Sunday 18 December 2011

അശ്വത്ഥാമാവ്

വിശ്വസിച്ചാലും ഇല്ലെങ്കിലും  ഭാഗം 3








പ്രിയ സുഹൃത്തെ ,

ഒരു വലിയ ഇടവേളക്ക് ശേഷം ആണ് താങ്കള്‍ക്കു ഒരു കത്ത് എഴുതുവാന്‍ സാധിച്ചത് .ഞാന്‍ ഒരു ഭാരത പരിക്രമത്തില്‍ ആയിരുന്നു എന്നും വന്നതിനു ശേഷം എഴുതാം എന്നും പറഞ്ഞിരുന്നല്ലോ.കഴിഞ്ഞ ദിവസം ആണ് തിരിച്ചെത്തിയത്.ഈ യാത്രക്ക് ഒരു വിശേഷം ഉണ്ടായിരുന്നു.ഗുരുജി ഞങ്ങളോടൊപ്പം ഇല്ലായിരുന്നു . തികച്ചും സ്വതന്ത്രമായ ഒരു യാത്ര.
ഞങ്ങള്‍ മൂന്നു സന്യാസിമാര്‍ മാത്രം,അതില്‍ തന്നെ മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ , പുറപ്പെടുന്നതിന് മുന്‍പ് ഗുരുജി എന്നെ വിളിച്ചു. "ഒരു കാര്യം നീ ഓര്‍ക്കണം മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്തം നിനക്കാണ്,ഇത്തരം പരിക്രമണം ഒറ്റയ്ക്ക് നടത്തേണ്ടതാണ് ,അതിനാല്‍ എനിക്കോ മറ്റ് സ്വാമിമാര്‍ക്കോ നിങ്ങള്‍ക്കൊപ്പം വരാന്‍ ആവില്ല. ഇവിടെ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കണം.ഈ 90 ദിവസം ഭാരതത്തിലെ ഏതൊരു സ്ഥലത്തും നിങ്ങള്‍ക്ക് പോകാം. തീരുമാനം നിങ്ങളുടെ സ്വന്തം.പക്ഷേ നിന്‍റെ എടുത്തു ചാട്ടം നിയന്ത്രിക്കണം".

അങ്ങിനെ ആ യാത്ര ആരംഭിച്ചു...പക്ഷേ വിധി എന്നും എന്നെ അത്ഭുതങ്ങളുടെ ലോകത്തേക്കാണല്ലോ കൂട്ടി കൊണ്ട് പോവുക.അല്ലെങ്കില്‍ പിന്നെ നര്‍മദാ തീരത്ത് വച്ച് ,ആ ജര്‍മന്‍ പര്യവേഷകരെ കാണേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ.പാരാസൈകോളജിയില്‍ റിസര്‍ച്ചു ചെയ്യുന്ന അഞ്ചു പേരുടെ ഒരു സ്ഘ്ം,ഇന്ത്യ യിലെയും വിശിഷ്യ ഹിമാലയത്തിലെയും പാരാ നോര്‍മല്‍ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ വര്‍ഷങ്ങള്‍ ആയി ഇന്ത്യ യില്‍ പര്യടനം നടത്തുന്നവര്‍ . ഒരു പക്ഷേ നമ്മള്‍ ഇന്ത്യ ക്കാരെക്കാള്‍ നമ്മുടെ സംസ്കാരം അറിയുന്നവര്‍ .സഘതലവന്‍ പ്രൊഫസര്‍ കോള്‍മാന്‍ , ഹിന്ദിയും സംസ്കൃതവും തമിഴ് ഉം ഉള്‍പ്പെടെ ആറോളം ഇന്ത്യന്‍ ഭാക്ഷകള്‍ കൈ കാര്യം ചെയ്യുന്നആള്‍   കൂട്ടത്തില്‍ രണ്ടുപേര്‍ സ്ത്രീകള്‍ .  എല്ലാവരും ശുദ്ധ സസ്യഭൂകുകള്‍ .
നര്‍മ്മദയുടെ തീരത്തെ ഒരു ശിവ ക്ഷേതൃത്തില്‍ വിശ്രമിക്കുന്ന സമയത്താണു ഞങ്ങള്‍ തമ്മില്‍ കാണുന്നതും ,സംസാരിക്കുന്നതും . 
                                    
