Google+ Followers

Sunday, 22 April 2012

ഒരു പെണ്ണ് കാണൽ കഥ
ഥ എന്നൊരു ഭംഗിക്ക് പറഞ്ഞതാ ..സത്യത്തില്‍ നടന്ന സംഭവം തന്നെ.നിയമ പഠനം ഒക്കെ കഴിഞ്ഞ് കോടതിയും ചില്ലറ ബിസിനെസും ഒക്കെ ആയി നടക്കുന്ന  കാലം..കസിന്‍സ് ഒക്കെ പെണ്ണ് കെട്ടാന്‍ നടക്കുന്ന സമയമായതിനാല്‍ മിക്കവാറും അവധി ദിവസങ്ങളില്‍ പെണ്ണുകാണല്‍ എന്ന പരിപാടി ഉണ്ടാകും.വല്ലവരുടെയും പെണ്ണ് കാണലിന് കൂട്ട് പോകുന്നത് ഒരു രസമുള്ള പരിപാടി ആണ്.കാറില്‍ ഇരുന്നു പെണ്ണ് വീട്ടില്‍ എത്തുക ,ലഡു ,ജിലേബി,കായ് വറുത്തത്,ഉണ്ണിയപ്പം,മിക്സ്ചര്‍ ഇത്യാദി ബേക്കറി സാധനങ്ങള്‍ തിന്നുകയും പെണ്ണോ ,അമ്മയോ കൊണ്ടുവരുന്ന ചായ കുടിക്കുകയും ചെയ്യുക.പെണ്ണിന്റ്റെ അനിയത്തിയോ,കൂട്ടുകാരിയോ ഉണ്ടെങ്ങില്‍ അവരെ നോക്കി വെക്കുക ,തിരിച്ചു വരുന്നവഴി ഏതെങ്കിലുംബാറില്‍ നിന്നും ചില്ലിചിക്കനും പൊറോട്ടയും ഒത്താല്‍ ഒരു ബിയറും .ആനന്ദ ലബ്ധിക്കിനി എന്തു വേണം!

ശങ്കരന്‍കുട്ടി ചേട്ടന്‍  എന്ന കുടുംബ ദല്ലാളായിരുന്നു എല്ലാത്തിന്റെയും സൂത്രധാരന്‍  . അങ്ങിനെ ഓരോരുത്തരായി  കരപറ്റി.പക്ഷേ ഒരു വലിയച്ഛന്‍റെ മകന് മാത്രം ഒന്നും അങ്ങോട്ട് ഒത്തു വരുന്നില്ല .ഒരു പേരിനു വേണ്ടി ആളെ നമുക്ക് ശശി എന്നു വിളിക്കാം.ഡയിങ് ഹര്‍നെസ്സ് ആയി  പി‌ജെ ജോസെഫ്ന്‍റെ വകുപ്പില്‍ ജോലി ഉണ്ട്.നിറവും പൊക്കവും അല്പം  കുറവെങ്കിലും ,വണ്ണം ഒട്ടും കുറവില്ല.നല്ല രോമവളര്‍ച്ചയും ഉള്ള ശരീരം.എന്നിട്ടും ഒന്നും അങ്ങോട്ട് ശരി ആകുന്നില്ല.ഒടുവില്‍ കൊടുങ്ങല്ലൂരിലെ പോളകുളം ബാറില്‍ വെച്ചു ശങ്കരങ്കുട്ടി ചേട്ടന്‍  ഒരു ആറു മാസ പദ്ധതി പ്രഖ്യാപനം നടത്തി.അന്നേക്കു ആറു മാസത്തിനുള്ളില്‍ കല്യാണം നടത്തിയിരിക്കും  എന്നാണ് പുള്ളി ഗുരുകാരണവന്‍മാരെയും , പോളകുളം നാരായണന്‍ ചേട്ടനെയും  (ബാര്‍ ഉടമ) പിടിച്ച് സത്യം ചെയ്തത് .ജീവന്‍ പോയാലും അവസാനം വരെ ചേട്ടനൊപ്പം നില്ക്കും എന്നു ഞങ്ങളും സത്യം ചെയ്തു.

