Sunday, 21 June 2020

ഇടനാഴിയിലെ പെൺകുട്ടി (വിശദീകരിക്കാനാകാത്ത സംഭവം)




എട്ട് വര്ഷം മുൻപാണ് ഈ സംഭവം നടക്കുന്നത് .പെട്ടെന്നുണ്ടായ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ,കേരളത്തിലെ ഒരു പ്രശസ്തമായ ഹോസ്പിറ്റലിൽ എനിക്ക് കുറച്ചു ദിവസം കിടക്കേണ്ടതായി വന്നു.വല്ലാത്ത തിരക്കുള്ള ആ ഹോസ്പിറ്റലിൽ ഒരു റൂം കിട്ടാനുള്ള ബുദ്ധിമുട്ടു മൂലവും ,ഞാൻ ആദ്യം കണ്ട ഡോക്ടർ ഒങ്കോളജി വിഭാഗത്തിൽ ആയിരുന്നതിനാലും ,കുറെ ടെസ്റ്റുകൾ നടത്തേണ്ടതിനാലും ഒങ്കോളജി ഡിപ്പാർട്മെന്റിലെ ഒരു ട്വിൻ ഷെയറിങ് റൂമാണ് എനിക്ക് അവസാനം കിട്ടിയത്.മറ്റേ ബെഡിൽ വര്ഷങ്ങള്ക്കു മുൻപ് വന്നുപോയ ക്യാൻസറിന്റെ ചില ലക്ഷണങ്ങൾ ചെറുതായി വീണ്ടും കണ്ടതിനെ തുടർന്ന് ഒബ്സർവേഷനും ചെക്കിങ് നും ആയി വന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരനായിരുന്നു . തോമസ് എന്നായിരുന്നു ആളുടെ പേര്‌.

 ഇതിനിടയിൽ പലവിധ ടെസ്റ്റുകളും നടത്തിയതിയതു പ്രകാരം ശരീരത്തിൽ ഫ്ലൂയിഡ് ഫോർമേഷൻ ആണെന്നും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കണ്ടതിനെ തുടർന്ന് ,എനിക്കുള്ള ട്രീറ്റ്മെന്റ് ആരംഭിച്ചു.

ഞാൻ കിടന്ന റൂമിൽ വലിയ കുഴപ്പം ഇല്ലായിരുന്നു എങ്കിലും ആ ഡിപ്പാർട്മെന്റിൽ മറ്റുള്ള കാഴ്ച്ചകൾ സുഖകരം ആയിരുന്നില്ല. കാൻസർ ബാധിതരായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും അവസ്ഥ കാണുന്നത് തന്നെ നമ്മുടെ മനസ്സിനെ അസ്വസ്ഥം ആക്കുമായിരുന്നു.മറ്റേതെങ്കിലും റൂമിലേക്ക്‌ മാറ്റാമോ എന്ന് ഞാൻ ഡോക്ടറോട് പലവട്ടം ചോദിച്ചു എങ്കിലും ബെഡ് ഒന്നും ഒഴിവില്ലാത്തതിനാൽ ഒന്നും നടന്നില്ല.

ഇതിനിടയിൽ ശരീരത്തിലെ ഫ്ലൂയിഡ് കുറയുന്നതിനായുള്ള മരുന്നുകൾ എനിക്ക് തന്നു തുടങ്ങി ,അതോടെ ശരീരത്തിലെ വെള്ളം വറ്റുന്നതുകൊണ്ട്  രാത്രിയിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങി ,മാത്രമല്ല ചൂടും ,കൊതുകുകളും കൂടി ആയപ്പോൾ രാത്രിയിൽ ഉറക്കം ഇല്ലാതായി. ഇതുകാരണം രാത്രിയിൽ പുറത്തിറങ്ങി ഇടനാഴിയിൽ കൂടി ഉലാത്തുന്നത് ഞാൻ പതിവാക്കി.എന്റെ റൂമിന്റെ മുൻപിൽ തന്നെ ആയിരുന്നു നേഴ്സ് മാരുടെ ക്യാബിൻ  പക്ഷെ രാത്രിയിൽ ഒരാളെ പോലും അവിടെ കാണാറില്ലായിരുന്നു.

ആ ഹോസ്പിറ്റലിലെന്റെ നിർമാണം ഒരു പ്രത്യേക രീതിയിൽ ആയിരുന്നു .വൃത്താകൃതിയിൽ ഉള്ള ഒരു പ്രധാന കോറിഡോർ ,അതിലൂടെയാണ് മറ്റുള്ള ഭാഗങ്ങളിലേക്കു പോകുന്നത് .ഈ കോറിഡോറിനു പുറത്തായി വൃത്താകൃതിയിൽ ഉള്ള വലിയ മെയിൻ ബിൽഡിംഗ് .അതിലാണ് മറ്റുള്ള ഡിപ്പാർട്മെന്റ്സ് ,റൂമുകൾ  എല്ലാം .അതായത് ഒരു വൃത്തത്തിനുള്ളിൽ മറ്റൊരു വൃത്തം. അകത്തെ കോറിഡോറിൽ നിന്നും ഓരോ ഓരോ ഡിപ്പാർട്മെന്റിലേക്കും ഒരു ഓവർ ബിഡ്ജ്കൊണ്ട് ബന്ധിച്ചിരിക്കുന്നു .ഔട്ട് പേഷ്യന്റ് വിഭാഗങ്ങൾ മാത്രം മെയിൻ കോറിഡോറിൽ . ഒരു ഡിപ്പാർട്മെന്റിൽ നിന്നും പുറത്തേക്കു പോകണം എങ്കിൽ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗത്തുകൂടി മെയിൻ കോറിഡോറിൽ കടക്കണം .

