്കെ തെളിവ്.വെളുത്തു തടിച്ച ഒരു കുട്ടിതാറാവു  പോലെ പലഹാരങ്ങളും ആയി അമ്മ വന്നു.അമ്മയെ കണ്ടപ്പോള്‍  കുട്ടിയെ കുറിച്ചു ഏകദേശം പിടികിട്ടി. "അപ്പോ ഇതാണ് നമ്മുടെ ചെക്കന്‍ ,ശങ്കരങ്കുട്ടി ചേട്ടന്‍ സമയം ഒട്ടും കളയാതെ കാര്യത്തിലേക്ക് കടന്നു."ഓഹോ എന്‍ജിനിയറിങ് കഴിഞ്ഞ ഉടനെ ജോലി കിട്ടി അല്ലേ ? എവിടാ പ ഠിച്ചിരുന്നത് ?"വയനാട്" ,ശങ്കരന്‍ കുട്ടി ചേട്ടന് സംശയം ഇല്ല.. ഞാന്‍ ഞെട്ടി,ശങ്കരങ്കുട്ടി ചേട്ടന്‍റെ മകളെ കല്യാണം കഴിചിരിക്കുന്നത് വയനാട് ആണെന്നല്ലാതെ , സ്വാശ്രയവും ,സെല്‍ഫ് ഫൈനാന്‍സ്ഉം ഒന്നും ഇല്ലായിരുന്ന അക്കാലത്ത് വയനാട്ടില്‍ എന്‍ജിനിയറിങ് കോളേജ് പോയിട്ടു ഇഞ്ചി കൃഷി പോലും ഇല്ല."വയനാട്ടിലോ? അവിടെ ഏത് കോളേജില്‍ ?പ്രതീഷിച്ച ചോദ്യം ,തന്തപടിയില്‍ നിന്നും."അല്ല വയനാട് പോളിടെക്നിക്ല്‍ പഠിക്കുമ്പോള്‍  ബാംഗ്ലൂരില്‍ അഡ്മിഷന്‍ കിട്ടി". ഞാന്‍ ഇടക്കു കേറി പറഞ്ഞു.ദീര്‍ഘശ്വാസംഎടുക്കും മുന്പെ അടുത്ത ചോദ്യം എത്തി ,"ഓഹോ ബാംഗ്ലൂര്‍ എവിടെ ? മോളും അവിടെയായിരുന്നു".വായില്‍ വന്ന പേര് രാമ്മയ്യ എന്നായിരുന്നു. അതൊരു വലിയ കോളേജ് ആണെന്ന് അറിയാമായിരുന്നു."അത്ഭുതമായിരിക്കുന്നല്ലോ മോളും അവിടെ ആയിരുന്നു. അപ്പോ അവളുടെ സീനിയര്‍ ആയിരിയ്ക്കും. ശരി മോളെ വിളിക്കാം ഇവര്‍ അറിയുമായിരിക്കും".തന്തപടിയുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നും വരുന്ന പോലെ തോന്നി.

എന്തോ!!?  വായിലേക്ക് വച്ച  ജിലേബിക്കു കയിപ്പ് രസം ആണ് തോന്നിയത്.ശശി ഒന്നു   ഞെട്ടുന്നതും ,അവന്‍റെ കയ്യില്‍ ഇരുന്നിരുന്ന (മനസ്സിലല്ല....)  ലഡ്ഡു പെട്ടെന്നു പൊട്ടുന്നതും ഞാന്‍ കണ്ടു .   എന്നെ ദയനീയമായി നോക്കിയിട്ട് ശശി പതുക്കെ ചോദിച്ചുബാംഗ്ലൂര്‍  ആകെ ഈ ഒരു കോളേജ് മാത്രമേ ഉള്ളോടാ?    :ഇതിപ്പോ ശങ്കരന്‍ കുട്ടി ചേട്ടന്‍ മാപ്പ്സാഷിയും ഞാന്‍ പ്രതിയും  ആയ പോലെ ആയി കാര്യങ്ങള്‍ !!!.

പെണ്ണ് വന്നു ,അമ്മയെ പോലെ തന്നെ , നല്ല സ്മാര്‍ട്ട് ആയ കുട്ടി ."മോളെ ശശിയും രാമയ്യ യില്‍ ആണ് പഠിച്ചത്,നോക്കൂ നീ അറിയുമോ എന്ന്?" തന്തപടി വക കമ്മേന്‍ററി തുടങ്ങി ,എങ്ങിനെയും അവിടെനിന്നു രക്ഷപ്പെടണം എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു ഞാന്‍ .തന്തപടിയുടെ മട്ടും ഭാവവും കണ്ടാല്‍ എസ്‌എസ്‌എല്‍‌സി കാരന്‍ ആണെന്ന് പറഞ്ഞാല്‍ പോലീസിനെ വിളിക്കാനും മടിക്കില്ല .പലഹാരങ്ങളും ആയി മല്‍പിടുത്തം നടത്തുന്ന ശങ്കരന്‍ കുട്ടി ചേട്ടനെ ഞാന്‍ പതുക്കെ വിളിക്കാന്‍ നോക്കി ,"പോകാം ..പോകാം  എന്നാണ് ഞാന്‍ പറഞ്ഞത് പക്ഷേ കഷ്ടകാലത്തിന് തന്തപടി അത് കണ്ടു " എന്താ ഒരു രഹസ്യം ?"കാര്യം പിടികിട്ടിയില്ലെങ്കിലും ജന്മനാ ദല്ലാളായ ശങ്കരങ്കുട്ടി ചേട്ടന്‍ തട്ടി വിട്ടു "അതേയ് ചെക്കനും പെണ്ണിനും തനിച്ചൊന്നു സംസാരിക്കണം എന്ന് പറയുകയായിരുന്നു " ഓഹോ അതിനെന്താ മോളെ നിങ്ങള്‍ അകത്തു പോയി സംസാരിക്കൂ ' ചെല്ലൂ ശശി ,....വാ മോനേ ..അമ്മയുടെ വക ...

ദയനീയമായി എന്നെ ഒന്നു നോക്കിയിട്ട് ശശി അകത്തേക്ക് നടന്നു .വധശിഷക്കു വിധിക്കപ്പെട്ടവന്‍ ,തൂക്കുമരത്തിലേക്ക് പോകുന്നപോലെ ശശി അകത്തേക്ക് പോയി."നമുക്ക് ഒന്നു പുറത്തേക്ക് ഇറങ്ങിയാലോ ? " തൊടി ഒക്കെ ഒന്നു കാണാം" .തന്തപടി യുടെ ക്ഷണ്ം.ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി,  5 മിനിറ്റ് ക ഴിഞില്ല , ശരം വിട്ട പോലെ ശശി പുറത്തേക്ക് വന്നു .വീട്ടിനകത്ത്നിന്നും അമ്മയുടെയും മോളുടെയും പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട് .എന്താ ഇത്ര വേഗം സംസാരിച്ച് തീര്‍ന്നോ? എന്നും മറ്റും ഉള്ള തന്തപടിയുടെയും ,ശങ്കരങ്കുട്ടി ചേട്ടന്‍റെയും ചോദ്യങ്ങള്‍ ശ്രദ്ധിക്കാതെ  ശശി നേരെ കാര്‍ എടുത്തു .സംഗതി പന്തിയല്ല എന്നു മനസ്സിലായ ഞാന്‍ പെട്ടെന്നു തന്നെ കാറില്‍ കേറി പറ്റി. .കാര്യം പിടികിട്ടാത്ത ശങ്കരന്‍ കുട്ടി ചേട്ടന്‍ മിഴിച്ചു നില്‍ക്കുന്നതിനിടയില്‍ ശശി കാര്‍ പറത്തി വിട്ടു ,പറവൂരിലെ ഗോള്‍ഡന്‍ പാലസ് ബാറില്‍ എത്തി ഒരു ബിയര്‍ ഒറ്റവലിക്ക് കുടിച്ചിട്ടാണ് ശശി പിന്നെ സംസാരിച്ചത് "ആദ്യം നീ ഒരു സത്യം ചെയ്യണം ഈ കാര്യം നമ്മള്‍ മൂന്നു പേരല്ലാതെ വേറെ ഒരാളും അറിയരുത്,എന്‍റെ കല്യാണം കഴിയുന്ന വരെ എങ്കിലും ...."ആ ബിയര്‍  കുപ്പിയില്‍ പിടിച്ച് ചെയ്ത സത്യം ഇന്നേ ദിവസം വരെ ഞാന്‍ പാലിച്ചു .(ഇന്ന് ശശി 2 കുട്ടികളുടെ അച്ഛനാണ് )പക്ഷേ അകത്ത് എന്താണ് നടന്നത്  എന്ന് ഇന്നേവരെ ശശി പറഞ്ഞിട്ടില്ല .അത് നിങ്ങള്‍ ഊഹിക്കുക .