പിന്നെ അങ്ങോട്ട് തന്ത്രങ്ങള്‍ മാറ്റി പരീഷിക്കാന്‍ തീരുമാനിച്ചു. വാടാനപ്പിള്ളി അനുഗ്രഹ  ,തൃപ്രയാര്‍ ശരത് ,കൊടുങ്ങലൂര്‍ ജ്യോതി ( തെറ്റിദ്ധരിക്കേണ്ട എല്ലാം കല്യാണ ബ്യൂറോകളാണ്) തുടങ്ങിയ സ്ഥലത്തെ പ്രധാന ബ്യൂറോയിലൊക്കെ രജിസ്റ്റര്‍ ചെയ്തു   .അവിടെ ഒക്കെ പോയി നല്ല പ്രൊഫൈല്‍സ് നോക്കി പ്രിന്‍റ് എടുക്കുക .(ഫോട്ടോ ഉണ്ടെങ്ങില്‍ മുന്‍ഗണന ) പിന്നെ വിളിച്ച് സംസാരിക്കുക ,ഒത്താല്‍ പിറ്റേ ഞായര്‍ ആഴ്ച്ച പെണ്ണ് കാണല്‍ . വടക്കോട്ടുള്ള റൂട്ട് പിടിക്കുന്നതിനാല്‍ ഒരു ദിവസം 2-3 ഒക്കെ ഒറ്റ ട്രിപ്പില്‍ നടക്കും.ബേക്കറി പലഹാരം തിന്നു തിന്നു, കാണുമ്പോള്‍ തന്നെ  ഏതു ബേക്കറി എന്നു പറയാവുന്ന അവസ്ഥയില്‍ ആയി.എന്നിട്ടും പെണ്ണ് ഒക്കുന്നില്ല .നമുക്ക്  ഇഷ്ടംആവാത്തതല്ല പെണ്ണിന് പിടിക്കുന്നില്ല.

വെറുതെ ഇങ്ങിനെ പോയിട്ടു കാര്യം ഇല്ല എന്നു തോന്നി,ഇപ്പൊ പെണ്‍പിള്ളേരൊക്കെ ഗ്ലാമര്‍ നോക്കുന്നവര്‍ ആയി പോയി. എര്‍ണാകുളത്ത്  "ഓലെ" എന്ന ഒരു ജെന്‍റ്സ് ബ്യൂട്ടിപാര്‍ലര്‍ തുറന്നതായി അറിഞ്ഞു ,സിനിമ നടന്‍മാരൊക്കെ വരുന്ന സ്ഥലം ...അകത്തു കേറി തിരിച്ചിറങ്ങിയാല്‍ പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല,  സോറി തിരിച്ചറിയില്ല എന്നാണ് പറയുന്നതു.എന്നാല്‍ പോവുക തന്നെ ,പക്ഷേ ആ  ബ്യൂടി പാര്‍ലര്‍  ഉടമ ബ്ലീച്ചും ,ഫേഷ്യലും ഒക്കെ ചെയ്ത ശേഷം കുറെ  പെണ്ണുകാണല്‍ ടിപ്സ്  തന്ന കൂട്ടത്തില്‍ പറഞ്ഞു.പെണ്ണ് കാണാന്‍ പോകുമ്പോള്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ കൂടെ കൂട്ടരുത്.,നമ്മെക്കാള്‍ നിറവും ഭംഗിയും കുറഞവരെ കൂടെ കൊണ്ടുപോകണം ,എന്നാലേ അയാളുടെ
ട്രീറ്റ്മെന്‍റ്  ഒക്കെ ഫലിക്കൂ പോലും !! . ഒരു കസ്റ്റമറെ പിടിച്ചുകൊടുത്ത എന്‍റെ കഞ്ഞിയില്‍ അയാള്‍ പാറ്റ ഇടും എന്നു തോന്നിയപോള്‍ , അറിയാതെ ഞാന്‍ ഒന്നു പ്രതികരിചതു കുഴപ്പം ആയിപോയി . "വീട്ടുകാരെയും,കൂട്ടുകാരെയും അല്ലാതെ പിന്നെ പെണ്ണ്കാണാന്‍ കൂട്ടുപോകാന്‍ ഇനി ആഫ്രിക്കയില്‍ നിന്നും നീഗ്രോകളെ കൊണ്ടുവരാന്‍ പറ്റുമോ ?"        എന്നായിരുന്നു നിഷ്കളങ്കം ആയി  ഞാന്‍ പറഞ്ഞുപോയത്  .