കോറിഡോറിലൂടെ നടന്നാൽ  ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ എയർ കണ്ടിഷണർ ഉണ്ടായിരുന്നതിനാൽ അവിടെ പോയി ഇരുന്നു സമയം കളയുക ഞാൻ പതിവാക്കി. കാർഡിയോ ഡിപ്പാർട്മെന്റിലെ എസി രാത്രിയിലും ഓഫ് ചെയ്യാറില്ല എന്നതു രണ്ടു ദിവസത്തെ നിരീക്ഷണത്തിലൂടെ എനിക്ക് മനസ്സിലായി.
ഇതിനിടയിൽ ഹെഡ് നേഴ്സ് എന്റെ രാത്രി സഞ്ചാരം മനസ്സിലാക്കി എന്ന് തോന്നുന്നു ,അവർ എന്നോട് രാത്രി ഹോസ്പിറ്റലിൽ ഇറങ്ങി നടക്കരുതെന്നും അത് നല്ലതല്ല എന്നും ഉപദേശിക്കുകയുണ്ടായി ,ഇതേ തുടർന്ന് ഒന്ന് രണ്ടു ദിവസത്തേക്ക് ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി  എങ്കിലും ,ശരീരത്തിലെ ചൊറിച്ചിലും ,ചൂടും 
കാരണം മൂന്നാം ദിവസം രാത്രിഏകദേശം   ഒരു ഒരുമണി ആയിക്കാണും ഞാൻ റൂമിനു പുറത്തിറങ്ങി. പതിവുപോലെ നേഴ്സ് ക്യാബിൻ ശൂന്യം ആണ്. കോറിഡോറും ഡിപ്പാർട്മെന്റ് മൊത്തത്തിലും  നിശബ്ദത . ഞാൻ പതുക്കെ ഓവർ ബ്രിഡ്ജ് പോലെയുള്ള ഭാഗം കടന്ന് മെയിൻ കോറിഡോറിൽ എത്തി ,അവിടെ നിന്നും കുറച്ചു നടന്നാലേ കാർഡിയാക് ഒപി യിൽ എത്തൂ. മെയിൻ കോറിഡോറും നിശബ്ദവും വിജനവും ആണ് ,ഒരു മനുഷ്യൻ പോലും ഇല്ല,എന്തോ വല്ലാത്ത ഒരു ഭയം എന്നിൽ നിറഞ്ഞു.രണ്ടു ദിവസം മുൻപ് നേഴ്സ് പറഞ്ഞ കാര്യങ്ങൾ ഓർത്തുപോയി. ഹോസ്പിറ്റലിൽ  ഒരിക്കലും ഒറ്റയ്ക്ക് രാത്രിയിൽ നടക്കരുത് ,നേഴ്സ് മാർ പോലും രാത്രിയിൽ ഒറ്റയ്ക്ക് പോകാറില്ലത്രേ
തിരിച്ചു മുറിയിലേക്ക് പോകാം എന്ന് മനസ്സ് ശക്തം ആയി പറയുന്നു.തിരിച്ചു പോകാം എന്ന് തന്നെ തീരുമാനിച്ചു ,പക്ഷെ പെട്ടെന്ന് .....പെട്ടെന്നാണ് എന്റെ പുറകിൽ ആരോ ഉണ്ട് എന്ന തോന്നൽ എന്നിൽ ശക്തമായത്  , എല്ലാധൈര്യവും സംഭരിച് ഞാൻ തിരിഞ്ഞു നോക്കി .ഞാൻ വന്ന അതെ ഒങ്കോളജിഡിപ്പാർട്മെന്റിന്റെ ഓവർ ബ്രിഡ്ജിന്റെ ഭാഗത്തു ഒരാൾ നിൽക്കുന്നു .നീല നിറത്തിലുള്ള ഹോസ്പിറ്റൽ  പേഷ്യന്റ് ഡ്രസ്സ് ധരിച്ചിരിക്കുന്നതിനാൽ സ്ത്രീ ആണോ  പുരുഷനാണോ എന്ന് പെട്ടെന്ന്  മനസ്സിലാവുന്നില്ല.  കോറിഡോറിന്റെ രണ്ടു  ഭാഗത്തേക്കും മാറിമാറി നോക്കി കൊണ്ട് അൽപനേരം നിന്നതിനു ശേഷം ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് രൂപം പതുക്കെ  നടന്നു .ഇപ്പോൾ പാറിപ്പറക്കുന്ന മുടി വ്യക്തമായി കാണാം ,അതൊരു സ്ത്രീ ആണ് . എന്റെ നെഞ്ച് പട പട ഇടിക്കുവാൻ തുടങ്ങി .രാത്രി ഒരു മണി കഴിഞ്ഞ സമയത്തു കോറിഡോറിൽ ഒരു സ്ത്രീ ഒറ്റയ്ക്ക് .... ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ആണ് സ്ത്രീ നടന്നു വരുന്നത് .ഞാൻ മെല്ലെ ഒപി  ഭാഗത്തെ ഭിത്തിയുടെ പുറകിലേക്ക് മാറി  മറഞ്ഞു നിന്നു .എനിക്ക് വ്യക്തം  ആയി കാണാമായിരുന്നു ,അതൊരു പെൺകുട്ടിയാണ് ,20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടി ,അവളുടെ ചെമ്പിച്ച മുടി പാറിപ്പറന്നു കിടന്നിരുന്നു .വെളുത്ത നിറം  .മെലിഞ്ഞ സുന്ദരിയായ ഒരു കുട്ടി .പക്ഷെ അവളുടെ വിളറിയ മുഖം നിർവ്വികാരം ആയിരുന്നു .
ഞാൻ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ അവൾ എന്നെ കണ്ടു കാണും എന്നെനിക്കു തീച്ചയുണ്ട് .ഒരു സെക്കന്റ് അവൾ അവിടെ നിന്നോ എന്ന് എനിക്ക് തോന്നി ,പക്ഷെ അവൾ ഒന്ന് നോക്കിയത് പോലും ഇല്ല .അതേ നിർവ്വികാരതയോടെ അവൾ എന്റെ മുൻപിലൂടെ കോറിഡോറിന്റെ മറു ഭാഗത്തേക്ക് നടന്നു പോയി . അവൾ കടന്ന് പോയപ്പോൾ കുന്തിരക്കത്തിന്റെയോ മറ്റോ  മണം അനുഭവപെട്ടപോലെ എനിക്ക് തോന്നി .അവൾ  നടന്നു മറഞ്ഞ ഉടനെ ഞാൻ റൂമിലേക്ക് വേഗത്തിൽ തിരിച്ചു നടന്നു . പേടി കൊണ്ട് എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു
ഒങ്കോളജി ഡിപ്പാർട്മെന്റിലേക്കു കടന്ന ഞാൻ കണ്ടത് പരിഭ്രമത്തോടെ ഓടുന്ന 
നേഴ്സ്മാരെയാണ് . അവിടെയുള്ള ഒരു റൂമിലേക്കാണ് എല്ലാവരും ഓടുന്നത് .പെട്ടെന്ന് റൂമിൽ നിന്നും ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ ഞാൻ കേട്ടു. "എന്റെ മോളെ നീ പോയോടീ ,കണ്ണ് തുറക്ക് മോളെ' എന്നൊക്കെ പറഞ്ഞു കരയുന്ന ഒരു സ്ത്രീ ശബ്ദം.
ഡ്യൂട്ടി ഡോക്ടറും നേഴ്സ്മാരും ഒക്കെ കയറി ഇറങ്ങുന്നതിനിടയിൽ തുറന്നു കിടന്നിരുന്ന റൂമിന്റെ ഉള്ളിലേക്ക് ഞാൻ നോക്കി .ബെഡിൽ കിടക്കുന്ന ഒരു പെൺകുട്ടി .അവളുടെ ദേഹത്തേക്ക് വീണ് അലമുറയിടുന്ന ഒരു സ്ത്രീ .  നേഴ്സ് ,അവളുടെ നിശ്ചലമായ മുഖത്തേക്ക് വെളുത്ത തുണി ഇടുന്നതിനു മുൻപ് ഒരു നിമിഷം ഞാൻ ആ മുഖം കണ്ടു . അതവളായിരുന്നു ....അല്പം മുൻപ് കോറിഡോറിൽ ഞാൻ കണ്ട പെൺകുട്ടി .കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നിയ ഞാൻ മെല്ലെ റൂമിലേക്ക് നടന്നു .പല റൂമുകളിലെയും ആളുകൾ പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു.തോമസ് ചേട്ടനും റൂമിനു പുറത്തുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞു " പാവം ബ്ലഡ് കാൻസർ ആയിരുന്നു .പതിനെട്ടു വയസ്സോ മറ്റോ ഉണ്ടായിരുന്നുള്ളൂ ".ഞാൻ പക്ഷെ ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.

