Thursday 24 May 2012

ഒരു 'കക്ക' പ്രണയ കഥ



ഇഷ്ടമായിരുന്നു ഒരുപാട്..... പക്ഷേ ഒരിയ്ക്കലും തുറന്നു പറഞ്ഞിട്ടില്ല....സംസാരിച്ചിട്ടു കൂടിയില്ല .എങ്കിലും മനസ്സില്‍ അവളുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ  ..അവള്‍ക്കും അങ്ങിനെ എന്ന് കരുതി .വിവാഹം ,ഭാര്യ എന്നൊക്കെയുള്ള  സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ ഉറവ എടുക്കുമ്പോള്‍  മനസ്സില്‍ തെളിഞ്ഞ ഒരേ ഒരു  മുഖം അവ്ളുടെയായിരുന്നു ....ഞങ്ങളുടെ വീട്ടുകാര്‍ക്കും  ഇഷ്ടമായിരുന്നു ആ ബന്ധം  ....വീടുപണി തീരട്ടെ എന്ന കാത്തിരുപ്പ് ...അത്രയേ അകലം ഉണ്ടായിരുന്നുള്ളൂ അവള്‍ എന്‍റെ സ്വന്തം ആകാന്‍ .

കക്കയിറച്ചി ഒരു പാട് ഇഷ്ടം ആയിരുന്നു അവള്‍ക്ക്....വീടിനടുത്തുള്ള പുഴയിലൂടെ ചെറു വഞ്ചിയില്‍  'ടക്ടക്' എന്നു കൊട്ടി ശബ്ദം ഉണ്ടാക്കി  കക്ക വരുമ്പോള്‍ കലവും ആയി ഓടുന്ന അവളെ ഒട്ടു കൌതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് ...കല്യാണം കഴിഞ്ഞാല്‍ ദിവസവും അവള്‍ക്ക് കക്ക എറച്ചി വാങ്ങി കൊടുക്കണം എന്നു മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ടായിരുന്നു .

ഒടുവില്‍ ആ കക്ക  തന്നെ എന്‍റെ സ്വപനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി .കാറ്റും മഴയും താണ്ഡവമാടിയ ഒരു കര്‍ക്കിടക മാസം  ,പുഴ കുത്തി ഒഴുകുകകയായിരുന്നു ...സന്ധ്യ ആയപ്പോഴേക്കും അവളെ കാണാനില്ല എന്ന വാര്‍ത്ത ഗ്രാമത്തില്‍ പരന്നു.വൈകുന്നേരം പുഴക്കരയില്‍ അവസാനം അവളെ കണ്ടവരുണ്ട്..പിന്നെ ആരും കണ്ടിട്ടില്ല .കുത്തി ഒഴുകുന്ന പുഴക്കരയില്‍  ഒരു ഗ്രാമം മുഴുവന്‍  വിറങ്ങലിച്ചു നിന്നു .ആരും കാണാതെ വാവിട്ടു കരയാന്‍ ഒരു സ്ഥലം തേടി ഞാന്‍ നടക്കുമ്പോള്‍ ,അവളുടെ അമ്മ കയ്യില്‍ ഒരു കടലാസ്സും ആയി വീട്ടിലേക്ക് കയറി വന്നു .വിങ്ങി പൊട്ടി കൊണ്ടവര്‍ എന്‍റെ നേരെ നീട്ടിയ ആ ചീന്തിയ പുസ്തക താളിലെ അക്ഷരങ്ങളിലൂടെ ഞാന്‍ കണ്ണോടിച്ചു .."പ്രിയപ്പെട്ട അമ്മയും അച്ഛനും അറിയാന്‍ ,ഞാന്‍ പോവുകയാന്ന് എന്നെ തിരയേണ്ട...ഞാന്‍ ഉത്തമന്‍ ചേട്ടനോടൊപ്പം പോവുന്നു ,ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്ന്  മിനി "

എന്‍റെ സ്വപ്നങ്ങള്‍ കരിയുന്ന മണം, 'കക്ക ചീയുന്ന നാറ്റം പോലെ ' എന്‍റെ നാസാരന്ദ്രങ്ങളില്‍ അടിച്ചു കേറി ,ഒപ്പം കുത്തി  ഒഴുകുന്ന പുഴയിലൂടെ നീങ്ങുന്ന ഒരു ചെറു തോണിയില്‍ "കക്കകാരന്‍  ഉത്തമന്‍റെ" നെഞ്ചില്‍ ചേര്‍ന്നിരിക്കുന്ന അവളുടെ ദൃശ്യം ഏതോ സിനിമയിലെ സ്വപ്ന രംഗം പോലെ മനസ്സില്‍ തെളിഞ്ഞു ,ആ തോണിയില്‍ അവര്‍ക്ക് ചുറ്റും നിറയെ ' പച്ചയും ചുമപ്പും മഞ്ഞയും നിറമുള്ള  കക്കകള്‍ ' ..........


വാല്‍ കഷണം : അതിനിടയില്‍ പുറത്താരോ പറഞ്ഞ ഒരു കമെന്‍റ് ഞാന്‍ കേട്ടു " ഇതിനാണോ കക്കയും കൊണ്ടുവന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറയുന്നത്?" . അപ്പോ മുതല്‍ എനിക്കൊരു സംശയം  അങ്ങിനെയും ഒരു പഴംചൊല്ലുണ്ടോ? .....ഉണ്ടോ സുഹൃത്തേ ?