'അപ്പോ ഇതാണ് നിന്റെ മനസ്സിലിരുപ്പ് അല്ലേ' എന്ന മട്ടില്‍എന്നെ ഒന്നു ഇരുത്തി നോക്കിയ ശശി  അടുത്ത ആഴ്ച്ചയിലെ പരിപാടിക്ക് എന്‍റെ പേര് വെട്ടി ,പകരം കല്യാണം ഒക്കെ കഴിഞ്ഞ വേറെ ഒരു ചേട്ടനെ കൂടെ കൊണ്ട് പോയി.പക്ഷേ കൂട്ടത്തില്‍ ഒരു വക്കീല്‍ ഉള്ളത് ഒരു വെയിറ്റ് ആണെന്ന ശങ്കരന്‍ കുട്ടി ചേട്ടന്‍റെ അഭിപ്രായം മാനിച്ച് അവസാനം എല്ലാം കോമ്പ്ലീമെന്‍റ്  (കോംപ്രമൈസ് എന്നും പറയാം) ആക്കി.  അതനുസരിച്ച് വീണ്ടും പരിപാടി തുടര്‍ന്നു.
.
SSLC എന്ന കടമ്പ കടക്കാന്‍ ഒരു കാലത്ത് പാരല്‍ കോളേജുകള്‍ മാറിമാറി പരീക്ഷിച്ച  ഇദ്ദേഹം പക്ഷെ കാണാന്‍ പോകുന്ന കുട്ടികള്‍ ഒക്കെ ഡിഗ്രീയും അതിനും മേലെയും പഠിച്ചവരായിരുന്നു.ഒടുവില്‍ ശങ്കരന്‍ കുട്ടി ചേട്ടന്‍ പറഞ്ഞു നമ്മുടെ പഠിപ്പോന്നു കൂട്ടി പറയാം സര്‍ക്കാര്‍ ജോലി ഉള്ളതല്ലേ ആരും അറിയില്ല .അതു വേണോ ? എന്നു ഞങ്ങള്‍ ചോദിച്ചു ,'ഒരു കുഴപ്പവും ഇല്ലെന്നെ, ഈ പഠിപ്പെന്തിനാ ? ജോലി കിട്ടാന്‍ ,അപ്പോ ജോലിയാണ് പ്രധാനം അപ്പോ ഇത്തിരി കൂട്ടി പറഞ്ഞാലും കുഴപ്പം ഇല്ല'എന്നിട്ട് ശങ്കരങ്കുട്ടി ചേട്ടന്‍ ഡെയറി തുറന്ന്‍ ഒരു ഫോട്ടോ കാണിച്ചു .തരകേടില്ലാത്ത ഒരു കുട്ടി ,എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.വേറെ കാര്യങ്ങള്‍ ഒന്നും ചേട്ടന്‍ പറഞ്ഞും ഇല്ല.