അല്പം മുൻപ് ഞാൻ കോറിഡോറിൽ കണ്ട പെൺകുട്ടി ,എന്റെ മുൻപിലൂടെ നടന്നുമറഞ്ഞവൾ അതാരായിരുന്നു ??? ഇന്നും എനിക്ക്  ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് അത് .

Saturday, 13 June 2020

ശ്രീ ഗണപതി വിലാസം ഹോട്ടൽ .



കിട്ടുണ്ണി ഏട്ടന്റെ പുട്ടുകട ഇന്ന്  ഞങ്ങളുടെ ഗ്രാമത്തിന്റെ മേൽവിലാസം ആണ് . പട്ടണത്തിൽ നിന്നുപോലും ആളുകൾ പുട്ടും കടലയും പരിപ്പ് കറിയും പപ്പടവും കഴിക്കുവാൻ എത്തുന്ന സ്ഥാപനം .

രാവിലത്തെ പുട്ടുകച്ചവടത്തിനു ശേഷം വൈകിട്ടാണ് വീണ്ടും തുറക്കുക .അപ്പോൾ കഞ്ഞി കുടിക്കാനുള്ള തിരക്കാണ്.ചൂട് കുത്തരികഞ്ഞിയും ,ചുട്ടരച്ച ചമ്മന്തിയും ,മെഴുക്കു പുരട്ടിയും ,കായുപ്പേരിയും തൈരും ,പപ്പടവും ,രസവും ഒക്കെ കാണും. ശുദ്ധ വെജിറ്റേറിയൻ സ്ഥാപനം ആണ്,മാത്രമല്ല എല്ലാം സ്വന്തം പറമ്പിൽ വിളയുന്ന പച്ചക്കറി ,മില്ലിൽ ആട്ടി എടുക്കുന്ന വെളിച്ചെണ്ണ . അതുമാത്രമല്ല എന്തോ ഒരു പ്രതേക സ്വാദ് ഇവിടെത്തെ ഭക്ഷണത്തിനുണ്ട് എന്നാണ് കഴിച്ചവർ പറയുക .അതിനു പിന്നിൽ ഗ്രാമത്തിലെ പഴമക്കാർ പറയുന്ന ഒരു കഥയുണ്ട് , സത്യമാണോ എന്നൊന്നും അറിയില്ല . ഇന്ന് ഈ കട  നടത്തുന്നത് കിട്ടുണ്ണി ഏട്ടന്റെ ഭാര്യ രമണി  ചേച്ചിയും  രണ്ടു ആൺ മക്കളും അവരുടെ ഭാര്യമാരും  ചേർന്നാണ് ,മാത്രമല്ല പട്ടണത്തിൽ " ശ്രീ ഗണപതി "എന്ന കാറ്ററിങ് സ്ഥാപനവും ഉണ്ട് ,വലിയ വലിയ വിവാഹ സദ്യകൾ നടത്തുന്ന സ്ഥാപനം ആണ്.

പക്ഷെ എല്ലാം തുടങ്ങുന്നത്”ശ്രീ ഗണപതി വിലാസം ഹോട്ടൽ “എന്ന ഈ പുട്ടുകടയിൽ നിന്നാണ്.
ആ കഥ ഇതാണ്.

വര്ഷങ്ങള്ക്കു മുൻപ് ,പാലം ഒക്കെ വരുന്നതിനും ഗ്രാമം പട്ടണവും ആയി ഒരു ബന്ധവും ഇല്ലാത്ത കാലം . അന്ന്‌ ഇവിടെ ഉള്ളത് ഒരു തടി മില്ല് മാത്രം ആണ് . പുഴയിലൂടെ കൊണ്ടുവരുന്ന തടി അറുത്തും അല്ലാതെയും  കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനം . പിന്നെ വഞ്ചിയും ചങ്ങാടവും കടത്തുനടത്തുന്ന കടവിലെ ഒരു അങ്ങാടി . അതിനോട് ചേർന്ന് ഒരു പ്രൈമറി സ്കൂൾ , അല്പം മാറി മന വക ശിവ ക്ഷേത്രം കഴിഞ്ഞു ഗ്രാമത്തിലെ സ്ഥാപനങ്ങൾ .
അങ്ങാടിയിൽ രണ്ടു ചായക്കടകളും ,പലചരക്കു കടകൾ ,ഗ്രാമീണ വായനശാല ഒരു ചെറിയ തുണിക്കട ,പച്ചക്കറി എന്നിങ്ങനെ അത്യാവശ്യം വേണ്ടുന്ന ചെറിയ കടകൾ മാത്രം. ബാക്കി ഒക്കെ ചങ്ങാടത്തിലോ വഞ്ചിയിലോ കയറി പട്ടണത്തിൽ പോയി വാങ്ങണം .