 ഹിമാലയത്തിലെ അതിമാനുഷരെ കുറീച്ചു പറഞ്ഞു വന്നപ്പോള്‍  കോള്‍മാന്‍ എന്നോടു ചോദിച്ചു നിങ്ങളുടെ മിത്തുകള്‍ പ്രകാരം ചിരഞ്ജീവികള്‍ ആരൊക്കെ എന്നു അറിയാമോ ? 'ഹനുമാന്‍ മാര്‍കണ്ഡേയന്‍ ...ഇതേ എനിക്കു അറിയൂ എന്നു പറഞ്ഞപ്പോള്‍ സായിപ്പ് കൂടി ചേര്‍ത്തു " ശുക മഹര്‍ഷി ,  വിദുരര്‍ ,കൃപ ആചാര്യ  . (മഹാ ഭാരതത്തിലെ ) പിന്നെ ഒരാളു കൂടി ഉണ്ട്  !ആ ആള്‍ക്ക് പിന്നാലേ ആണ് ഞങ്ങള്‍ , അതാണ്  "അശ്വത്ഥാമാവ് " ഞാന്‍ ഒന്നു ഞെട്ടി..
മഹാഭാരത യുദ്ധം .അവസാനിച്ച രാത്രി ....ആ കറുത്ത രാത്രിയില്‍ ഇരുട്ടിന്‍റെ മറപറ്റി ,പാണ്ഡവ കൂടാരങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു കറുത്ത രൂപം . കയ്യില്‍ തിളങ്ങുന്ന ശിവ ഗഡ്ഗം,വിജയ ലഹരിയില്‍ തളര്‍ന്നുറങ്ങുന്ന പാണ്ഡവ സൈന്യത്തിന് മേലെ ഒരു അശനിപാതം പോലെ പെയ്തിറങ്ങുന്ന ആ രൂപം പാണ്ഡവ സൈന്യത്തെ ഒട്ടാകെ അരും കൊലചെയ്യുന്നു.

ദൌപതിയുടെ അഞ്ചു മക്കളെയും കൊല ചെയ്ത ശേഷം, പഞ്ച പാണ്ഡവരെ വധിച്ചു എന്ന  സംതൃപ് യില്‍ ,മരണാസനനായ  ദുര്യോദ്ധന സമഷം വാര്‍ത്ത എത്തിക്കാനായി തിരിച്ചു പോകുന്ന കറുത്ത വസ്ത്രം കൊണ്ട് പുതച്ച ആ രൂപം ആണ്  അശ്വത്ഥാമാവ്  എന്നു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തിയത്.
ശരിയാണ് ... അശ്വത്ഥാമാവ് ചിരംജീവി ആണ്,നെറ്റിയിലെ ചൂഡാമണി എന്ന രത്നം പറിച്ചിടുത്തു കൊണ്ട്  ശ്രീ  കൃഷ്ണന്‍ ശപിക്കുന്നുണ്ട് "ചിരംജീവി  ആയി ,നെറ്റിയില്‍ഉണങാത്ത വൃണവും ആയി കലി യുഗം തീരും വരെ അലയെട്ടെ എന്ന്‍.". .... . . പക്ഷേ ഈ സായിപ്പുമാര്‍ എന്തിനാണ് അയാളുടെ പുറകെ നടയ്ക്കുന്നത്?

കോള്‍മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു."മറ്റുള്ളവരൊക്കെ ഹിമാലയത്തിലെ മനുഷ്യ നു കടന്നു ചെല്ലാന്‍ ആവാത്ത ഇടങ്ങളില്‍ ആണ് ജീവിക്കുന്നതു , അതിനാല്‍   കാണാനും, കണ്ടാല്‍ മനസ്സിലാവാനും പ്രയാസം. പക്ഷേ ഇദ്ദേഹം മനുഷ്യരോടൊപ്പം ജീവിക്കുന്നു .നെറ്റിയിലെ മുറിവ്  തിരിച്ചറിയാനുള്ള  അടയാളം.മാത്രമല്ല , രാജസ്ഥാന്‍ മരുഭൂമിയില്‍ ഒറ്റയ്ക്ക് അലയുന്ന  ഒരു മനുഷ്യനെ കുറിച്ച് ഇന്ത്യന്‍ ആര്‍മി പല പ്രവിശ്യവും റിപോര്‍ട്ട് ചെയ്യ്തിട്ടുണ്ട്. ഈ നര്‍മദാ തീരത്തുള്ള വനപ്രദേശത്തു ബില്ല ആദിവാസികള്‍ക്കിടയില്‍ പല പ്രാവിശ്യം  അശ്വത്ഥാമാവിനെ കണ്ടതായി പറയപ്പെടുന്നു.പൈലറ്റ് ബാബ എന്നു വിളിക്കുന്ന നിങ്ങളുടെ ഒരു സ്വാമിയുടെ പുസ്തകത്തില്‍ ഈ വിവരണം ഉണ്ട്.പല പ്രാവിശ്യം ഞങ്ങള്‍ ലക്ഷ്യത്തിന് അടുത്തെത്തിയതാണ് ,പക്ഷേ കാണാന്‍ മാത്രം ഇതുവരെ കഴിഞ്ഞില്ല .
"ഇനി ഞങ്ങള്‍ പോകുന്നത് മധ്യപ്രദേശിലേക്കാണ് " .കോള്‍മാന്‍ തുടര്‍ന്നു....
മധ്യപ്രദേശിലെ ഖണ്ഡ്വക്ക് അടുത്തുള്ള അസീര്‍ഗാഹിലെ കോട്ട... നിഗൂഢതകളുടെയും അന്ധവിശ്വാസങ്ങളുടെയും കൊത്തളം ... ഈ കോട്ടയ്ക്കുള്ളിലുള്ള ശിവക്ഷേത്രത്തില്‍  അശ്വത്ഥാമാവ് ഇപ്പോളും ആരാധന നടത്തുന്നതായി പറയപ്പെടുന്നു.ഇവിടെ ചിരംജീവിയായ അശ്വഥാമാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. താങ്കള്‍ കൂടുന്നോ ഞങ്ങളോടൊപ്പം?.എന്‍റെ മനസ്സ് ഇളകി തുടങ്ങിയിരുന്നു. ആയിരകണക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന ഒരു ഇതിഹാസ കഥാപാത്രത്തെ നേരില്‍ കാണാന്‍ ഒരു യാത്ര.....
എന്തിനേറെ പറയുന്നു ഞങ്ങളുടെ ഭാരത പരിക്രമയിലെ അടുത്ത ലക്ഷ്യം  മധ്യപ്രദേശിലെ ഖണ്ഡ്വക്ക്  ആയി മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ. കൂട്ടിന് ജര്‍മന്‍കാരായ ഗവേഷകരും (അതോ ഭ്രാന്തന്‍മാരോ !!!)
ബര്ഹംപൂരില്ന്നിന്ന് 20 കിലോമീറ്റര്‍ അകലെ ആണ് അസീര്‍ഗാഹിലെ കോട്ട.കോട്ടയ്ക്ക് സമീപത്തുള്ള ആളുകളില്‍ നിന്നും  ഞങ്ങള്‍ ആദ്യം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു .
പലര്‍ക്കും  പല കഥകളാണ് ഈ കോട്ടയെ കുറിച്ച് പറയാനുണ്ടായിരുന്നത്. കോട്ടയില്‍ പല  തവണ അശ്വത്ഥാമാവിനെ നേരിട്ട് കണ്ടിട്ടുള്ളതായി മുത്തശ്ശി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞു.
കോട്ടക്കുള്ളിലുള്ള കുളത്തില്ചൂണ്ടയിടാന്‍ ചെന്ന  തന്നെ കുളത്തിലേക്ക് ആരോ തള്ളിയിട്ടെന്നും, അത് അശ്വത്ഥാമാവ് തന്നെയായിരുന്നുവെന്നുമാണ് മറ്റൊരാള്ക്ക് പറയാനുണ്ടായിരുന്നത്.
ആരും അങ്ങോട്ട് കടക്കുന്നത് അശ്വത്ഥാമാവിന് ഇഷ്ടമല്ലത്രേ. “അശ്വത്ഥാമാവിനെ കാണുന്ന ആരുടെയും മാനസികനില തകരാറിലാവും” എന്നാണ് വേറൊരാള്പറഞ്ഞത്. ഇത്തരം വിശ്വാസങ്ങള്കേട്ട ശേഷമാണ് ഞങ്ങള്ആ കോട്ടയിലേയ്ക്ക് പോയത് .
ശിലായുഗത്തിന്റെ സ്മാരകമാണെന്നേ തോന്നൂ കോട്ട ഇന്നു കണ്ടാല്‍ ,. വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ അതി ഭീകരമായ  അന്തരീക്ഷമാവും കോട്ട മുഴുവനും .വൈകുന്നേരം ആറു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കോട്ടക്കുള്ളില്‍ കടക്കാന്‍ തീരുമാനിച്ചു.