വാല്‍കഷണം :-

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാലന്‍ കുടയും ഡയറിയും ആയി ഒരാളെത്തി: "ശങ്കരന്‍ കുട്ടി ചേട്ടന്‍ " എന്നോട് ഈ ചതി വേണ്ടായിരുന്നു ,എന്നെ ഒറ്റക്കിട്ടിട്ടു നിങ്ങള്‍ രക്ഷപ്പെട്ടല്ലേ ,എന്‍റെ ദല്ലാള്‍ ജീവിതത്തില്‍ ഒരു പാടു ചീത്ത ഞാന്‍ കേട്ടിട്ടുണ്ട് ,പക്ഷേ ഇമ്മാതിരി ഒരു തെറി ആദ്യമാ ,അയാള്‍ക്ക് ദുബായില്‍ ഒട്ടകനോട്ടമോ ,മീന്‍ കച്ചോടമോ ആണ് പണി എന്ന് തോന്നുന്നു അല്ലെങ്കില്‍ മാന്യന്‍മാര്‍ ഇങ്ങിനെ തെറി പറയുമോ ?

 അല്ല ഈ എന്‍ജിനിയര്‍ ഇത്ര വലിയ സാധനം ആണോ

ശങ്കരന്‍ കുട്ടി ചേട്ടന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......


Friday 10 February 2012

ലിപ്ടടെനും സുലൈമാനും പിന്നെ .......



പുഷ്പന്‍ ചേട്ടന്റ്റെ സൌദി കഥ വായിച്ചല്ലോ? (ശ്രീ കൃഷ്ണനെന്തേ നീല നിറം).
പോലീസ് സ്റ്റേഷന്‍ല്‍ വച്ച് മറന്നു പോയ ശ്രീ കൃഷ്ണന്‍റെ ഫോട്ടോയും കൊണ്ട് വന്നതായിരുന്നു പോലീസ്കാര്‍ .ഇനി പുഷ്പന്‍ ചേട്ടന്‍ പറഞ്ഞ ഒരു ചെറിയ സംഭവം
                                          *******************************

പുഷ്പന്‍ ചേട്ടന്‍ ചായ കുടിക്കാറില്ല. പൊടി കട്ടനെ കുടിക്കൂ. ടീ ബാഗ് കാണുന്നതെ പുള്ളിക്കാരന് അലര്‍ജിയാണ്.പക്ഷേ മുന്‍പ് പുഷ്പന്‍ ചേട്ടന്‍ ലിപ്ടെന്‍ ചായയെ കുടിച്ചിരുന്നുള്ളൂ ഒരിക്കല്‍ ചേട്ടന്‍ അതിന്റെ കാരണം പറഞ്ഞു. പുഷ്പന്‍ ചേട്ടന്‍റെ ഭാക്ഷയില്‍ പറഞ്ഞാല്‍" ദാരുണമായ  ആ സംഭവ കഥ" ഇങ്ങിനെ.

പത്തോ പതിനഞ്ചോ വര്‍ഷം മുന്പു ചേട്ടന്‍ അജ്മാനില്‍  ജോലി ചെയ്യുന്ന കാലം.കമ്പനിക്കു തൊട്ടടുത്ത് താമസം ..കമ്പനിക്കു സമീപം കൊണ്ടോട്ടികാരന്‍ മൂസ്സ നടത്തുന്ന ഒരു ചായകട ഉണ്ടായിരുന്നു.പണികഴിഞ്ഞു വന്നാല്‍ അവിടെ ഇരുന്നു ഒരു ലിപ്ടെന്‍ ചായയും കുടിച്ച് ,പത്രം നോക്കി ,സൊറ പറഞ്ഞിരിക്കുന്നത് പുഷ്പന്‍ ചേട്ടന്‍റെ പതിവ് പരിപാടി ആയിരുന്നു.ഈ കടക്ക് പുറകില്‍ ആയിരുന്നു കമ്പനിയുടെ അക്കൊമോഡേഷന്‍ .തൊട്ടടുത്ത മുറിയില്‍ രണ്ടു മൂന്ന് ബംഗാളികള്‍ ആയിരുന്നു താമസം.
ഈ ബംഗാളികളില്‍ ഒരുവനായിരുന്നു സുലൈമാന്‍ ,കുടുംബ സ്നേഹമുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു സുലൈമാന്‍ .ഇയാള്‍ തന്‍റെ സഹോദരന്മാരെ ഒക്കെ ഗള്‍ഫിലേക്ക് കൊണ്ട് വന്നിരുന്നു.അവസാനം ഏറ്റവും ഇളയ സഹോദരനെയും സുലൈമാന്‍ കൊണ്ട് വന്നു.ഷരീഫ് എന്നായിരുന്നു ഇയാളുടെ പേര്. വന്നിട്ട്  ഒരു മാസം പോലും ആകാത്ത ഷെരീഫ്നു ബംഗാളി ഭാക്ഷയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.അതുകൊണ്ടു തന്നെ പുഷ്പന്‍ ചേട്ടനെ കാണുമ്പോള്‍ ഒരു ചിരിയും നമസ്കാരവും മാത്രം ആയിരുന്നു ഷരീഫിന്‍റെ പ്രതികരണം.മൂസയോടും ,ബംഗാളി അറിയാത്ത മറ്റാരോടും ഷെരീഫ് സംസാരിക്കാറില്ലായിരുന്നു.ഒരു സ്റ്റീല്‍ കമ്പനിയില്‍ ഷെരീഫിന് ജോലിയും ശരിയായി.

സഹോദരങ്ങളെഒക്കെ കൊണ്ടുവന്ന വകയില്‍ ,സുലൈമാന് ഒരു പാട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.ഇതെ ചൊല്ലി ഇടക്കു ചില ബഹളങ്ങള്‍ ഒക്കെ മുറിയില്‍ നടക്കാരുണ്ടായിരുന്നു.ഒരു ദിവസം രാവിലെ പുഷ്പന്‍ ചേട്ടന്‍ ജോലിക്കു പോകാന്‍ ഇറങ്ങുപ്പോള്‍ സുലൈമാനെ കണ്ടു ,ആകെ അവശനായി കണ്ട സുലൈമാനോട് എന്തു പറ്റി എന്നു ചോദിച്ചപ്പോള്‍  , പനി ആണെന്നും ഇന്നു പണിക്കു പോകുന്നില്ല എന്നും സുലൈമാന്‍ മറുപടി പറഞ്ഞു.വൈകുന്നേരം പതിവുപോലെ പുഷ്പന്‍ ചേട്ടന്‍   മൂസ്സയുടെ കടയില്‍  ചായയും കുടിച്ച് സംസാരിച്ചിരിക്കുകയായിരുന്നു.അതിനിടയില്‍ ഷെരീഫ്  പണി കഴിഞ്ഞു,ആ വഴിക്കു മുറിയിലേക്ക് പോയി.പതിവ് പോലെ പുഷ്പന്‍ ചേട്ടനെയും മൂസ്സയെയും കണ്ട് ചിരിയും നമസ്കാരവും നടത്തി."ഈ ഹമുക്ക് ഇനി എന്നാ ഭാഷ പഠിക്കുക?"മൂസ്സയുടെ ആത്മഗതം .