അക്കാലത്തു കിട്ടുണ്ണി ഏട്ടന് പണി തടി മില്ലിൽ ആണ് . തടിമില്ലിനോട് ചേർന്ന് പാരമ്പര്യം ആയി കിട്ടിയ കുറച്ചു നിലവും ,റോഡിനോട് ചേർന്ന് ഒരു വീടും ,പിന്നെ ഉള്ളത് ഒരു പശുവും . മില്ലിൽ നിന്നും കിട്ടുന്ന വരുമാനവും ,രമണി ചേച്ചി പശുവിനെ വളർത്തി കിട്ടുന്ന വരുമാനവും ഒക്കെ ആയി തട്ടി മുട്ടി ജീവിച്ചു പോകാം എന്നു മാത്രം . അന്ന് കിട്ടുണ്ണി ഏട്ടന്റെ അമ്മയും ഉണ്ട് കൂടെ . മൂന്ന് മക്കൾ മൂത്തത് പെണ്ണും  പിന്നെ രണ്ടു ആണും. 

 അപ്പോളാണ്  പണിക്കിടയിൽ ഒരു തടി കിട്ടുണ്ണി ഏട്ടന്റെ കാലിൽ വീണു അപകടം ഉണ്ടാകുന്നത്.ഒരു കാലിൽ സാരമായി പരുക്കേറ്റ കിട്ടുണ്ണി ഏട്ടൻ  ഏറെ നാളത്തെ ചികിത്സ കൊണ്ടും ഭാഗ്യം കൊണ്ടും മുടന്തി ആണെങ്കിലും  നടക്കാവുന്ന നിലയിൽ ആയി . പക്ഷെ പണിക്കു പോകാൻ വയ്യാതെ ആയി .കുടുംബം പട്ടിണിയിൽ ആകും എന്ന അവസ്ഥ .

കിട്ടുണ്ണി ഏട്ടന്റെ അവസ്ഥ മനസ്സിലാക്കിയ തടിമിൽ മൊതലാളി, ചേട്ടന് ഒരു പെട്ടിക്കട പണിതു കൊടുത്തു ,കുറച്ചു പൈസയും അദ്ദേഹം നൽകി .വീടിന്റെ മുൻപിൽ പെട്ടിക്കട സ്ഥാപിച്ചു ,സോഡാ ,സർബത് ,പഴം ,മിട്ടായി ,സിഗരറ്റ് ബീഡി ഇവയുടെ കച്ചവടം തുടങ്ങി .പക്ഷെ ആറു പേരുടെ വയറു കഴിയാൻ അത് പോരല്ലോ . അങ്ങിനെ കിട്ടുണ്ണി ഏട്ടൻ മനയ്ക്കലെ തിരുമേനിയെ ചെന്നുകണ്ടു മനപ്പറമ്പിൽ എന്തെങ്കിലും പണി തരപ്പെടുത്തണം എന്നു അപേക്ഷിച്ചു , തിരുമേനിക്ക് ദയ തോന്നി മനയ്ക്കലെ പറമ്പിലെ പണിയും ക്ഷേത്ര പറമ്പിലെ പണിയും ചെയ്തോളാൻ പറയുകയും കാര്യസ്ഥനെ വിളിച്ചു ചട്ടം കെട്ടി .അല്പം ഞൊണ്ടി ആന്നെങ്കിലും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം പറമ്പിലേയും ക്ഷേത്രത്തിലെയും പണി കൂടി ചെയ്യാൻ തുടങ്ങി.കിട്ടുണ്ണി ഏട്ടൻ പണിക്കു പോകുമ്പോൾ പെട്ടിക്കടയിൽ രമണി ചേച്ചി ഇരിക്കും ,അല്ലെങ്കിലും അവിടെ വലിയ കച്ചവടം ഒന്നും ഇല്ലാത്തതിനാൽ ചേച്ചിയുടെ പറമ്പിലെ പണികളും നടക്കും .

കാവിൽമാടം മന വലിയ പ്രസിദ്ധം ആണ്. മാന്ത്രിക പാരമ്പര്യം ഉള്ള മനയാണ് ,മന വക ശിവ ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിന്റെ അന്നെത്തെയും ഇന്നത്തെയും ഗ്രാമ ദേവത ക്ഷേത്രം ആണ്. അത് കൂടാതെ മന പറമ്പിൽ  പ്രധാനമായും മഹാ ഗണപതി ക്ഷേത്രവും,  മന്ത്ര മൂർത്തികളെയും മറ്റും പ്രതിഷ്ഠിച്ചിരിക്കുന്ന ചെറു  കൊട്ടിലുകൾ വേറെയും ഉണ്ട്  .ഇവയുടെ പരിസരം ഒക്കെ വൃത്തി ആക്കി വെക്കുക ,കാടു വെട്ടി തെളിക്കുക ,വെള്ള പൂശുക ,പൂജ ദിവസങ്ങളിൽ കഴുകി വൃത്തി ആക്കുക  ഇതൊക്ക   ആണ്  ചേട്ടന്റെ പണികൾ .ചില രാത്രികളിൽ പൂജകൾ ഉണ്ടെങ്കിൽ അത് കഴിയുന്നത് വരെ നിൽക്കേണ്ടി വരും ,മന വക ജീപ്പിൽ കാര്യസ്ഥാനോടൊപ്പം പൂജ സാധനങ്ങൾ വാങ്ങാൻ പോകേണ്ടിവരും.