 കോട്ടയുടെ അകത്തു കടക്കുമ്പോള്‍ ആദ്യം കാണാന്‍ കഴിഞ്ഞത്  ഒരു ശവപ്പറമ്പാണ്. വളരെ പഴക്കം ചെന്ന ഒരു ശവകുടീരവും അവിടെയുണ്ടായിരുന്നു. അതിന് ബ്രിട്ടീഷുകാരുടെ കാലത്തോളം പഴക്കമുണ്ടെന്ന് കോള്‍മാന്‍  സൂചിപ്പിച്ചു.കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. രണ്ടു ബ്ലോക്കുകളായി വിഭജിച്ച ഒരു കുളമായിരുന്നു പിന്നെ.
 ശിവക്ഷേത്രത്തില്പോകുന്നതിനു മുമ്പ് അശ്വത്ഥാമാവ് കുളിക്കുന്നത് ഈ കുളത്തിലാണെന്നാണ്  വിശ്വസം എന്നു ജര്‍മന്‍കാരി പറഞ്ഞു.
മഴവെള്ളം കൊണ്ടു നിറഞ്ഞ് കുളം വൃത്തിഹീനമായി പച്ച നിറത്തിലായിട്ടുണ്ടായിരുന്നു. ബര്‍ഹാംപൂരിലെ തിളച്ച ചൂടിലും ഈ കുളം വറ്റാറില്ല എന്നു കൂടി അവര്‍ പറഞപ്പോള്‍  ശരിക്കും    അത്ഭുതപ്പെട്ടുപോയി.
 മിനിറ്റുകള്‍ക്കുള്ളില്‍ ആ സ്ഥലം വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ താഴ്വരകളാല്‍ ചുറ്റപ്പെട്ട ഗുപ്തേശ്വര്‍ മഹാദേവന്‍റെ  ക്ഷേത്രം ഞങ്ങള്‍ കണ്ടു .ഞങ്ങളുടെ ലക്ഷ്യ സ്ഥാനം .
ഈ താഴ്വരകളിലൂടെ  ‘ഖാണ്ഡവവന’ത്തിലേക്ക് (ഖാണ്ഡവ ജില്ല ) കടക്കാവുന്ന ഒരു രഹസ്യപാതയുണ്ടെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള പടികളിലൂടെ ഞങ്ങള്ആ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ പിശകുപോലും മരണത്തിലേയ്ക്ക് തള്ളിയിടാവുന്ന തരത്തിലായിരുന്നു ആ പടിയിറക്കം..ക്ഷേത്രത്തില്‍ ദിവസപൂജ നടത്തുന്ന ഒരു പൂജാരിയെ ഞങ്ങള്‍ കണ്ടു .സന്യാസ വേഷധാരികളായ ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം സന്തോഷ പൂര്‍വം സ്വീകരിച്ചു.ഞങ്ങളുടെ ആഗമഉദേശ്യം അറിഞ്ഞപ്പോള്‍ പൂജാരിയുടെ മുഖത്തു ഒരു ഭയം ദൃശൃം ആയി.നേരം നന്നേ പുലര്‍ന്നാലെ താന്‍ ക്ഷേത്രത്തില്‍ വരാറുള്ളൂ എന്നു അദ്ദേഹ്ം പറഞ്ഞു എന്നാല്‍ അതിനു മുന്‍പേ ആരോ പൂജ നടത്തുന്നതിന്റെ ലക്ഷണം കാണാറുണ്ടെന്നും,ശിവ ലിംഗത്തില്‍ ഒരു റോസ പുഷ്പം കാണാറുണ്ടെന്നും പൂജാരി പറഞ്ഞു.ഇരുട്ട് വീഴുന്നതിന് മുന്‍പ് കോട്ടയ്ക്ക് പുറത്തു കടക്കാനുള്ള തത്രപാടിലായിരുന്നു പൂജാരി. ഒരു ട്രാക്ടര്‍റില്‍ മകനും കൂട്ടുകാരും എത്തിയതോടെ , പെട്ടെന്നു തന്നെ ആളു സ്ഥലം വിട്ടു. ഉത്തര ഭാരതത്തില്‍ നട അടക്കുന്ന പതിവൊന്നും ഇല്ല.
 