രണ്ടു മിനിറ്റ് കഴിഞ്ഞില്ല ,ഉറക്കെ കരഞ്ഞു കൊണ്ട് ഷെരീഫ് ഓടി വരുന്നു.എന്തോ കണ്ടു പേടിച്ച പോലെ മുഖ ഭാവം .ആകെ വിയര്‍ത്തിരിക്കുന്നു.ഓടി കടക്ക് അകത്തേക്ക് കയറിയ ഷെരീഫ് ശ്വാസം വിടാന്‍ വിഷമിച്ചു ,പിന്നെ വിക്കി വിക്കി പറഞ്ഞു " സുലൈമാന്‍ ....സുലൈമാന്‍ ....പിന്നെ പറയുന്നതു ഒക്കെ ബംഗാളിയില്‍ ...പുഷ്പന്‍ ചേട്ടനും ,മൂസ്സക്കും ഒന്നും മനസ്സിലായില്ല. " സുലൈമാന്  എന്തു പറ്റിന്നാ ഈ ഹമുക്ക് പറയുന്നത് ? മൂസ്സാക്ക് ക്ഷമ നശിച്ചു.ബംഗാളില്‍ പറഞ്ഞിട്ടു കാര്യം ഇല്ലെന്നു തോന്നിയിട്ടോ എന്തോ ..ഷെരീഫ്  പുഷ്പന്‍ ചേട്ടന്‍റെ കയ്യില്‍ ഇരുന്നിരുന്ന ചായ കപ്പ് പിടിച്ച് വാങ്ങി ,എന്നിട്ട് അതില്‍ ഇട്ടിരുന്ന ലിപ്ടെന്‍ ടീ ബാഗ് പൊക്കി ഇരുവശത്തേക്കും ആട്ടി കാണിച്ചു ,എന്നിട്ട് വീണ്ടും പറഞ്ഞു ,"സുലൈമാന്‍ .....ലിപ്ടെന്‍ .....ലിപ്ടെന്‍ ..."  .  " ഓഹോ സുലൈമാന് ലിപ്ടെന്‍ ചായ വേണമെന്നോ ? അതാണോ ഈ ഹമുക്ക് പറയുന്നത് ? ആ ചായ അങ്ങോട്ട് കൊടുക്ക് ഹിമാറെ ,നിനക്കു പാര്‍സല്‍ ചായ  വേറെ തരാം" മൂസ്സയുടെ ചോദ്യം കേട്ടപ്പോളും പുഷ്പന്‍ ചേട്ടന് സംശയം തീരുന്നില്ല.ഒരു ചായക്ക് വേണ്ടി ഇവന്‍ ഇത്ര കരയുന്നത് എന്തിന്? വീണ്ടും ലിപ്ടെന്‍ ടീ ബാഗ് കയ്യില്‍ പിടിച്ച് കൊണ്ട് ഷെരീഫ് പറയുന്നു " സുലൈമാന്‍ .....ലിപ്ടെന്‍ ...ലിപ്ടെന്‍ "  ....കൂടെ അവന്‍  പുഷ്പന്‍ ചേട്ടന്‍റെ കൈ പിടിച്ച് വലിക്കാന്‍ തുടങ്ങി. എന്തോ പ്രശ്നം ഉണ്ടെന്നും , സുലൈമാന് പനി കൂടുകയോ മറ്റോ ഉണ്ടാകാം എന്നും  തോന്നിയ പുഷ്പന്‍ ചേട്ടനും മൂസ്സയും ,ഷെരീഫിന്‍റെ കൂടെ അവന്‍റെ മുറിയിലേക്ക് ഓടി.

മുറിയുടെ വാതില്‍ അകത്തു നിന്നും അടച്ചിരുന്നു.ഒരു വശത്തുള്ള ഒരു ചില്ല് ജനാല മറച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് എടുത്ത് മാറ്റിയതിലൂടെ നോക്കാന്‍ ഷെരീഫ് ആഗ്യം കാണിച്ചു . അതിലൂടെ നോക്കിയ പുഷ്പന്‍ ചേട്ടനും മൂസ്സയും ഞെട്ടി പോയി ,മച്ചില്‍ കെട്ടിയ കയറില്‍ തൂങ്ങിയാടുന്ന സുലൈമാന്‍ .സാമ്പത്തീക ബാധ്യതമൂലം സുലൈമാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആ സംഭവത്തിന് ശേഷം പുഷ്പന്‍ ചേട്ടന്‍ ലിപ്ടെന്‍ ചായ കുടിച്ചിട്ടില്ല . ടീ ബാഗ് കാണുമ്പോള്‍ സുലൈമാന്‍റെ തൂങ്ങി ആടുന്ന ശരീരം ആണത്രേ മനസ്സില്‍ വരുന്നത്.. മാത്രമല്ല പിറ്റേ ദിവസം മൂസ്സയുടെ കടയില്‍ "ഇവിടെ ലിപ്ടെന്‍ ചായ കിട്ടുന്നതല്ല "എന്ന ഒരു ബോര്‍ഡ് തൂങ്ങിയത്രേ !

ഇതു സത്യം ആണോ എന്നൊന്നും ചോദിക്കരുത്.പക്ഷേ ഇപ്പോ ഞാനും ടീ ബാഗ് ഇട്ട ചായ കുടിക്കാറില്ല എന്നത് ഒരു സത്യം ആണ്.ഇനി ടീ ബാഗ് ഇട്ട ചായ കുടിക്കുമ്പോള്‍ നിങ്ങളും ഓര്‍ക്കും സുലൈമാനെ !!!

Sunday 8 January 2012

കൈലാസം.

  വിശ്വസിച്ചാലും ഇല്ലെങ്കിലും ഭാഗം :4


                                                                                                            
                                                                                                                                             ഋഷികേശ്
                                                                                                                                            12/12/1998

പ്രിയ സുഹൃത്തെ,                                                                  

                അശ്വഥാമാവിനെ നേരില്‍ കണ്ട മധ്യപ്രദേശില്‍ നിന്നും  ഭാരത പരിക്രമയിലെ അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് ഉള്ള ഞങ്ങളുടെ യാത്ര ആരംഭിചു.ജര്‍മന്‍ സായിപ്പുമാര്‍ വീണ്ടും അവരുടെ ലക്ഷ്യം കാണാന്‍ അവിടെ തന്നെ തങ്ങി.അവര്‍ക്കൊരിക്കലും തന്നെ കാണാന്‍ കഴിയില്ല എന്ന അശ്വഥാമാവിന്റ്റെ പ്രവചനം ഒന്നും ഞാന്‍ അവരോടു പറയാന്‍ പോയതും ഇല്ല.അതെല്ലാം പിന്നീട് ഒരു അവസരത്തില്‍ ഞാന്‍ എഴുതാം.

വീണ്ടും തിരിച്ചു ഋഷികേശില്‍ എത്തിയ ഞങ്ങള്‍ പക്ഷേ ആശ്രമത്തിലേക്ക് പോയിരുന്നില്ല .90 ദിവസം കഴിയാതെ തിരിച്ചു ചെല്ലാനും കഴിയില്ലല്ലോ.അതിനാല്‍ ഋഷികേശിലെ മലയാളിയായ ഒരു സന്യാസിനിയുടെ  ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ തങ്ങാന്‍ തീരുമാനിച്ചു.ഋഷികേശിലെ ഒരു ഗ്രാമ പ്രദേശത്തുള്ള, ഗംഗയുടെ തീരത്തെ ഈ ആശ്രമം ശരിക്കും ഒരു സ്വകാര്യ വസതി ആയിരുന്നു .സ്വാമിനി മിക്കവാറും പുറം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ ജോലിക്കാരും ഒന്നു രണ്ടു ആശ്രിതരും മാത്രമേ അവിടെ കാണൂ. പിന്നെ അപൂര്‍വം ആയി ചില സന്ദര്‍ശകരും.

ആ സമയത്ത് പൂനെയില്‍ നിന്നും വന്ന രണ്ടു യുവാക്കള്‍ അവിടെ ഉണ്ടായിരുന്നു.ഹര്‍ഷും, മനുവും .മാര്‍വാടി സമുദായക്കാരായ അവര്‍ വളരെ പെട്ടെന്നു തന്നെ ഞാനും ആയി അടുത്തു. സംസാര മധ്യ ,അവര്‍ മാനസ സരസ്സും കൈലാസവും ദര്‍ശിക്കാനുള്ള യാത്രയുടെ ഭാഗം ആയിട്ടാണ് അവിടെ വന്നതെന്ന് പറയുകയുണ്ടായി.പിന്നെ ഒന്നും പറയേണ്ടല്ലോ ! അടുത്ത യാത്രാ ലക്ഷ്യ സ്ഥാനം മുന്നില്‍ തെളിഞ്ഞു. സാക്ഷാല്‍ "കൈലാസം".