ഇങ്ങിനെ ഒക്കെ ആന്നെങ്കിലും കിട്ടുണ്ണി ഏട്ടൻ കടുത്ത കമ്മ്യൂണിസ്റ് ആയിരുന്നു .ദൈവങ്ങളിൽ ഒന്നും വലിയ വിശ്വാസം ഇല്ല. കടയ്ക്കുള്ളിൽ ഇ.എം.എസ് ,ലെനിൻ ഇവരുടെ ഒക്കെ ഫോട്ടോയും വെച്ചിട്ടുണ്ട് .ഈ പൂജ ഒക്കെ കാണുമ്പോൾ പുള്ളിക്ക് ഉള്ളിൽ പരിഹാസം ആണ് .ഇതറിയാവുന്ന കാര്യസ്ഥൻ പരമു നായർ ഇടക്കൊക്കെ പറയും "എഡോ കിട്ടുണ്ണി ,താനൊരു ഹിന്ദുല്ലെടോ  ഈ കമ്മ്യൂണിസം ഒക്കെ കളഞ്ഞു ദൈവത്തിൽ വിശ്വസിക്കടോ,ഒന്നും ഇല്ലേൽ ഇപ്പൊ താനും മനയിലെ ചോറ് അല്ലെ ഉണ്ണുന്നത് ". കിട്ടുണ്ണി ഏട്ടന് മറുപടിയുണ്ട് " ഈ ഞൊണ്ടി കാലും വെച്ച് പണി എടുത്തിട്ടാ ഞാൻ തിന്നുന്നത് ,അല്ലെങ്കിൽ തന്നെ ആ പറമ്പിൽ എത്രയാ ദൈവങ്ങൾ ? ഇതിൽ ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത് ? പിന്നെ പരമു നായർ ഒന്ന് രൂക്ഷമായി നോക്കും എന്നല്ലാതെ ഒന്നും പറയില്ല.
എങ്കിലും തന്റെ വിഷമങ്ങൾ ഒക്കെ ഏതൊരു മനുഷ്യനെയും പോലെ കിട്ടുണ്ണിയേട്ടനും ദൈവങ്ങളോട് പങ്കുവെക്കാറുണ്ട് . ഒറ്റയ്ക്കുള്ളപ്പോൾ ഗണപതി ക്ഷേത്രത്തിന്റെ നടപന്തലിൽ ഇരുന്നുകൊണ്ട് തന്റെ വിഷമങ്ങൾ ആത്മഗതം പോലെ അയാൾ പറയാറുണ്ടായിരുന്നു.

അങ്ങിനെ ഇരിക്കെ ,മനയിൽ പണിയില്ലാത്ത ഒരു ദിവസം രാവിലെ കിട്ടുണ്ണിയേട്ടൻ തന്റെ പെട്ടിക്കടയിൽ ചില്ലറ ക്ലീനിങ് പണികളൊക്കെ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു .അപ്പോഴാണ് വടക്കുനിന്നും ഒരാൾ സൈക്കിളിയിൽ വരുന്നത് കാണുന്നത് .വെളുത്തു തടിച്ച ഒരാൾ .ആ സൈക്കിൾ അയാൾ ഇരുന്നിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു .വല്ലാതെ വിയർത്തു കുളിച്ചാണ് അയാൾ വന്നത് ,വെള്ള ഷർട്ടും പാന്റുമായിരുന്നു വേഷം .അയാൾ ഒരു സര്ബത് പറഞ്ഞു ,കുട്ടുണ്ണിയേട്ടൻ സര്ബത് തയ്യാറാക്കുന്നതിന് ഇടയിൽ അയാൾ ഒരു സോഡാ കുടിച്ചു തീർത്തു . എന്നിട്ടു ചോദിച്ചു കഴിക്കാൻ  എന്തെങ്കിലും ഉണ്ടോ എന്ന് ഭയങ്കര വിശപ്പ്. പഴം കാണും നോക്കട്ടെ എന്ന് പറഞ്ഞു കിട്ടുണ്ണിയേട്ടൻ വീട്ടിലേക്കു പോയി ,പക്ഷെ പഴം തീർന്നു പോയിരുന്നു . ഒന്നും ഇല്ല എന്ന് പറയാൻ കിട്ടുണ്ണിയേട്ടന് മടി തോന്നി ,വിശന്നു വന്ന ആളാണ് ,തടി കണ്ടിട്ട് കാര്യം ആയി കഴിക്കും എന്ന് തോന്നുന്നുണ്ട് ,കാര്യം പറഞ്ഞപ്പോൾ രമണി ചേച്ചിയാണ് പറഞ്ഞത് ,പുട്ടു കടലകറിയും ഉണ്ടാക്കുന്നുണ്ട് അതിൽ നിന്നും കൊടുക്കാം ,അങ്ങിനെ കിട്ടുണ്ണിയേട്ടൻ ഒരു പാത്രത്തിൽ ഒരു കുറ്റി പൂട്ടും കടലക്കറിയും രണ്ടു പപ്പടവും ബാക്കിയിരുന്ന രണ്ടു പഴവും ആയി കടയിലേക്ക് പോയി .ഇതിനിടയിൽ ആഗതൻ കടയ്ക്കുള്ളിൽ കടന്നിരുന്നിരുന്നു .അതിനുള്ളിൽ തന്നെ ഇരുന്നു നിമിഷ നേരം കൊണ്ട് അയാൾ അത് മുഴുവനും അകത്താക്കി ,എന്നിട്ടു ചോദിച്ചു പുട്ട് ഇനിഉണ്ടാകുമോ ഒരു കുറ്റി കൂടി . എന്തിനേറെ പറയുന്നു കിട്ടുണ്ണിയേട്ടന്റെ വീട്ടുകാർക്ക് ഉണ്ടാക്കിയ പ്രാതൽ മുഴുവൻ ആൾ അകത്താക്കി .ഒരു ഗ്ലാസ് പാലും കുടിച്ചു.