രാത്രി മുഴുവനും ആ ക്ഷേത്രത്തില്തന്നെ കഴിച്ചു കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു .അര്‍ദ്ധ രാത്രി ആയപ്പോള്‍ എന്‍റെ കൂടെയുള്ള സ്വാമിമാര്‍  വല്ലാതെ അസ്വസ്ഥരായി  എത്രയും പെട്ടെന്നു അവിടം വിട്ടു പോകാം എന്ന്  അവര്‍ അവ്ശ്യപ്പെട്ടു.എന്നാല്‍ ഈ സമയത്ത് പുറത്തു പോകുന്നത് അപകടമാണെന്ന പ്രോഫ്സര്‍ കോള്‍മാന്‍റെ ഉപദേശം മൂലം അവര്‍ അടങ്ങി.അന്തരീഷം ഭയാനകം ആയി മാറി കൊണ്ടിരുന്നു.ജര്‍മന്‍കാര്‍ എന്തൊക്കയോ ഉപകരണങ്ങള്‍ പുറത്തെടുത്ത്  നോക്കുന്നുണ്ട്. ജര്‍മന്‍ ഭാക്ഷയില്‍ എന്തൊക്കയോ പറയുന്നുമുണ്ട്.ആത്മാവിന്റ്റെ സാന്നിധ്യം അറിയിക്കുന്ന ഉപകരണങ്ങള്‍ ആണ് അതെന്ന്  പ്രൊ: പറഞ്ഞു  .
രണ്ട് മണിയായപ്പോള്‍താപനില വളരെ വേഗം താഴാന്‍തുടങ്ങി. ആത്മാക്കള്‍ഉള്ള സ്ഥലത്തെ താപനില അതിവേഗം താഴുമെന്ന് ഏതോ പുസ്തകത്തില്‍വായിച്ചത് എനിക്ക് ഓര്‍മ്മ വന്നു. ശ്വാസം എടുക്കാന്‍ പ്രയാസം ആയ പോലെ തോന്നി തുടങ്ങി.കൂടെയുള്ളവരില്‍ , ജര്‍മന്‍കാര്‍ വരെ  ചെറുതായി ഭയക്കാന്‍ തുടങ്ങി എന്നു തോന്നി .