പക്ഷേ പറയും പോലെ കാര്യങ്ങള്‍ എളുപ്പം അല്ലായിരുന്നു. കൈലാസം ഭാരത്തിന്‍റെ സ്വന്തം എങ്കിലും നടത്തിപ്പിനുള്ള അവകാശം ചൈനക്കാണ്,ശുഷ്ക നേത്രമ്മാരുടെ   വിസ ഉണ്ടെങ്കിലേ അങ്ങോട്ട് കടക്കാന്‍ പറ്റൂ.പക്ഷേ ചെറുപ്പക്കാര്‍ അല്പം പിടിപാടുള്ളവരായിരുന്നു.അവരുടെ ട്രാവെല്‍ ഏജെന്‍സിയില്‍ വിളിച്ച് പറഞ്ഞ് പത്തു ദിവസത്തിന്നകം കാര്യം സാധിച്ചു.

https://2.bp.blogspot.com/-h6Nqw4lHCNU/Twk6BIomKII/AAAAAAAAAhE/KHvcQR2IRfg/s320/2007+group.jpg

അങ്ങിനെ ഏതൊരു ആത്മീയ വാദിയുടെയും അവസാന ലക്ഷ്യ ത്തിലേക്കുള്ള ആ യാത്ര തുടങ്ങി.ട്രാവെല്‍ ഏജെന്‍സിയുടെ ബസ്സില്‍ 21 പേരോളം വരുന്ന ഒരു സംഘം. യാത്രയുടെ ഊഷരതയില്‍ നിന്നും മോക്ഷപദത്തിലേക്കുള്ള  മനസ്സിന്‍റെ സഞ്ചാരം ആയിരുന്നു അത് .ആദ്യ ലക്ഷ്യം മാനസസരസ്സയിരുന്നു.ടിബറ്റെന്‍ പര്‍വ്വതമടക്കുകളിലൂടെയുള്ള യാത്ര കഠിനം എന്നു തന്നെ വേണം പറയാന്‍ .
https://4.bp.blogspot.com/-BsIEiQulaRk/TzTXJtzccWI/AAAAAAAAAmY/7rVTE3CoMNU/s320/The-Ganesh-Face-of-Mt-Shivling.jpg
ഗണേശ  പര്‍വ്വ തം
ആ യാത്രയില്‍ ആദ്യം ആയി കണ്ണില്‍പെട്ട പര്‍വ്വതനിരയുടെ പേര്  'ഗുര്‍ലമണ്ടതാ' എന്നാണ് ഗൈഡ് പറഞ്ഞത്.എങ്ങും മഞ്ഞണിഞ്ഞ  പര്‍വ്വത നിരകള്‍ ,വെയില്‍നാളങ്ങള്‍ വെള്ളി വെളിച്ചം വാരി വിതറുന്ന തടാകങ്ങള്‍ . ഗണപതിയുടെ രൂപം ഉള്ള ഗണേശ  പര്‍വ്വതം ഓംകാരം ഉണര്‍ത്തുന്ന ഓംകാര  പര്‍വ്വതം  ഒക്കെ കടന്നു ഒരു വലിയ കയറ്റം കയറി ഇറങ്ങി  തുറസ്സായ സ്ഥലത്തു ബസ്സ് നിന്നു.മുന്നിലതാ നീലഛവി പരത്തി നിശ്ചലമായ മാനസസ്സരോവര്‍ ,വിദൂരതയില്‍ ദര്‍ശന ഭാഗ്യമരുളി കൈലാസം.

https://2.bp.blogspot.com/-PysJ2wRGwnY/Twk37_4zScI/AAAAAAAAAgU/nIENiMa9Xk4/s320/lago-manasarovar-2.jpg
മാനസരോവര്‍

എല്ലാവരും മാനസസ്സരോവറില്‍ സ്നാനം കഴിക്കാനായി ഇറങ്ങി.മാനസസ്സരോവറിന്‍റെ തീരത്തെ കല്ലുകള്‍ അത്ഭുതകരമായിരുന്നു.ദേവ ചിഹ്നങ്ങളും ,സംസ്കൃത ലിപികളും നിറഞ്ഞ കല്ലുകള്‍ .പലരും അവ ശേഖരിക്കുന്നുണ്ടായിരുന്നു.അന്ന് രാത്രി മാനസസ്സരോവറിന്‍റെ തീരത്താണ്ക്യാംപ് .പൂജ്യത്തോളം വരുന്ന തണുപ്പ്.യാത്രാ ഷീണ്ം ,കിടന്ന ഉടനെ ഉറങ്ങി പോയി.പക്ഷേ രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ഞാന്‍ ഉണര്‍ന്നു. വെറുതെ ടെന്‍റിന്‍റെ വശത്ത് കൂടി തടാകത്തിലേക്ക് നോക്കി.
https://1.bp.blogspot.com/-xSpGreXrZhE/Twk4RLXvwEI/AAAAAAAAAgc/ER5I_mQym1c/s200/Tibet+Kailash+07+Manasarovar+02+Seralung+Mani+Rocks.jpg
സരോവര്‍ തീരത്തെ കല്ലുകള്‍
രണ്ടു പേര്‍ ഒരു ചെറിയ വിളക്കിന്‍റെ വെളിച്ചത്തില്‍ പുറത്തിരിക്കുന്നു.ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ട്.പതുക്കെ ഞാന്‍ പുറത്തെയ്ക്കു ഇറങ്ങി,നമ്മുടെ കൂട്ടുകാരായ മാര്‍വാടികള്‍ ഹര്‍ഷും മനുവും ആയിരുന്നു അത്.എന്തോ പേപ്പര്‍ മറിച്ചുനോക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നുണ്ട്.ഈ പാതിരാത്രി മരംകൊച്ചുന്ന തണുപ്പില്‍ ഇവര്‍ ഇത് എന്താ ചെയ്യുന്നതെന്ന് അറിയാന്‍ ഒരു ആകാംഷ.
അവരുടെ പിന്നില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടു ,ഒരു മാപ്പ് ( ഭൂപടം) ആണ് അവര്‍ നോക്കുന്നത് .ശബ്ദം കേട്ടു പെട്ടെന്നു അവര്‍ തിരിഞു നോക്കി എന്നെ കണ്ടപ്പോള്‍ ഒന്നു ഞെട്ടി ,പക്ഷേ പെട്ടെന്നു തന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓ  സ്വാമി ആയിരുന്നോ ? പേടിച്ച് പോയി" "എന്തിന്നാണ് പേടിക്കുന്നത് ?" നിങ്ങള്‍ എന്താ ചെയ്യുന്നത് ,? ഇതെന്താ മാപ്പ്? നിങ്ങള്‍ തീവ്രവാദികള്‍ വല്ലതും ആണോ? ഒരു പാട് ചോദ്യങ്ങള്‍ ഞാന്‍ ഒരുമിച്ച് ചോദിച്ചു."സ്വാമി ,ബഹളം വെയ്ക്കാതെ എല്ലാം പറയാം,ഞങ്ങള്‍ തീവ്രവാദികള്‍ ഒന്നും അല്ല ,പക്ഷേ തീര്‍ത്ഥാടകരും അല്ല .ഞങളുടെ യാത്രയുടെ ലക്ഷ്യം വേറെ ആണ്".ഹര്‍ഷ് പറഞ്ഞു. അതെന്താണെന്നായിരുന്നു എനിക്കും അറിയേണ്ടിയിരുന്നത് .ആ രാത്രി മാനസസ്സരസിന്‍റെ തീരത്ത് വെച്ച് അവര്‍ ആ രഹസ്യം പറഞ്ഞു.