എന്നിട്ടു അയാൾ പറഞ്ഞു  "എന്തൊരു ആശ്വാസം ,നല്ല രുചി ,സ്വന്തം വീട്ടിൽ നിന്നും കഴിക്കുന്ന പോലെ " താൻ പട്ടണത്തിൽ നിന്നും വന്നതാണെന്നും ,സർവൈ ഡിപ്പാർട്മെന്റിൽ ആണ് ജോലി എന്നും അയാൾ പറഞ്ഞു .മനക്കപ്പുറം ഒരു വീട് വാടകക്ക് എടുത്തു താമസിക്കുകായാണെന്നും  വീട് അങ്ങ് വടക്കാണെന്നും ,പുതിയ പാലം പണിയും ആയി ബന്ധപെട്ടു സർവൈ നടപടികൾ തുടങ്ങാനാണ് വന്നതെന്നും ആൾ പറഞ്ഞു.
എന്നിട്ടയാൾ പോക്കറ്റിൽ നിന്നും ഒരു നോട്ടെടുത്തു മടക്കി കിട്ടുണ്ണിയേട്ടന്റെ കൈയിൽ കൊടുത്തു . പുട്ടിനും കറിക്കും കാശു വേണ്ടെന്നും ,സോഡാക്കും സര്ബത്തിനും ചില്ലറ തന്നാൽ മതി എന്നും കിട്ടുണ്ണിയേട്ടൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു " എനിക്ക് ദിവസവും പ്രാതൽ വേണം ,പുട്ടും കടലയും അല്ലെങ്കിൽ പരിപ്പോ പച്ചക്കറിയോ ഏതായാലും മതി ഒരു ഗ്ലാസ് പാലും അതിനാണ് പൈസ തന്നത് ബാക്കി ശമ്പളം കിട്ടുമ്പോൾ തന്നോളം ,അതും പറഞ്ഞു സൈക്കിളിയിൽ വലിഞ്ഞുകേറി വേഗത്തിൽ ചവിട്ടി അയാൾ സ്ഥലം വിട്ടു . അപ്പോളാണ് അയാൾ തന്നത് ഒരു 50 രൂപ നോട്ട് ആണ് എന്ന് കിട്ടുണ്ണിയേട്ടൻ കണ്ടത്. അന്ന് 50 രൂപ ഒരു വലിയ തുകയാണ് (പുട്ടിനും മറ്റും 1  രൂപ പോലും ഇല്ലാത്ത കാലമാണ് )
അങ്ങിനെ ദാമോദരൻ നമ്പീശൻ (അങ്ങിനെ യാണ് അയാളുടെ പേര് പറഞ്ഞത്) പിറ്റേന്നും പ്രഭാത ഭക്ഷണത്തിനെത്തി . ഇതിനിടയിൽ തടിമില്ലിൽ വരുന്നവരും അവിടുത്തെ പണിക്കാരും മറ്റും കടയിൽ വരുമായിരുന്നു, അവർ നമ്പീശൻ  പ്രാതൽ കഴിക്കുന്നത് കാണാറുണ്ടായിരുന്നു. പതുക്കെ പതുക്കെ ഓരോത്തരും പ്രാതൽ വേണം എന്ന ആവിശ്യം പറഞ്ഞതിനാൽ  ,പെട്ടിക്കടയോട് ചേർത്ത് ഷീറ്റിട്ടു മറച്ച ഒരു ചാർത്തു കൂടി കിട്ടുണ്ണിയേട്ടൻ ഉണ്ടാക്കി . രണ്ടു ഡെസ്കും ബെഞ്ചും കൂടി  പണിയിച്ചു . രാവിലെ 6 മണിക്ക് തുടങ്ങുന്ന കച്ചവടം 10 മണി വരെ നീണ്ടു . രമണി ചേച്ചി ഒരു പശുവിനെ കൂടി വാങ്ങി . ഇതിനിടയിൽ നമ്പീശൻ രാവിലെ വരാതായി ,എവിടെ പോയി എന്ന് കിട്ടുണ്ണിയേട്ടനും രമണി ചേച്ചിയും പരസ്പരം പറയുമായിരുന്നു .നാട്ടിൽ പോയികാണും എന്നവർ കരുതി.

അങ്ങിനെ ഇരിക്കെ ഒരു ദിവസം ഉച്ച സമയം കിട്ടുണ്ണിയേട്ടൻ ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ കടയിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അതാ വിയർത്തു കുളിച്ചു നമ്പീശൻ നിൽക്കുന്നു . നാട്ടിലായിരുന്നു എന്നും ഇപ്പൊ എത്തിയതേ ഉള്ളൂ എന്നും ,വല്ലാത്ത വിശപ്പ് എന്താ ഉള്ളത് എന്നുമായി ചോദ്യം. പുട്ടൊക്കെ 10 മണിക്കേ കഴിഞ്ഞു  എന്ന് കിട്ടുണ്ണിയേട്ടൻ പറഞ്ഞപ്പോൾ രമണി ചേച്ചി നമ്പീശനോട് ചോദിച്ചു ഊണ് കഴിക്കുന്നോ എന്ന് .കേൾക്കാത്ത താമസം ആകട്ടെ എന്നായി നമ്പീശൻ .ചൂട് ചോറും സാമ്പാറും ,അച്ചിങ്ങ പയർ  മെഴുക്കു പുരട്ടിയും ,രസവും മോരും ,കണ്ണി മാങ്ങാ അച്ചാറും പപ്പടവും കൂട്ടി നമ്പീശൻ കഴിപ്പ് തുടങ്ങിയപ്പോൾ തന്നെ രമണി ചേച്ചി രണ്ടാമതും അരി അടുപ്പത്തിട്ടു .സംതൃപ്‌തിയോടെ ഊണ് കഴിച്ചു എഴുന്നേറ്റ നമ്പീശൻ മറ്റൊരു ആവശ്യം പറഞ്ഞു .ഇനി പ്രാതലിനു വരാൻ കഴിയില്ല എന്നും ഉച്ചക്ക് ഊണ് മതി എന്നും ,അത് ഇതുപോലെ പറമ്പിൽ നട്ടു വളർത്തിയ പച്ചക്കറി കറികൾ കൂട്ടി വേണം എന്നും . അങ്ങിനെ നമ്പീശൻ ഉച്ച ഊണ് തുടങ്ങി . നമ്പീശന്റെ ഊണ് കണ്ടു കൊതി പൊട്ടിയതോ എന്തോ പതുക്കെ പതുക്കെ ഊണിനും ആവശ്യക്കാരുണ്ടായി തുടങ്ങി .കടവിൽ രണ്ടു ഹോട്ടൽ ഉണ്ടെങ്കിലും വീട്ടിലേതു പോലെ സ്വാദുള്ള രമണി ചേച്ചിയുടെ കൈപുണ്യത്താലോ എന്തോ കിട്ടുണ്ണിയേട്ടന്റെ കടയിൽ തിരക്കേറി വന്നു .കടയിൽ പരിഷ്‌കാരങ്ങൾ വന്നു. പ്ലാസ്റ്റിക് ഷീറ്റിനു പകരം ഓട് മേഞ്ഞ കടയായി,രമണി ചേച്ചിക്ക് സഹായികൾ ആയി ,വെറുതെ കിടന്ന നിലം പച്ചക്കറി തോട്ടം ആയി ,പശുക്കളുടെ എണ്ണവും കൂടി .