ഭയാനകമായ തരത്തില്‍സാഹചര്യം മാറിക്കൊണ്ടിരുന്നു.എവിടെ നിന്നോ കുറുനരികള്‍ ഓരിയിടുന്ന ശബ്ദം കേട്ടു തുടങ്ങി.ശിവ നാമം ജപിച്ച് കൊണ്ട് സ്വാമിമാര്‍ രണ്ടു പേരും കണ്ണടച്ചിരിക്കുകയാണ്.ആ ഇരുപ്പില്‍ എപ്പോളോ ഞാന്‍ ഒന്നു മയങ്ങി പോയി .എന്തോ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് .കൂടെ ഉള്ളവരെല്ലാം  നിലത്തു കിടന്നുറങ്ങുന്നു.ശബ്ദം കേള്‍ക്കുന്നത് കുളത്തിന്റെ ഭാഗത്ത് നിന്നാണ് എന്ന് തോന്നി.കോള്‍മാനെയും മറ്റെ സ്വാമിമാരെയും കുലുക്കി വിളിക്കാന്‍ ഞാന്‍ ശ്രമിച്ചു ,പക്ഷേ അവര്‍ ബോധരഹിതരെ പോലെ ഉറങ്ങുന്നു.ഞാന്‍ പതുക്കെ എഴുന്നേറ്റു,കുളത്തിന്‍റെ ഭാഗത്ത് ഒരു ചെറിയ വെളിച്ചം പോലെ തോന്നി.ഏതായാലും ഒന്നു നോക്കി കളയാം എന്ന് തന്നെ കരുതി ഞാന്‍ ആ വിജനമായ ഇടനാഴിയിലൂടെ കുളത്തിന്‍റെ ഭാഗത്തേക്ക് നടന്നു. ഇപ്പോള്‍ ശബ്ദം ശരിക്കും കേള്‍ക്കാം,ആരോ കുളിക്കുന്ന പോലെയുള്ള ശബ്ദം.ഇടനാഴിയില്‍ നിന്നും കുളത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിനടുത്ത് നിന്നു ഞാന്‍ കുളത്തിലേക്ക് നോക്കി .കുളത്തിന്‍റെ കല്‍പടവില്‍  മുനിഞ്ഞു കത്തുന്ന ഒരു മണ്‍ചിരാത് .മങ്ങിയ ആ വെളിച്ചത്തില്‍ കുളത്തില്‍ മുങ്ങി കുളിക്കുന്ന ഒരു രൂപം അവ്യക്തമായി കാണാം.എന്‍റെ ഹൃദയ മിടിപ്പ് ഉച്ചത്തിലായി. തൊണ്ട വരളുന്നപോലെ തോന്നി.പെട്ടെന്ന് ആ രൂപം പടിക്കെട്ടിലേക്ക് കയറി .

മണ്‍ ചിരാതിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍  ആ രൂപം ഞാന്‍ വ്യക്തമായി കണ്ടു.ആറടിയിലേറെ ഉയരം ഉള്ള ഒരു അസാധാരണ മനുഷ്യന്‍ . നെറ്റിയില്‍ ഒരു മഞ്ഞ വസ്ത്രം കൊണ്ട് വട്ടം കെട്ടിയിരിക്കുന്നു.,മുട്ടോളം എത്തുന്ന കരങ്ങള്‍ , തീഷ്ണമായ തിളങ്ങുന്ന കണ്ണുകള്‍ ,വിശാലമായ നെറ്റിത്തടവും നീണ്ട നാസികയും,നീണ്ടു കിടക്കുന്ന നീളന്‍ മുടിയും കനത്ത താടി മീശയും ...അതെ അതു അശ്വത്ഥാമാവ് തന്നെ ആണോ ? !!!
എന്‍റെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് കടന്നു പോയി. മഹാഭാരത യുദ്ധത്തിന്നു ശേഷമുള്ള രാത്രിയില്‍  അന്ധകാരത്തിന്‍റെ മറ പറ്റി പാണ്ഡവ കൂടാരങ്ങളിലേക്കു നടന്നടുത്ത കറുത്ത വസ്ത്രം  ധരിച്ച ആ  രൂപം!. ഉത്തരയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിനു നേരെ പോലും ബ്രഹ്മ അസ്ത്രം തൊടുത്ത ,പാഞ്ചാലിയുടെ  അഞ്ചു മക്കളെയും വധിച്ച് ,ഒറ്റ രാത്രിയില്‍ പാണ്ഡവ സൈന്യത്തെ ഒന്നാകെ കൂട്ടകൊല ചെയ്ത  മഹാഭാരതത്തിലെ ഏറ്റവും ക്രൂരമായ കഥാപാത്രം എന്നു വിശേഷിക്കപ്പെട്ട  അശ്വത്ഥാമാവ്  ഇതാ എന്‍റെ മുന്നില്‍ !!  ......   ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പു ജീവിച്ചിരുന്ന ,ചിരംജീവിയായ ആ ഇതിഹാസ കഥാപാത്രം ഇതാ ..ഇവിടെ. .അവിടെ നിന്നും ഓടി രക്ഷപ്പെടണം എന്ന്‍ എന്‍റെ മനസ്സ് പറയുന്നു  ,പക്ഷെ എന്‍റെ കാലുകള്‍ അനക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു .ഗുരുജി യെ മനസ്സില്‍ ധ്യാനിച്ച്  ,   ഇതികര്‍ത്തവ്യമൂഢനായി ,ചലനമറ്റ് നില്‍ക്കുന്ന എന്‍റെ മുന്നിലേക്ക് ,ആ മനുഷ്യന്‍ നടന്നു വന്നു നിന്നു. നീണ്ട മുടിയില്‍ നിന്നും ഇറ്റു വീഴുന്ന ജലകണങ്ങള്‍ ..തിളങ്ങുന്ന ആ കണ്ണുകളിലേക്ക് നോക്കാന്‍ പോലും എനിക്കു കഴിഞ്ഞില്ല.......
-----------------------------------------------------------------------------------------


സുഹൃത്തെ സന്ധ്യാ  വന്ദനത്തിന്നുള്ള സമയം ആയി . ഞാന്‍ പിന്നീട് എഴുതാം .........
ഒരു കാര്യം മാത്രം പറയട്ടെ ...നിങ്ങള്‍ ഇത് വിശ്വസിക്കണം എന്നു ഞാന്‍ പറയില്ല .
നിങ്ങള്‍ക്കിത്     വിശ്വസിക്കാം .....വിശ്വസിക്കാതിരിക്കാം...!!!!!!