അടുത്തആഴ്ച്ച പെണ്ണ് കാണല്‍. തൃശൂര്‍ ജില്ലയിലെ    മാപ്രാണത്തുനിന്നും ഏതോ വഴി തിരിഞ്ഞു അവസാനം പെണ്ണിന്‍റെ വീടിനടുത്തെത്തി  .പഴയ മട്ടിലുള്ള ഒരു  വലിയ രണ്ടു നില വീട് .വീടിനടുത്ത് വഴിയില്‍കാര്‍ നിറുത്താന്‍ ചേട്ടന്‍ പറഞ്ഞു ,"പിന്നെ ഒരു പ്രധാന കാര്യം ,കുട്ടി നല്ല പഠിപ്പുകാരിയാണ് എന്‍ജിനിയര്‍ ആണ്!"  അതുകേട്ടു ഞങ്ങള്‍ ഒന്നു ഞെട്ടി ,പത്താം ക്ലാസ്സുകാരനു   എന്‍ജിനിയര്‍ പെണ്ണോ !!! പക്ഷേ ശങ്കരങ്കുട്ടി ചേട്ടന് കുലുക്കമില്ല ,"ഞാനും പറഞ്ഞു നമ്മുടെ ആളും ജല വകുപ്പില്‍ എന്‍ജിനിയര്‍ ആണെന്ന്: അതോടെ സകല ഗ്യാസും പോയി . ശങ്കരന്‍കുട്ടി ചേട്ടനെ തെറി വിളിച്ച് കൊണ്ട്  കാര്‍ തിരിക്കാന്‍ തുടങ്ങുപ്പോള്‍ അതാ ..മധ്യവയസ്കനായ ഒരു മനുഷ്യന്‍ വീടില്‍ നിന്നും ഇറങ്ങി  വരുന്നു. " അല്ലാ,എന്താ അവിടെ നിറുത്തിയത്..വരൂ.വരൂ വണ്ടി  ഇങ്ങോട്ട് കേറ്റി ഇടാമെല്ലോ....പെണ്ണിന്‍റെ അച്ഛനാണ്.........

ഇനി വേറെ വഴി ഇല്ലാ,വരുന്നിടത്ത് വച്ച് കാണാം എന്ന മട്ടില്‍ എല്ലാവരും വീട്ടിലേക്ക് കയറി.നല്ല പേര്‍സണാലിറ്റി ഉള്ള ഒരു വ്യക്തി ആണ് തന്തപടി ,ഗള്‍ഫുകാരന്‍ -.കാശുകാരന്‍ ആണെന്ന്  കഴുത്തിലെ സ്വര്ണം കെട്ടിയ തടിയന്‍ രുദ്രാക്ഷ മാലയും,കയ്യിലെ ചെയിനും ,സില്‍ക്ക് ജുബ്ബായും ഒക്കെ തെളിവ്.വെളുത്തു തടിച്ച ഒരു കുട്ടിതാറാവു  പോലെ പലഹാരങ്ങളും ആയി അമ്മ വന്നു.അമ്മയെ കണ്ടപ്പോള്‍  കുട്ടിയെ കുറിച്ചു ഏകദേശം പിടികിട്ടി. "അപ്പോ ഇതാണ് നമ്മുടെ ചെക്കന്‍ ,ശങ്കരങ്കുട്ടി ചേട്ടന്‍ സമയം ഒട്ടും കളയാതെ കാര്യത്തിലേക്ക് കടന്നു."ഓഹോ എന്‍ജിനിയറിങ് കഴിഞ്ഞ ഉടനെ ജോലി കിട്ടി അല്ലേ ? എവിടാ പ ഠിച്ചിരുന്നത് ?"വയനാട്" ,ശങ്കരന്‍ കുട്ടി ചേട്ടന് സംശയം ഇല്ല.. ഞാന്‍ ഞെട്ടി,ശങ്കരങ്കുട്ടി ചേട്ടന്‍റെ മകളെ കല്യാണം കഴിചിരിക്കുന്നത് വയനാട് ആണെന്നല്ലാതെ , സ്വാശ്രയവും ,സെല്‍ഫ് ഫൈനാന്‍സ്ഉം ഒന്നും ഇല്ലായിരുന്ന അക്കാലത്ത് വയനാട്ടില്‍ എന്‍ജിനിയറിങ് കോളേജ് പോയിട്ടു ഇഞ്ചി കൃഷി പോലും ഇല്ല."വയനാട്ടിലോ? അവിടെ ഏത് കോളേജില്‍ ?പ്രതീഷിച്ച ചോദ്യം ,തന്തപടിയില്‍ നിന്നും."അല്ല വയനാട് പോളിടെക്നിക്ല്‍ പഠിക്കുമ്പോള്‍  ബാംഗ്ലൂരില്‍ അഡ്മിഷന്‍ കിട്ടി". ഞാന്‍ ഇടക്കു കേറി പറഞ്ഞു.ദീര്‍ഘശ്വാസംഎടുക്കും മുന്പെ അടുത്ത ചോദ്യം എത്തി ,"ഓഹോ ബാംഗ്ലൂര്‍ എവിടെ ? മോളും അവിടെയായിരുന്നു".വായില്‍ വന്ന പേര് രാമ്മയ്യ എന്നായിരുന്നു. അതൊരു വലിയ കോളേജ് ആണെന്ന് അറിയാമായിരുന്നു."അത്ഭുതമായിരിക്കുന്നല്ലോ മോളും അവിടെ ആയിരുന്നു. അപ്പോ അവളുടെ സീനിയര്‍ ആയിരിയ്ക്കും. ശരി മോളെ വിളിക്കാം ഇവര്‍ അറിയുമായിരിക്കും".തന്തപടിയുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നും വരുന്ന പോലെ തോന്നി.