മാര്‍വാടി സമുദായക്കാര്‍ പണം കടം കൊടുക്കുന്നവര്‍ ആണ്.അവരുടെ ഉപാസനമൂര്‍ത്തിയാണ് സാക്ഷാല്‍ കുബേര സ്വാമി.ഈ പ്രപഞ്ചത്തിലെ എല്ലാ ധനത്തിന്നും,നിധികള്‍ക്കും ഉടമയാണ് കുബേര സ്വാമി.യക്ഷന്‍മാരുടെ രാജാവും ,രാവണന്‍റെ സഹോദരനും ആണ് കുബേര രാജാവ്.പുഷ്പക വിമാനവും ,ലങ്ക രാജ്യവും കുബേരന്‍റേത് ആയിരുന്നു.അത് രാവണന്‍ തട്ടി എടുത്തതിന് ശേഷം ,ശിവ ഭക്തനായ കുബേര സ്വാമി കൈലാസ പര്‍വ്വതത്തിനടുത്ത് അളകാപുരി എന്ന ഒരു രാജ്യം സ്ഥാപിച്ചു .അതാണ് യക്ഷ രാജ്യം .കുബേരന്റെ ആവാസ സ്ഥലം .ലോകത്തിലെ എല്ലാ സമ്പത്തും നിധികളും അവിടെയാണ്.

https://1.bp.blogspot.com/-2qIu4ZH0iEA/Twk6mOkuIgI/AAAAAAAAAhM/_9h4eZlPguc/s200/kuber+kundali.jpg
കുബേര സ്വാമി
ഈ മിത്തിനേ കുറിച്ച് എനിക്കു നേരത്തേ അറിയാമായിരുന്നു.ഹിന്ദു പുരാണങ്ങളില്‍ മാത്രം അല്ല, ബുദ്ധമത വിശ്വാസികളും  കുബേരനെ ആരാധിക്കുന്നുണ്ട്.'അളകാപുരി' എന്ന സ്വപ്നനഗരം ഹിമാലയത്തില്‍ എവിടെയാണ് എന്നു മാത്രം ആര്‍ക്കും അറിയില്ല. 'ഷാങ്ഗറില്ല' എന്നു ബുദ്ധ വിശ്വാസികള്‍ വിളിക്കുന്ന  ഈ നഗരത്തില്‍ കടന്ന ഒരു ബുദ്ധ സന്യാസിയെ കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്.ഹര്‍ഷിന്‍റെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി." ഞങ്ങളുടെ കുടുംബത്തിന്‍റെ പരദേവതയാണ് കുബേര സ്വാമി.ഏതോ ഒരു പിതാമഹന്‍ കുബേരനെ പ്രത്യഷപ്പെടുത്തി എന്നും അളകപുരിയിലേക്ക് പോയി എന്നും പറഞ്ഞു കേട്ടിട്ടുണ്ട് .അതേ പറ്റി ഒരു പാട് ഗവേഷണങ്ങള്‍ നടത്തിയ ഞങ്ങള്‍ക്ക് കുറെ രേഖകളും രേഖാചിത്രങ്ങളും കുടുംബ ക്ഷേത്രത്തിലെ ഒരു അറയില്‍ നിന്നും കിട്ടി .അതില്‍ അളകാപുരി യുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട് .ഒരു പക്ഷേ കുബേരനെ നേരിട്ടു കാണുകയും അളകാപുരിയില്‍ എത്തി എന്നും പറയുന്ന പിതാമഹന്‍ രേഖപ്പെടുത്തി വച്ചതാവാം ". ഹര്‍ഷ് പഴയ കുറച്ചു താളിഓലകള്‍ എന്നെ കാണിച്ചു.ശരിയാണ് അതൊരു വഴി രേഖപ്പെടുത്തിയ ,എന്തൊക്കെയോ കുത്തികുറിച്ച താളിയോലയായിരുന്നു.അവിടെ കടന്നു നിധി കണ്ടെത്തുക എന്നതായിരുന്നു അവരുടെ യാത്രാ ലക്ഷ്യം.

"ഞങ്ങള്‍ അഷ്ടപദി എന്ന സ്ഥലം വരെയേ നിങ്ങളോടൊപ്പം വരൂ.അവിടെ നിന്നും ഞങ്ങള്‍ പിരിയും.ദയവു ചെയ്തു സ്വാമി ഈ വിവരം ആരോടും പറയരുത്"മനു പറഞ്ഞു.

കൈലാസം  അടുത്തും വ്യക്തമായും കാണണം എങ്കില്‍  കൈലാസ പരിക്രമ വ്ഴിയിലെ ദിറാവുക് എന്ന സ്ഥലത്തെത്തണം.അതായത് സമുദ്ര നിരപ്പില്‍ നിന്നും 16367 അടി ഉയരത്തില്‍ .അല്ലെങ്കില്‍ ചൈനയുടെ സ്പെഷ്യല്‍ അനുമതി വാങ്ങി ,കൈലാസത്തിന്‍റെ തെക്ക് വശമായ അഷ്ടപദിയില്‍ എത്തണം.ശരിക്കും ഇവിടെ നിന്നും മാത്രമേ അടുത്തു കാണാന്‍ സാധിക്കൂ .പക്ഷേ ഏറ്റവും അപകടകരമായ ,പ്രവചനാതീതമായ കാലാവസ്ഥയാണ് അവിടെ .നട്ടുച്ചക്ക് പോലും സൂര്യനെ ശരിക്കും കാണാന്‍ കഴിയില്ല.തണുപ്പും ,മഞ്ഞും മഴയും എല്ലാം കൂടികുഴഞ്ഞു ,കൈലാസത്തിന് പ്രകൃതി സംരക്ഷണം തീര്‍ത്തിരിക്കുന്നു.അവിടെ ഇവര്‍ ഇറങ്ങിയാല്‍ അപകടം ആണെന്നകാര്യത്തിന് സംശയം ഇല്ല.ഏങിനെയും ഇവരെ പിന്തിരിപ്പിക്കണം എന്നു ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.പക്ഷേ ഒന്നും പറഞ്ഞില്ല .ആ രാത്രി അങ്ങിനെ കഴിഞ്ഞു.
https://1.bp.blogspot.com/-SZsZta6idow/Twk4kUQxQDI/AAAAAAAAAgk/mPI37y62wag/s320/darchen.jpg
ദര്‍ച്ചന്‍

അടുത്ത ദിവസം പരിക്രമയിലെ ബേസ് ക്യാംപ് ആയ ദര്‍ച്ചന്‍ എന്ന്‍ സ്ഥലത്തേക്കായിരുന്നു യാത്ര.വഴിയില്‍ ഉടനീളം മഴ ആയിരുന്നു.ക്യാംപ്ല്‍ എത്തിയപ്പോഴും മിക്കവരുടെയും ആരോഗ്യ നില മോശമായിരുന്നു.കാലാവസ്ഥ മോശം ആണെന്നും അടുത്ത ദിവസം പരിക്രമ തുടരാന്‍ പറ്റുമോ എന്നും സംശയം ആണെന്ന് ഗൈഡ് പറഞ്ഞു.

https://1.bp.blogspot.com/-SPDNFG3ydvk/Twk-QUh7F2I/AAAAAAAAAhU/v4035xVclBc/s320/DSC00801.JPG
അഷ്ടപദി