സ്നേഹ പൂര്‍വം

പദ്മ തീര്‍ഥ

(ഒപ്പ്)




കടപ്പാട് :  : ശ്രുതി ,വേള്‍ഡ്  ദുനിയ 

Friday 18 November 2011

ശ്രീ കൃഷ്ണന് എന്തേ നീല നിറം ?

                                      പുഷ്പന്‍ ചേട്ടന്‍ ഇന്നു ദുബൈ വിടുകയാണ്.വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര.പുഷ്പന്‍ ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ ജോലിക്കാരനല്ലേ ?....അതു പോലെ എത്ര പേര് വരുന്നു പോകുന്നു.പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാത്ത ഒരു വ്യക്തി ആണ് ചേട്ടന്‍ .അനുഭവങളുടെ ഒരു സാഗരം ആണ് പുഷ്പന്‍ ചേട്ടന്‍ .ഒരു നാട്ടുംപുറത്തുകാരന്‍ ,പതിനേഴാം വയസ്സില്‍ വീട്ടിലെ ദാരിദ്രം മൂലം വീട് വിട്ടിറങ്ങി ,ബോംബയില്‍ എത്തി ,പിന്നെ എങ്ങിനെയോ കടല്‍ കടന്നു . സൌദി,യു എ ഇ,എന്നുവേണ്ട  ചേട്ടന്‍ കറങ്ങാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല.

പുഷ്പന്‍ ചേട്ടന്‍റെ ഭാക്ഷയില്‍ പറഞ്ഞാല്‍ ,തൃശ്ശൂര്‍ ജില്ലയിലെ കോണോത്തു കുന്ന്‍ എന്ന ഗ്രാമത്തിലാണ് ഇഷ്ടന്‍റെ ഉത്ഭവം,3-4 ക്ലാസ് വരെ പഠിച്ചിട്ടുണ്ട്,പക്ഷേ പുഷ്പന്‍ ചേട്ടന്‍ പറയുന്നത് അന്നത്തെ നാലാം ക്ലാസ്  ഇന്നത്തെ MA യ്ക്കു തുല്യം ആണത്രെ! കമ്പനിയിലെ ഒഴിവു സമയങളില്‍ രസകരമായ ഓരോ അനുഭവ കഥകള്‍ ചേട്ടന്‍ പറയും.ഇതൊക്കെ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല,കാരണം പുഷ്പന്‍ ചേട്ടന്‍ പറയുമ്പോള്‍ സത്യം ഏത് ,നുണ ഏത് എന്നു നമുക്ക് അറിയാന്‍ കഴിയില്ല.പൊടിപ്പും തൊങ്ങലും വച്ച് പുഷ്പന്‍ ചേട്ടന്‍ പറഞ്ഞ കഥകളില്‍ ,ഇടയ്ക്ക് ഞാന്‍ ഓര്‍ത്ത് ചിരിക്കാറുള്ള ചില കഥകള്‍ ഇവിടെ പങ്കുവെയ്ക്കാം....ഇതിന്‍റെ ഒക്കെ സത്യാവസ്ഥ നിങ്ങള്‍ പുഷ്പന്‍ ചേട്ടനോട് തന്നെ ചോദിക്കണം.

 കഥ 1.  ശ്രീ കൃഷ്ണന് എന്തേ നീല നിറം ?
...................................................


പുഷ്പന്‍ ചേട്ടന്‍ സൌദിയില്‍ ജോലി ചെയ്തിരുന്ന കാലം ...(.20-25  വര്‍ഷം മുന്‍പായിരിക്കണം) അന്ന്‍ പുഷ്പന്‍ ചേട്ടനോടൊപ്പം സഹ മുറിയനായി പാലക്കാട്ടുകാരന്‍ ഒരു പിള്ള ഉണ്ടായിരുന്നു.ഭയങ്കര കൃഷ്ണ ഭക്തന്‍ ,വന്നിട്ട് അധികം നാളായിട്ടില്ല. മുറിയിലെ ചുവരില്‍ കൃഷ്ണന്‍റെ ഒരു ഫോട്ടോ വച്ച്, മാല ചാര്‍ത്തി, വിളക്ക് വെയ്ക്കല്‍,മണി അടിച്ച്പൂജ തുടങ്ങിയ കലാ പരിപാടികള്‍ പിള്ളക്കുണ്ട്.
അതേ മുറിയില്‍ ഉള്ള മലയാളികള്‍ ഒന്നും പറയാറില്ല, എന്നാല്‍ അടുത്ത മുറികളിലെ മിശ്രികള്‍ക്ക് (Egypt) മറ്റും ഇതത്ര ഇഷ്ടം ആയിരുന്നില്ല . കാരണം ശബ്ദ ശല്യം തന്നെ.