ഇതിനിടയിൽ എപ്പോഴോ നമ്പീശൻ വരവ് നിറുത്തി ,തിരക്കു കാരണം അത് അനേഷിക്കാനുള്ള സമയം പോലും കിട്ടുണ്ണിയേട്ടനും രമണിച്ചേച്ചിക്കും കിട്ടിയില്ല,രാവിലെ 6 നു തുറന്നാൽ പ്രാതലും ഊണും കഴ്ഞ്ഞു കട അടക്കുന്നത് 3 മണിക്കാണ് ,അതിനു ശേഷം പച്ചക്കറി തോട്ടം ,പശുക്കൾ ,നടു നിവർത്തുമ്പോൾ ഒരു സമയം ആകും ,പിന്നെ പിറ്റേ ദിവസത്തേക്കുള്ള സാധങ്ങൾ ഒരുക്കണം ,അങ്ങിനെ അങ്ങിനെ ....

അങ്ങിനെ ഒരു ദിവസം കിട്ടുണ്ണിയേട്ടനും രമണി ചേച്ചിയും രാത്രി 8 മണിയോടെ കഞ്ഞി കുടിക്കുവാൻ ഇരിക്കുമ്പോൾ അതാ പുറത്തു നമ്പീശന്റെ വിളി .അന്ന് അവരുടെ കഞ്ഞി മുഴുവൻ കുടിച്ച നമ്പീശൻ നാളെ മുതൽ 7  മണിക്ക് കഞ്ഞി വേണം എന്നും പറഞ്ഞു സൈക്കിളിയിൽ കേറി ഒറ്റപ്പോക്ക്.

അപ്പോഴേക്കും പാലം പണി തുടങ്ങി ,കിട്ടുണ്ണിയേട്ടന്റെ കടയുടെ അടുത്ത് നിന്നാണ് പാലം തുടങ്ങുന്നത് ,പാലം പണി കഴിയുമ്പോളേക്കും അങ്ങാടി തിരക്കൊഴിയും. തിരക്ക് മുഴുവൻ കിട്ടുണ്ണിയേട്ടന്റെ കടക്കു മുന്നിലാകും. ബസ് സ്റ്റോപ്പും അവിടെയാകും .പാലം പണിക്കു വന്നവരും രാത്രിയിൽ കഞ്ഞി ചോദിച്ചു തുടങ്ങിയതോടെ കിട്ടുണ്ണിയേട്ടന്റെ കട ഫുൾ ടൈം ഹോട്ടൽ ആയി മാറി
നമ്പീശന്റെ വരവ് കുറഞ്ഞു വന്നു .ഒരു മാസത്തോളം നമ്പീശൻ ആ വഴിക്കു വന്നതേയില്ല. പാലം പണിക്ക് വന്ന എൻജിനീയറോട് കിട്ടുണ്ണിയേട്ടൻ നമ്പീശൻ കുറിച്ച് അനേഷിച്ചു .അങ്ങിനെ ഒരു സർവ്വയേറെ കുറിച്ച് അവർക്കു അറിയില്ല.നമ്പീശൻ വാടകക്ക് താമസിച്ചിരുന്നു എന്ന് പറഞ്ഞിരുന്ന മനക്കപ്പുറമുള്ള വീട്ടിൽ പോയി കിട്ടുണ്ണിയേട്ടൻ അനേഷിച്ചു പക്ഷെ ആ വീട് ആർക്കും വാടകക്ക് കൊടുത്തട്ടേയില്ല എന്നാണ് അയല്പക്കക്കാർ പറഞ്ഞത് .കിട്ടുണ്ണിയേട്ടന് സംശയമായി ,ദാമോദരൻ നമ്പീശൻ എന്ന വ്യക്തി ഇനി വല്ല തട്ടിപ്പുകാരനോ കള്ളനോ ആയിരിക്കുമോ എന്ന് വരെ കിട്ടുണ്ണിയേട്ടൻ ചിന്തിച്ചു.

എന്തായാലും കിട്ടുണ്ണിയേട്ടന്റെ സംശയങ്ങൾക്ക് മറുപടി പോലെ ഒരു ദിവസം സന്ധ്യക്ക്‌ നമ്പീശൻ കഞ്ഞി കുടിക്കാൻ എത്തി .നമ്പീശൻ എവിടേക്കാണ് പോകുന്നതെന്നും എവിടെയാണ് താമസിക്കുന്നതെന്നും അറിയണമെന്നുറച്ചിരുന്ന കിട്ടുണ്ണിയേട്ടൻ ,നമ്പീശൻ കഞ്ഞി കുടിക്കാൻ ഇരിക്കുന്ന സമയത്തു്,അത്യാവശ്യം ആയി ഒരു സാധനം വാങ്ങാൻ ഉണ്ടെന്നു നമ്പീശനോട് പറഞ്ഞിട്ട് പുറത്തിറങ്ങി.  മൂത്തമകൻ ദിവാകരന്റെ സൈക്കിൾ എടുത്തു അല്പം വിഷമിച്ചാണെങ്കിലും മനക്കപ്പുറമുള്ള വീടിനു സമീപത്തേക്കു  ചവിട്ടി വിട്ടു അവിടെ  ഒരു മരത്തിന്റെ മറവിൽ നമ്പീശൻ വരുന്നതും നോക്കി നിന്നു. ഒരു പത്തു മിനിറ്റു കഴിഞ്ഞില്ല ദൂരെ നിന്നും സൈക്കിളിൽ വരുന്ന നമ്പീശനെ കാണാറായി ,പക്ഷെ കിട്ടുണ്ണിയേട്ടന്റെ  പ്രതീക്ഷ തെറ്റിച്ചുകൊണ്ട് നമ്പീശൻ മന പറമ്പിലേക്ക് കയറിപ്പോയി .കിട്ടുണ്ണിയേട്ടൻ വേഗം തന്നെ മന പറമ്പിലേക്ക് കഴിയുന്ന  വേഗത്തിൽ നടന്നു.
അതാ നമ്പീശൻ സൈക്കിൾ തള്ളിക്കൊണ്ട് മന പറമ്പിലൂടെ പോകുന്നു , കിട്ടുണ്ണിയേട്ടൻ പുറകെ പിടിച്ചു .ഗണപതി ക്ഷേത്രത്തിന്റെ പിറകിൽ ചാരിവെച്ചിരിക്കുന്ന സൈക്കിൾ അയാൾ കണ്ടു ,സംശയം ഇല്ല ,മോക്ഷണം തന്നെ ലക്‌ഷ്യം .ഗണപതി ക്ഷേത്രത്തിന്റെ മുൻപിൽ എത്തിയ അയാൾ കണ്ടു ,ക്ഷേത്രത്തിനു അകത്തേക്ക് കയറിപ്പോകുന്ന നമ്പീശനെ. 