ഭാഗ്യവശാല്‍ അടുത്ത ദിവസം മഴ ഉണ്ടായിരുന്നില്ല.100 യുവാന്‍ കൊടുത്ത് ചൈന ഗവണ്‍മെന്‍റ് പാസ്സ് വാങ്ങി അഷ്ടപദിയിലേക്കുള്ള  യാത്ര തുടങ്ങി.അവിടെ എത്തുമ്പോള്‍ സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.ഹര്‍ഷും മനുവും വല്ലാത്ത ഉത്സാഹത്തില്‍ ആയിരുന്നു.ഞാന്‍ ഒരു നിഴല്‍ പോലെ അവരുടെ പിന്നിലുണ്ടായിരുന്നു.അത് അവര്‍ക്കും മനസ്സിലായി കാണണം.കാലാവസ്ഥ മോശമായതിനാല്‍ തങ്ങള്‍ അളകാപുരി  യാത്ര മാറ്റി വെക്കുന്നു എന്നവര്‍ ഒരു പ്രാവിശ്യം എന്നോടു പറയുകയുണ്ടായി.പൂര്‍ണമായി അതു വിശ്വസിച്ചില്ല എങ്കിലും എനിക്കും അങ്ങിനെ തന്നെ തോന്നി.
മാത്രം അല്ല തൊട്ട് മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈലാസമെന്ന മഹാദേവന്‍റെ ആസ്ഥാനമായ പുണ്യ പര്‍വ്വതത്തിന്‍റെ  സാമീപ്യത്തില്‍ എല്ലാവരും സ്വയം മറന്നു പോയിരുന്നു.ഞാന്‍ മറ്റ് സ്വാമിമാര്‍ക്കൊപ്പം കുറേകൂടി മുന്നോട്ട് പോയി കൈലാസത്തെ സാഷ്ടാഗം പ്രണമിച്ചു .പൂജകളുടെ തിരക്കിലായി.
ഞങ്ങള്‍ തിരിച്ചു വാഹനതിനടുത്തത്തിയപ്പോള്‍ ഗൈഡ്ഉം മറ്റ് സഹയാത്രികരും വിഷണ്ണരായി നില്‍ക്കുന്നത് കണ്ടു.കാരണം തിരക്കിയപ്പോള്‍ കൂട്ടത്തിലെ രണ്ടു പേരെ കാണാനില്ല എന്നു പറഞ്ഞു.
എനിക്കു കാര്യം മനസ്സിലായി അവര്‍ പണി പറ്റിച്ചു .പക്ഷേ കാലാവസ്ഥ മോശം ആവുകയാണെന്നും അവരെ കൂടാതെ പോവുക ശരി അല്ല എന്നും ഗൈഡ് പറഞ്ഞതില്‍ പ്രകാരം ബസില്‍ ഉണ്ടായിരുന്ന ടിബറ്റെന്‍ ഷെര്‍പ്പകള്‍ ഉള്‍പ്പെടെ ഒരു സംഘ്ം അവരെ തിരഞ്ഞു പോവുകാന്‍ തീരുമാനിച്ചു.അവര്‍ പോകുവാന്‍ സാധ്യതയുള്ള വഴി എനിക്കു ഊഹിക്കുവാന്‍ കഴിയുമായിരുന്നു  ; അതിനാല്‍ ആ വഴിക്കു ഒരു ശ്രമം നടത്താന്‍ ഞാനും തീരുമാനിച്ചു.ഒരു മഴകോട്ടും ധരിച്ചു ഞാനും അവരെ തേടി എറങ്ങി.സമയമപ്പോള്‍ മൂന്നു മണിയായിരുന്നു.മഞ്ഞും തണുപ്പും ഒക്കെ കൂടി അന്തരീക്ഷത്തെ കൂടുതല്‍ വൈകിയ സാഹചര്യത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.

https://3.bp.blogspot.com/-dRXrVVa8dHw/TetX8n22f9I/AAAAAAAAAEg/gp-1f6fYhPA/s320/mount_kailas1.jpg
ഞാന്‍ താഴേക്കു ഇറങ്ങി ആവുന്ന വേഗത്തില്‍ മുന്നോട്ടു നടന്നു.ഇരുവശത്തും കയറ്റങ്ങള്‍ ആയതിനാല്‍ വെളുത്തുരുണ്ട കല്‍കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന തീര്‍ത്ഥകരയിലൂടെ മാത്രമേ നടക്കാന്‍ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.നടന്നു നടന്നു ഞാന്‍ നന്ദി പര്‍വ്വതത്തിനു അരികിലെത്തി.ഷീണം എന്നില്‍ പിടിമുറുക്കി.ഊര്‍ജ്ജം നഷ്ടപ്പെട്ട അവസ്ഥയില്‍ അല്പം ജലം കുടിക്കാന്‍ കിട്ടിയിരുന്നു എന്നു ആശിച്ചു പോയി.അടുത്തു വെള്ളം ഉണ്ട് ,പക്ഷേ കോരികുടിച്ചാല്‍ കൈ മരവിച്ചു പോകും.




https://1.bp.blogspot.com/-kUc-erLP2yo/Twk-xU_TsRI/AAAAAAAAAhk/LLXMA6rUO_s/s320/35+Nandi+Towers+Above+From+Nandi+Pass+On+Mount+Kailash+Inner+Kora+Nandi+Parikrama.jpg
നന്ദി പര്‍വ്വതം



ഞാന്‍ കുറച്ചു കൂടി മുന്നോട്ടു പോയിട്ട് തിരിച്ചുവരാം എന്നു വിചാരിച്ചു.എപ്പോള്‍ ഞാന്‍ നന്ദി പര്‍വ്വതത്തിന്‍റെ ചുവട്ടില്‍ ആണ് എത്തിയിരിക്കുന്നത്.എന്നെ തന്നെ നോക്കികൊണ്ടു ഒരു ഹിമാലയന്‍ യാക് നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഇടത്തു ഭാഗത്തായി കാണുന്ന നന്ദി പര്‍വതത്തിനും വലതു വശത്ത് കാണുന്ന നിഗൂഢ  പര്‍വ്വതത്തിനും ഇടയിലൂടെ ഞാന്‍ നടന്നു കൊണ്ടേ ഇരുന്നു.സൂര്യ വെളിച്ചം പോയിമറഞ്ഞു.താപ നില പൂജ്യത്തിനും താഴെ ആണെന്ന് മനസ്സിലായി.ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി.ഇരുവശത്തെയും കാഴ്ചകള്‍ അവര്‍ണനീയം ആയിരുന്നു.കരിങ്കല്‍ നൃത്തമണ്ഡപങ്ങള്‍ പോലെ ഉള്ള പര്‍വ്വതകാഴ്ചകള്‍ .പതുക്കെ ഞാന്‍ പരിസര ബോധത്തിലേക്കും സമയബോധത്തിലേക്കും ഉണര്‍ന്നു.ആകാശത്തു മഴ മേഘങ്ങള്‍ വന്നു നിറയുന്നു.സമയം അഞ്ചു കഴിഞ്ഞു .രണ്ടര മണികൂറായി നടക്കാന്‍ തുടങ്ങിയിട്ട്.മഴ പെയ്താല്‍ മരണം ഉറപ്പാനെന്ന് മനസ്സിലായി.ഒന്നു രണ്ടു മഴ തുള്ളികള്‍ എന്‍റെ ദേഹത്ത് വീണു.ഞാന്‍ നടപ്പിന് വേഗത കൂട്ടി.

https://1.bp.blogspot.com/-xh-mzY2qJXc/Twk-ioy4haI/AAAAAAAAAhc/ApDVz7B2a9o/s320/13+Mount+Kailash+South+Face+And+Atma+Linga+On+Mount+Kailash+Inner+Kora+Nandi+Parikrama.jpg

അതാ കൈലാസ പര്‍വ്വതം : വെറും 500 മീറ്റര്‍ മാത്രം അകലെ ,ചുറ്റും മഞ്ഞുപാളികള്‍ കട്ടപിടിച്ചു തൂങ്ങി കിടക്കുന്നു.അതിനിടയിലൂടെ ഞാന്‍ മുന്നോട്ടു നടന്നു.ഒരു ഭാഗത്ത് ഒരാള്‍ക്ക്മാത്രം ചരിഞ്ഞു കടക്കാവുന്ന വാതില്‍ പോലെ മഞ്ഞിന്‍റെ ഒരു കവാടം,അതു കഴിഞ്ഞപ്പോള്‍ കൈലാസത്തില്‍ നിന്നും ഉള്ള തീര്‍ത്ഥം ചാലിട്ടൊഴുകുന്നു.അതും കടന്നു ഞാന്‍ മുന്നോട്ടു നടന്നു.ഇപ്പോള്‍ ഒരു നിരപ്പായ പ്രതലം ദൃശ്യം ആയി.അവിടെ ഞാന്‍ കണ്ടു ,ഹര്‍ഷും മനുവും ,കയ്യില്‍ നീര്‍ത്തി പിടിച്ച കടലാസും ആയി എന്തോ തിരയുകയാണ് അവര്‍ . ഞാന്‍ നീട്ടി വിളിച്ചു.ശബ്ദം കേട്ടവര്‍ തിരിഞ്ഞു നോക്കി.    "സ്വാമിയോ ? എന്തിന്നാണ് ഞങ്ങളുടെ പുറകെ വന്നത് ? തിരിച്ചു പൊവൂ " ഹര്‍ഷ് പറഞ്ഞു. പോവാം നമുക്ക് ഒരുമിച്ച് പോകാം ,എല്ലാവരും നിങ്ങളെ കാത്തിരിക്കുകയാണ്."ഇല്ലാ സ്വാമി ഞങ്ങള്‍ക്ക് വരാന്‍ ആകില്ല ,ഇതു ഞങ്ങളുടെ അവസാന പിടിവള്ളി ആണ്.കോടികളുടെ കട ബാധ്യതയാണ്  ഞങ്ങളെ കാത്തിരിക്കുന്നത്.ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ അളകാപുരിയില്‍ കടന്നു നിധി കണ്ടെത്തുക , ഈ രണ്ടു വഴികളെ ഞങ്ങളുടെ മുന്നില്‍ ഉള്ളൂ" മനുവാണു പറഞ്ഞത്."സ്വാമി തിരിച്ചു പൊവൂ...ഞങ്ങള്‍ ലക്ഷ്യത്തിനടുത്തെത്തി കഴിഞ്ഞു.അളകാപുരിയുടെ കവാടം കടന്നാല്‍ പിന്നെ ഈ കാലാവസ്ഥ അല്ല.എല്ലാം പിതാമഹന്‍ എഴുതി വച്ചിട്ടുണ്ട്.എവിടെ എവിടെയോ ആണ് ആ കവാടം:അല്ലെങ്കില്‍ സ്വാമിയും വരൂ നമുക്ക് ഒരുമിച്ച് പോകാം."