എന്തോ!!?  വായിലേക്ക് വച്ച  ജിലേബിക്കു കയിപ്പ് രസം ആണ് തോന്നിയത്.ശശി ഒന്നു   ഞെട്ടുന്നതും ,അവന്‍റെ കയ്യില്‍ ഇരുന്നിരുന്ന (മനസ്സിലല്ല....)  ലഡ്ഡു പെട്ടെന്നു പൊട്ടുന്നതും ഞാന്‍ കണ്ടു .   എന്നെ ദയനീയമായി നോക്കിയിട്ട് ശശി പതുക്കെ ചോദിച്ചുബാംഗ്ലൂര്‍  ആകെ ഈ ഒരു കോളേജ് മാത്രമേ ഉള്ളോടാ?    :ഇതിപ്പോ ശങ്കരന്‍ കുട്ടി ചേട്ടന്‍ മാപ്പ്സാഷിയും ഞാന്‍ പ്രതിയും  ആയ പോലെ ആയി കാര്യങ്ങള്‍ !!!.

പെണ്ണ് വന്നു ,അമ്മയെ പോലെ തന്നെ , നല്ല സ്മാര്‍ട്ട് ആയ കുട്ടി ."മോളെ ശശിയും രാമയ്യ യില്‍ ആണ് പഠിച്ചത്,നോക്കൂ നീ അറിയുമോ എന്ന്?" തന്തപടി വക കമ്മേന്‍ററി തുടങ്ങി ,എങ്ങിനെയും അവിടെനിന്നു രക്ഷപ്പെടണം എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു ഞാന്‍ .തന്തപടിയുടെ മട്ടും ഭാവവും കണ്ടാല്‍ എസ്‌എസ്‌എല്‍‌സി കാരന്‍ ആണെന്ന് പറഞ്ഞാല്‍ പോലീസിനെ വിളിക്കാനും മടിക്കില്ല .പലഹാരങ്ങളും ആയി മല്‍പിടുത്തം നടത്തുന്ന ശങ്കരന്‍ കുട്ടി ചേട്ടനെ ഞാന്‍ പതുക്കെ വിളിക്കാന്‍ നോക്കി ,"പോകാം ..പോകാം  എന്നാണ് ഞാന്‍ പറഞ്ഞത് പക്ഷേ കഷ്ടകാലത്തിന് തന്തപടി അത് കണ്ടു " എന്താ ഒരു രഹസ്യം ?"കാര്യം പിടികിട്ടിയില്ലെങ്കിലും ജന്മനാ ദല്ലാളായ ശങ്കരങ്കുട്ടി ചേട്ടന്‍ തട്ടി വിട്ടു "അതേയ് ചെക്കനും പെണ്ണിനും തനിച്ചൊന്നു സംസാരിക്കണം എന്ന് പറയുകയായിരുന്നു " ഓഹോ അതിനെന്താ മോളെ നിങ്ങള്‍ അകത്തു പോയി സംസാരിക്കൂ ' ചെല്ലൂ ശശി ,....വാ മോനേ ..അമ്മയുടെ വക ...