കിട്ടുണ്ണിയേട്ടൻ പെട്ടെന്ന് തന്നെ ക്ഷേത്രത്തിന്റെ വാതിൽ പുറത്തു നിന്നും തണ്ടിട്ടു പൂട്ടി എന്നിട്ടു മനയിലേക്കു ഓടി . ഉടനെ തന്നെ തിരുമേനിയും ,കാര്യസ്‌ഥനും വേറെ ചിലരും എത്തി ചേർന്നു. കള്ളൻ അകത്തുണ്ട് ,പോലീസ് നെ വിളിക്കാം എന്നായി ചിലർ എന്നാൽ തിരുമേനി പറഞ്ഞു അത് വേണ്ട വാതിൽ തുറക്കൂ ഞാൻ നോക്കട്ടെ .ആരോ വാതിൽ തുറന്നു .ഒരു അനക്കവും ഇല്ല . തിരുമേനി ഉറക്കെ പറഞ്ഞു " പുറത്തേക്കു വന്നോളൂ ആരും ഒന്നും ചെയ്യില്ല ," എന്നിട്ടും അനക്കമില്ല .ഒടുവിൽ തിരുമേനി ശ്രീകോവിലേക്കു കയറി. അല്പസമയത്തിനു ശേഷം അദ്ദേഹം തിരിച്ചിറങ്ങി ,അകത്തു ആരും ഇല്ല. കിട്ടുണ്ണിയേട്ടന് വിശ്വസിക്കാനായില്ല  ഞാൻ  കണ്ടതാണ് താനാണ് വാതിൽ പുറത്തു നിന്നും കുറ്റിയിട്ടത്. കിട്ടുണ്ണിയേട്ടൻ പരവശനായി.
പെട്ടെന്നാണ് അയാൾ സൈക്കിളിന്റെ കാര്യം ഓർത്തത് .ക്ഷേത്രത്തിലെ പുറകു വശത്തു സൈക്കിൾ ചാരി വെച്ചിട്ടുണ്ടായിരുന്നു ,എല്ലാവരും പുറകു വശത്തേക്ക് ഓടി .പക്ഷെ അവിടെ ഒന്നും കണ്ടില്ല .ഇവിടെ, ഇവിടെയാണ് അതുവെച്ചിരുന്നത് .എല്ലാവരും അങ്ങോട്ട് നോക്കി  അവർ കണ്ടു ഒരു ചുണ്ടെലി .അത് അവരെ മാറിമാറി നോക്കി ,പിന്നെ ക്ഷേത്രത്തിന്റെ വശത്തുള്ള മാളത്തിലേക്ക് ഓടി കയറി പോയി .

തിരുമേനി പറഞ്ഞു 'ശരി കിട്ടുണ്ണി കണ്ടത് ആരെയാണ് എന്ന് നമുക്ക് മനസിലായി .ആള് അകത്തു തന്നെയുണ്ട് .ആ സൈക്കിൾ എന്ന് പറഞ്ഞില്ലേ അത്  ആളുടെ  വാഹനമാണ് . അതാണാകണ്ട  ചുണ്ടെലി .നീ ഭാഗ്യവാനാണ് കിട്ടുണ്ണി നിന്റെ കഷ്ടപ്പാട് മാറ്റാൻ ഭഗവാൻ നേരിട്ട് വന്നു ,അദ്ദേഹത്തെ ഊട്ടാൻ കഴിഞ്ഞതു നിന്റെ പൂർവ ജന്മ സുകൃതം ആണ്. കിട്ടുണ്ണിയേട്ടന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ,കണ്ടതും കേട്ടതും ഒക്കെ ഒരു സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് പോലും തീച്ചയില്ലാതെ അയാൾ നിന്നു. മനസ്സിലൂടെ ദാമോദരൻ നമ്പീശനെ ആദ്യം കണ്ടത് മുതലുള്ള കാര്യങ്ങൾ ഒരു സിനിമയിൽ എന്ന പോലെ കടന്നു പോയി .വെളുത്ത വസ്ത്രം ധരിച്ചു ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടി വരുന്ന ആ വെളുത്ത തടിയൻ സാക്ഷാൽ ഗണപതി ഭഗവാൻ തന്നെയോ ?.

പിറ്റേന്ന് കിട്ടുണ്ണിയേട്ടന്റെ കട തുറന്നപ്പോൾ രണ്ടു പ്രതേകതകൾ ഉണ്ടായിരുന്നു ..എം.എസ് ന്റെയും ലെനിന്റേയും ഫോട്ടോകൾ അപ്രത്യക്ഷമായി പകരം ഗണപതിയുടെ ഫോട്ടോ പ്രക്ത്യക്ഷപ്പെട്ടു .അതിലൊരു മാലയും ഒരു സ്റ്റാൻഡിൽ കത്തിച്ച വിളക്കും ചന്ദനതിരിയും . കടയുടെ പുറത്തു പുതിയ ഒരു ബോർഡും "ശ്രീ ഗണപതി വിലാസം ഹോട്ടൽ .