https://4.bp.blogspot.com/-V0MQgTbMD58/Twk_AEU7VnI/AAAAAAAAAhs/hBW99lxfsqs/s320/15+Mount+Kailash+South+Face+Summit+Close+Up+On+Mount+Kailash+Inner+Kora+Nandi+Parikrama.jpg

"ഇല്ലാ ഇതു കൈലാസം ആണ് .ഇവിടെ മനുഷ്യനു പ്രവേശനം ഇല്ലാ.സാഹസം കാണിക്കരുത് ",ഞാന്‍  അവരെ തടയാന്‍ കഴിവതും ശ്രമിച്ചു.പക്ഷേ ഫലം ഉണ്ടായില്ല.അതിടയില്‍ ഞങ്ങളുടെ വലതു ഭാഗത്തായി സ്വര്‍ഗത്തിലേക്കെന്ന വണ്ണം മഞ്ഞു പാളികള്‍ അടുക്കിയ പടികള്‍ ദൃശ്യം ആയി.അതിലൂടെ തീര്‍ഥ ജലം ഒഴുകി വരുന്നുണ്ടായിരുന്നു." ഇതാ ...ഇതാ ..ആ പടികള്‍ ഹര്‍ഷ് ഉറക്കെ പറഞ്ഞു.പിന്നെ അവര്‍ അങ്ങോട്ട് നീങ്ങി : "സ്വാമി ,വീണ്ടും കാണാം  മനു തിരിഞ്ഞു നിന്നു പറഞ്ഞു. ഞാന്‍ വെറുതെ അതു നോക്കി നിന്നു.അവര്‍ പടിക്കെട്ടിനടുത്തെത്തി .പെട്ടന്നാണ് അതു സംഭവിച്ചത് .

https://2.bp.blogspot.com/-rxo8QKafS2U/TwlBV8Yt2VI/AAAAAAAAAh8/7df0P2XpGZ4/s320/himalayas-05_leading.jpg

അതി ശക്തംആയ ഒരു ഹിമ കാറ്റ് ആഞ്ഞു വീശി ആ ഹിമകാറ്റിനിടയില്‍ ഞാന്‍ ഒരു മാത്ര കണ്ടു. .....ആറടിയിലേറെ ഉയരമുള്ള കുറെ രൂപങ്ങള്‍ ആ ഹിമ പടവുകളില്‍ നില്‍ക്കുന്നു.  പക്ഷേ ഒരു നിമിഷത്തിനുള്ളില്‍ എന്‍റെ മുഖത്തും കണ്ണിലും എല്ലാം മഞ്ഞു കണങ്ങള്‍ ശക്തിയായി അടിച്ചു കേറി,കാഴ്ച മറഞ്ഞു  ,കണ്ണു തുറക്കാന്‍ വയ്യ. ശ്വാസം പോലും കിട്ടാതെ ഞാന്‍ പിടഞ്ഞു പോയി .ഒരു ഹുങ്കാര ശബ്ദത്തോടെ കാറ്റ് ആഞ്ഞു വീശുകയാണ് .ആ പര്‍വ്വതത്തിലെ മഞ്ഞു മുഴുവനോടെ അന്തരീക്ഷത്തില്‍ കറങ്ങുകയാണെന്ന് തോന്നി.നില തെറ്റിയ ഞാന്‍ താഴേക്കു വീണു.മരിക്കുന്നതിന് മുന്‍പ് ഞാന്‍ കൈലാസ നാഥനെ ഉറക്കെ വിളിച്ചു.പെട്ടെന്ന് ഞാന്‍ തറയില്‍ നിന്നും ഉയരുന്നതായി എനിക്കു തോന്നി.ആരോ എടുത്തു ഉയര്‍ത്തുന്നത് പോലെ. ശക്തമായ  ഒരു ചിറകടി ശബ്ദം എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞു.പിന്നെ എന്‍റെ ബോധം മറഞ്ഞു.

പിന്നീട് ഞാന്‍ അര്‍ദ്ധബോധാവസ്ഥയില്‍ എപ്പോഴോ കണ്ണു തുറന്നു ,ഹിമ കാറ്റ് അപ്പോഴും അടങ്ങിയിരുന്നില്ല പക്ഷേ ഞാന്‍ ഒരു കല്‍ മണ്ഡപത്തിലാണ് കിടക്കുന്നതെന്ന് മനസ്സിലായി.നേരെത്തെ കണ്ട പ്രകൃതി നിര്‍മ്മിതമായ ഒരു കല്‍ മണ്ഡപം .ചുറ്റും കാറ്റ് അതിന്‍റെ സംഹാര താണ്ഡവം തുടരുകയാണ്.ഞാന്‍ എങ്ങിനെ ഈ സുരക്ഷിത സ്ഥാനത്ത് എത്തി എന്നും, ഹര്‍ഷിനും മനുവിനും എന്തു സംഭവിച്ചു എന്നും അറിയാന്‍ ഞാന്‍ ചുറ്റും പരതി നോക്കി.ഞാന്‍ കേട്ട ചിറകടി ശബ്ദം ,പിന്നെ ആരോ എന്നെ എടുത്തുയര്‍ത്തിയതും എനിക്ക് ഓര്മ്മ‍ വന്നു.

പെട്ടെന്നു എന്‍റെ ശിരസ്സില്‍ ആരോ തലോടുന്ന പോലെ തോന്നി ,ഞാന്‍ തല തിരിച്ചു നോക്കി.ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി ...പിന്നെ എന്‍റെ മനസ്സില്‍  അത്ഭുതത്തിന്റെയും, ആനന്ദത്തിന്റെയും ഒരു തിരതള്ളല്‍ അനുഭവപ്പെട്ടു. എന്‍റെ അടുത്തിരുന്നു ശിരസ്സില്‍ തലോടിയിരുന്നത് ...സ്വപന മിശ്ര  അല്ല  ..പ്രിയവല്ലഭ  ആയിരുന്നു....സ്നേഹിതാ നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?...എന്‍റെ ആദ്യത്തെ എഴുത്തില്‍ ഞാന്‍ സന്യാസം സ്വീകരിക്കാനുള്ള കാരണം വിശദമാക്കിയിരുന്നല്ലോ.സ്വപ്ന മിശ്ര എന്ന പേരില്‍ എന്നെ സഹായിക്കാന്‍ മരുഭൂമിയിലേക്ക്  പറന്നിറങ്ങിയ പ്രിയവല്ലഭ എന്ന കിന്നരി ആയിരുന്നു അത് .
***
https://1.bp.blogspot.com/-99H6QdM0CWI/Twk47Wd32UI/AAAAAAAAAgs/xDy_smfLd20/s200/vishwasikkoo.JPG