ദയനീയമായി എന്നെ ഒന്നു നോക്കിയിട്ട് ശശി അകത്തേക്ക് നടന്നു .വധശിഷക്കു വിധിക്കപ്പെട്ടവന്‍ ,തൂക്കുമരത്തിലേക്ക് പോകുന്നപോലെ ശശി അകത്തേക്ക് പോയി."നമുക്ക് ഒന്നു പുറത്തേക്ക് ഇറങ്ങിയാലോ ? " തൊടി ഒക്കെ ഒന്നു കാണാം" .തന്തപടി യുടെ ക്ഷണ്ം.ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി,  5 മിനിറ്റ് ക ഴിഞില്ല , ശരം വിട്ട പോലെ ശശി പുറത്തേക്ക് വന്നു .വീട്ടിനകത്ത്നിന്നും അമ്മയുടെയും മോളുടെയും പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട് .എന്താ ഇത്ര വേഗം സംസാരിച്ച് തീര്‍ന്നോ? എന്നും മറ്റും ഉള്ള തന്തപടിയുടെയും ,ശങ്കരങ്കുട്ടി ചേട്ടന്‍റെയും ചോദ്യങ്ങള്‍ ശ്രദ്ധിക്കാതെ  ശശി നേരെ കാര്‍ എടുത്തു .സംഗതി പന്തിയല്ല എന്നു മനസ്സിലായ ഞാന്‍ പെട്ടെന്നു തന്നെ കാറില്‍ കേറി പറ്റി. .കാര്യം പിടികിട്ടാത്ത ശങ്കരന്‍ കുട്ടി ചേട്ടന്‍ മിഴിച്ചു നില്‍ക്കുന്നതിനിടയില്‍ ശശി കാര്‍ പറത്തി വിട്ടു ,പറവൂരിലെ ഗോള്‍ഡന്‍ പാലസ് ബാറില്‍ എത്തി ഒരു ബിയര്‍ ഒറ്റവലിക്ക് കുടിച്ചിട്ടാണ് ശശി പിന്നെ സംസാരിച്ചത് "ആദ്യം നീ ഒരു സത്യം ചെയ്യണം ഈ കാര്യം നമ്മള്‍ മൂന്നു പേരല്ലാതെ വേറെ ഒരാളും അറിയരുത്,എന്‍റെ കല്യാണം കഴിയുന്ന വരെ എങ്കിലും ...."ആ ബിയര്‍  കുപ്പിയില്‍ പിടിച്ച് ചെയ്ത സത്യം ഇന്നേ ദിവസം വരെ ഞാന്‍ പാലിച്ചു .(ഇന്ന് ശശി 2 കുട്ടികളുടെ അച്ഛനാണ് )പക്ഷേ അകത്ത് എന്താണ് നടന്നത്  എന്ന് ഇന്നേവരെ ശശി പറഞ്ഞിട്ടില്ല .അത് നിങ്ങള്‍ ഊഹിക്കുക .

വാല്‍കഷണം :-

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാലന്‍ കുടയും ഡയറിയും ആയി ഒരാളെത്തി: "ശങ്കരന്‍ കുട്ടി ചേട്ടന്‍ " എന്നോട് ഈ ചതി വേണ്ടായിരുന്നു ,എന്നെ ഒറ്റക്കിട്ടിട്ടു നിങ്ങള്‍ രക്ഷപ്പെട്ടല്ലേ ,എന്‍റെ ദല്ലാള്‍ ജീവിതത്തില്‍ ഒരു പാടു ചീത്ത ഞാന്‍ കേട്ടിട്ടുണ്ട് ,പക്ഷേ ഇമ്മാതിരി ഒരു തെറി ആദ്യമാ ,അയാള്‍ക്ക് ദുബായില്‍ ഒട്ടകനോട്ടമോ ,മീന്‍ കച്ചോടമോ ആണ് പണി എന്ന് തോന്നുന്നു അല്ലെങ്കില്‍ മാന്യന്‍മാര്‍ ഇങ്ങിനെ തെറി പറയുമോ ?

 അല്ല ഈ എന്‍ജിനിയര്‍ ഇത്ര വലിയ സാധനം ആണോ

ശങ്കരന്‍ കുട്ടി ചേട്ടന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ......