കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും രുചിയുള്ള പ്രസാദം ഏതാ എന്നു ചോദിച്ചാല്‍ ,ഉത്തരം പറയാന്‍ ഏറെഒന്നും ആലോചികേണ്ടതില്ല. "അമ്പലപുഴ പാല്‍പായസം" തന്നെ.പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസം വീടുകളില്‍ ഉണ്ടാക്കാന്‍ പാടില്ലത്രേ .
ഐതിഹ്യം ഇപ്രകാരമാണ്.
ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....
അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.
ചേരുവകൾ
വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
പാല് - 71 ലി.
വെള്ളം - 284 ലി.
അരി - 8.91 ലി.
പഞ്ചസാര - 15.84 കി.ഗ്രാ
തയ്യാറാക്കുന്ന വിധം
രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.
പ്രത്യേകതകൾ
കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
No comments:
Post a Comment