ഒരു വര്‍ഷം സ്വപ്ന മിശ്രയായി  ദുബായില്‍ ജീവിച്ച ശേഷം എങ്ങോ മാഞ്ഞു പോയ ,ഒടുവില്‍ ഗുരുജിക്ക് മുന്‍പില്‍ വെച്ച് സ്വന്തം രൂപത്തില്‍ ദര്‍ശനം നല്‍കി വീണ്ടും മറഞ്ഞു പോയ പ്രിയ വല്ലഭ .എന്ന കിന്നരി -ഇതാ വീണ്ടും ഈ കൈലാസ ഭൂമിയില്‍ എന്‍റെ രക്ഷക്കായി ഒരിക്കല്‍ കൂടി പറന്നെത്തിയിരിക്കുന്നു.എഴുന്നേറ്റ് കിന്നരിയെ വന്ദിക്കണം എന്നു മനസ്സ് പറഞ്ഞു എങ്കിലും എന്‍റെ ശരീരം അനക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല .
മധുരമായ ഒരു ശബ്ദം എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞു അതിപ്രകാരം ആയിരുന്നു..."മനുഷ്യ വര്‍ഗ്ഗത്തിന് അപ്ര്യാപ്തമായ ഒരു പ്രദേശം ആണിത്.ഒരിയ്ക്കലും ഇത്തരം സാഹസത്തിന് ഇനി ശ്രമിക്കരുത്. താങ്കള്‍ എന്തിനാണ് സന്യാസം സ്വീകരിച്ചത് എന്ന്‍ എനിക്കറിയാം : പക്ഷേ ആ ആഗ്രഹവും സാധിച്ചുതരാന്‍ എനിക്കു കഴിയില്ല .അതും പ്രകൃതിയുടെ നിയമത്തിന് എതിരാണ്.മനുഷ്യന്‍  പ്രകൃതിയുടെ  നശ്വരമായ സൃഷ്ടിയാണ്  ഞങ്ങള്‍ അനശ്വരരും .   യക്ഷരും ,കിന്നരരും ഗന്ധ്ര്‍വരും ഒക്കെ എണ്ണത്തില്‍ കുറയുകയോ കൂടുകയോ ഇല്ല.പ്രേമം, വിവാഹം ,കുടുംബം എന്നീ മനുഷ്യ വികാരങ്ങള്‍ ഞങ്ങള്‍ക്കു നിഷിദ്യം...ആര് ഞങ്ങളെ ഉപാസിക്കുന്നോ അവരെ സഹായിക്കുക അതാണ് നിയമം. പക്ഷേ താങ്കള്‍ക്കൊപ്പം കഴിഞ്ഞ സമയം ഒരിക്കലും ഓര്‍മ്മയില്‍ നിന്നും മായില്ല;  ഞങ്ങളുടെ നിയമം അത് അനുവദിക്കുന്നില്ല എങ്കിലും!. വീണ്ടും തമ്മില്‍ കാണുവാന്‍ കഴിയട്ടെ".

https://1.bp.blogspot.com/-pOELFd-N__s/Twm-qfc5itI/AAAAAAAAAiQ/iYCuxXnhwe4/s400/Kinnari-at-Phra-Meru.jpg
പ്രിയവല്ലഭ കിന്നരി

പിന്നീട് ഞാന്‍ വീണ്ടും ആ ചിറകടി ശബ്ദം കേട്ടു ...ഒരു വലിയ പക്ഷിയെ പോലെ ചിറകു വിടര്‍ത്തി പ്രിയാവല്ലഭ പറന്നുയര്‍ന്നു ,പിന്നെ മഞ്ഞിലേക്ക് ഒരു പൊട്ടുപോലെ മറഞ്ഞു പോയി.  മെല്ലെ മെല്ലെ എനിക്കു വീണ്ടും ബോധം നഷ്ടപ്പെട്ടു.

പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ഒരു ഹോസ്പിറ്റല്‍ ബെഡില്‍ ആണെന്ന് മനസ്സിലായി ,കണ്ണു തുറന്നപ്പോള്‍ ആകാംഷയോടെ എന്നെ തന്നെ നോക്കി നില്‍ക്കുന്ന സ്വാമിമാരും മറ്റു സഹയാത്രികരും.കണ്ണു തുറന്നപ്പോള്‍ സ്വാമിമാര്‍ ആശ്വാസത്തോടെ പറയുന്നതു കേട്ടു "സ്വാമി അങ്ങ് രക്ഷപ്പെട്ടത് വലിയ ഒരു അത്ഭുതം തന്നെ ആണ് എന്നാണ് ഇവര്‍ പറയുന്നത്".ശരിയാണ് ,ഞങ്ങളുടെ ഗൈഡ് പറഞ്ഞു:അത്തരം കാലാവസ്ഥയില്‍ ആവഴിക്ക് പോകുന്നവരില്‍ ആരും ഇന്നേവരെ തിരിച്ചു വന്നിട്ടില്ല അത്രേ !!.
അത് ടിബറ്റിലെ ഒരു ഹോസ്പിറ്റല്‍ ആണെന്നും ,ഹിമകാറ്റിനു ശേഷം ഷെര്‍പ്പകളും ,ഹെലികോപ്റ്ററില്‍ മറ്റ് രക്ഷാ  പ്രവര്‍ത്തകരും നടത്തിയ തെരച്ചിലിനോടുവില്‍ ആണ് എന്നെ സുരക്ഷിതമായി ഒരു ശിലാമണ്ഡപം പോലുള്ള ഒരു പര്‍വ്വത ഭാഗത്ത് കണ്ടെത്തിയത് എന്നും പിന്നീട് അവര്‍ പറഞ്ഞു.പക്ഷേ നമ്മുടെ കൂട്ടത്തിലെ രണ്ടു പേരെ എന്നെന്നേക്കും ആയി നഷ്ടപ്പെട്ടു എന്ന ഒരു ദുഖ്ം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.ഹര്‍ഷിനെയും മനുവിനെയും കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല എന്നും ,പിന്നീട് അവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു എന്നും ഞാന്‍ അറിഞ്ഞു.

രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം, ടിബെറ്റെന്‍ പീഠ ഭൂമിയിലൂടെ തിരിച്ചുള്ള യാത്രയില്‍  ,പുലര്‍കാല സൂര്യകിരണങ്ങള്‍ ഏറ്റു സ്വര്‍ണ്ണംപോലെ വെട്ടിത്തിളങ്ങുന്ന കൈലാസ ശിഖിരത്തിലേക്ക് ഞാന്‍ ഒന്നു തിരിഞു നോക്കി.മഞ്ഞു പുതച്ച ആ മലനിരകളില്‍ എവിടയോ നിന്ന് ഹര്‍ഷും മനുവും എനിക്കു യാത്രാമംഗളം നേരുന്നതായി തോന്നി.!!! പിന്നെ അതിനുമപ്പുറം ...ഒരു വലിയ പക്ഷിയുടെ ചിറകടി ശബ്ദവും കാതുകളില്‍ മുഴങ്ങി !!!

https://4.bp.blogspot.com/-sHyW2m5puNY/TwlNiJvCRMI/AAAAAAAAAiE/LiOhu-KiwME/s400/MtKailash_Sunrise_1.jpg

ഹര്‍ഷിനും മനുവിനും എന്തു സംഭവിച്ചു എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നം ആണ്.അവര്‍ അളകപുരിയിലേക്ക് കടന്നോ? അതോ ആ ഹിമ കാറ്റില്‍ അവരുടെ ജീവന്‍ പൊലിഞ്ഞോ?ഹിമകാറ്റിനിടയില്‍ ഞാന്‍ കണ്ട രൂപങ്ങള്‍ ആരായിരുന്നു? ഇനി എന്നാകും' പ്രിയ വല്ലഭ' എനിക്ക് ദര്‍ശനം നല്‍കുക?

ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍  അവശേഷിപ്പിച്ചു കൊണ്ടൊരു യാത്ര പൂര്‍ത്തിയാകുന്നു......

ഇതു നിങ്ങള്‍ വിശ്വസിക്കണം എന്നു ഞാന്‍ പറയില്ല ,പക്ഷേ സത്യം ഇതാണ്.

 ' നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം' .

സ്നേഹപൂര്‍വം ,

പദ്മതീര്‍ഥ  (ഒപ്പ്)


***(ഇതു വായിക്കുന്നവര്‍  "വിശ്വസിച്ചാലും  ഇല്ലെങ്കിലും" എന്ന ആദ്യ പോസ്റ്റ് വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.)