അങിനെ ഇരിക്കെ നൊയമ്പു കാലം ആയി ,ഉച്ച കഴിഞാല്‍ പണി ഇല്ല . നൊയമ്പു പിടിക്കുന്നവര്‍ ഉറങ്ങും ..നൊയമ്പു പിടിക്കാത്തവര്‍ എല്ലാവരും കൂടി സമയം കളയാന്‍ ചീട്ടുകളി തുടങ്ങി.(അന്ന് ടി‌വി ഒന്നും ഇല്ല)
മലയാളികള്‍ ചീട്ടുകളി തുടങിയാലുള്ള കാര്യം പറയണോ !ബഹളം കാരണം ഉറങ്ങുന്നവര്‍ക്ക്  ശല്യം മൂത്തപ്പോള്‍ ,ആരോ പോലീസില്‍ പറഞ്ഞു എന്നാണ് ,പുഷ്പന്‍ ചേട്ടന്‍ പറയുന്നത്,

ഏതായാലും ഒരു ദിവസം കളി തകര്‍ക്കുന്നതിനിടയില്‍ അറബി പോലീസ് മുറിയില്‍ എത്തി . 20 -25 വര്‍ഷം മുന്‍പുള്ള സൌദി പോലീസ് ആണ് എന്നു ഓര്‍ക്കണം . അറബിയും അല്പം ഉറുദുവും മാത്രം അറിയാം .  ചാര്‍ജ് കുറെ ഉണ്ട് ,പണം വെച്ചു ചീട്ടുകളി,ബഹളം വെയ്ക്കല്‍ അങ്ങിനെ അങ്ങിനെ....ചോദ്യം ചെയ്യല്‍ പൊടിപൊടിക്കുകയാന്ന്,കുറച്ചു ,കുറച്ചു അറബി സംസാരിക്കുന്ന പുഷ്പന്‍ ചേട്ടനും ജോസെഫും ആണ് ഉത്തരം പറയുന്നത്.ബാക്കിഉള്ളവര്‍ പേടിച്ച് നില്‍ക്കുകയാണ് ,പണി പോയത് തന്നെ ...

അതിനിടയില്‍ ഒരു പോലീസുകാരന്‍ പിള്ളയുടെ ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കണ്ടു ,അതു  നോക്കിയിട്ട് അയാളുടെ ചോദ്യം "ഇതാരുടെ ഫോട്ടോ?' പുഷ്പന്‍ചേട്ടന്‍റെ ബുദ്ധി ഉണര്‍ന്നു ,ഇതു കൃഷ്ണന്‍ ആണെന്ന് പറഞ്ഞാല്‍ ,അതാരാ എന്നു ഇവര് ചോദിക്കും ,പിന്നെ അതു ദൈവം ആണെന്ന് പറഞ്ഞാല്‍ ചിലപ്പോ അത് അടുത്ത കുറ്റം ആകും.ദൈവങ്ങളുടെ ഫോട്ടോ വച്ചു പൂജിക്കാന്‍ പാടില്ല എന്നാണല്ലോ,ഇസ്ലാം നിയമം,മാത്രമല്ല പിള്ളയുടെ പൂജ യുടെ ശല്യം കാരണം മിശ്രികളോ മറ്റോ  പരാതി കൊടുത്തിട്ടുണ്ടോ എന്നും അറിയില്ലല്ലോ?

             പോലീസുകാരനോടു  പുഷ്പന്‍ ചേട്ടന്‍റെ മറുപടി പെട്ടെന്നായിരുന്നു .പിള്ളയെ ചൂണ്ടി ,പുഷ്പന്‍ ചേട്ടന്‍ പറഞ്ഞു."അത് ഇയാളുടെ അച്ഛന്റെ ഫോട്ടോ ആണ് സര്‍ "

പോലീസുകാര്‍ പിള്ളയെയും ശ്രീ കൃഷ്ണന്‍റെ ഫോടോയും മാറി മാറി നോക്കി.അവരുടെ മുഖത്ത് ഒരു അതിശയ ഭാവം ! 'നിന്‍റെ അച്ഛനെന്താ നീല നിറം ?അടുത്ത ചോദ്യം .ആ ചോദ്യം പുഷ്പന്‍ ചേട്ടന്‍ പ്രതീഷിച്ചില്ല ,"ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ എന്താ കാരണം ?"ഇന്നായിരുന്നെങ്കില്‍ "കാളിന്ദിയില്‍ കുളിച്ചത് കൊണ്ട് "എന്നെങ്കിലും പറയമായിരുന്നുഎന്നു പുഷ്പന്‍ ചേട്ടന്‍ .ശ്രീ പരമ ശിവന് നീല നിറം വന്നത് കാളകൂട വിഷം കുടിച്ചത് കൊണ്ട് എന്ന് പുഷ്പന്‍ ചേട്ടന് അറിയാം ,പക്ഷെ ശ്രീ കൃഷ്ണന്നു നീല നിറം വരാന്‍ കാരണം എന്ത്? തന്‍റെ ഇഷ്ട ദൈവത്തിനോട് ആദ്യമായും അവസാനം ആയും അല്പം നീരസം തോന്നിയ ഒരേ ഒരു സന്ദര്‍ഭം അതായിരുന്നത്രെ."

ജനിച്ചപ്പോളേ ആ നിറം ആയിരുന്നു സര്‍ ",ഏതായാലും പുഷ്പന്‍ ചേട്ടന്‍ ആലോചിക്കുന്ന സമയത്ത് ജോസെഫ്  ഉത്തരം നല്‍കികഴിഞ്ഞു..
പക്ഷേ അതിലും വലുത് വരാന്‍ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. "ഇയാളുടെ തലയില്‍എന്താ വച്ചിരിക്കുന്നത്?"  അടുത്ത ചോദ്യം. " ഇതു സ്വര്‍ണ്ം ആണോ?" മറ്റൊരു പോലീസുകാരെന്‍റെ ചോദ്യം.
അത് കിരീടം ആണെന്നും ,സ്വര്‍ണം തന്നെ എന്നും മറുപടി പറഞ്ഞപ്പോള്‍ അതാവരുന്നു ഒരു പ്രധാന ചോദ്യം. സ്വര്‍ണത്തിന്‍റെ കിരീടം തലയില്‍ വെയ്ക്കാന്‍ ഇയാള്‍ രാജാവാണോ? ഇന്ത്യ രാജാക്കന്‍മാരുടെ നാടാണ് എന്നോ മറ്റോ അറബി പോലീസുകാര്‍ കേട്ടിട്ടുണ്ടാവും.

ഏതായാലും അവസാനം നമ്മുടെ   പിള്ള ഒരു രാജാവിന്‍റെ മകന്‍ ആണെന്നും ,ശ്രീ കൃഷ്ണഭഗവാന്‍  പിള്ളയുടെ അച്ഛന്‍ രാജാവാണെന്നും , പുഷ്പന്‍ ചേട്ടനും ജോസെഫും കൂടി പറഞ്ഞോപ്പിച്ചു.
രാജാവിന്‍റെ മകന്‍ ആണെങ്കിലും,എല്ലാവരെയും പോലീസ് സ്റ്റേഷന്‍നില്‍ കൊണ്ട് പോവുക തന്നെ ചെയ്തു . കൂട്ടത്തില്‍ ഒരു പോലീസുകാരന്‍ ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കൂടി എടുത്തു .പക്ഷെ പിള്ളയോട് എല്ലാവര്‍ക്കും ബഹുമാനം.കാര്യം എന്തായാലും ഒരു രാജകുമാരന്‍ അല്ലെ!!.(രാജാവും രാജകുമാരന്‍മാരും സൌദി പോലീസിനും പരിചിതമാണല്ലോ). പോലീസ് വാനില്‍  സീറ്റില്‍ ഇരിക്കാന്‍ പറ്റിയത് രാജാവിന്‍റെ മകനായ പിള്ളക്ക് മാത്രം.പാവം പിള്ളക്കുണ്ടോ താന്‍ രാജകുമാരന്‍ ആയ വിവരം വല്ലതും  അറിയുന്നു.

പോലീസ് സ്റ്റേഷനിലും പിള്ളക്ക് ബഹുമാനം .കസേര കിട്ടി .സഹ പ്രവര്‍ത്തകര്‍ക്ക് ,പോലീസുകാര്‍ കാര്യം വിശദീകരിച്ചു കൊടുത്തു .ശ്രീ കൃഷ്ണന്‍റെ ഫോട്ടോ കാണാനും പിള്ളയെ കാണാനും ഓരോരുത്തരായി എത്തി.ശ്രീ കൃഷ്ണന്‍റെ നിറം,സ്വര്‍ണത്തിന്‍റെ കിരീടം ഒക്കെ ചര്‍ച്ചയായി. പക്ഷെ ഒരു പോലീസുകാരന്‍ പുഷ്പന്‍  ചേട്ടന്റ്റെ അടുതെത്തി പതുക്കെ മലയാളത്തില്‍ ചോദിച്ചു "എന്തൊക്കെ മണ്ടത്തരങ്ങള്‍ ആണെടോ ഇത്? "  കൊണ്ടോട്ടിക്കാരന്‍ മൂസ്സ എന്ന ആ മലയാളി പോലീസുകാരനെ (അന്ന് മലയാളികള്‍ പോലീസില്‍  ജോലി ചെയ്യുന്നുണ്ടത്രേ) സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍  തന്നെ അയച്ചതാണെന്നാണ്  പുഷ്പന്‍ചേട്ടന്‍ പറയുന്നത്.ഏതായാലും മൂസയുടെ സഹായത്തോടെ പരുക്കൊന്നും പറ്റാതെ രാജാവിന്‍റെ മകനും കൂട്ടുകാരും സ്റ്റേഷന്‍നില്‍ നിന്നും  ഇറങ്ങി.

കഥ തീരുന്നില്ല രണ്ടു ദിവസത്തിന് ശേഷം ,പുഷ്പന്‍ ചേട്ടന്‍റെ മുറിയുടെ കതകില്‍ ആരോ മുട്ടുന്നു ... വാതില്‍ തുറന്നപ്പോള്‍ രണ്ടു ദിവസം മുന്‍പ് വന്ന രണ്ടു പോലീസുകാര്‍ പുറത്ത്. എല്ലാവരും ഞെട്ടി ..ഇനി എന്തിനാണാവോ പോലീസ് വന്നിരിക്കുന്നത്? .......

നിങള്‍ക്കു പറയാമോ?......ശ്രമിച്ചു നോക്കൂ.....

(പുഷ്പന്‍ ചേട്ടന്‍റെ കഥകള്‍ തുടരും....)


Friday 11 November 2011

അലവി കുട്ടിയുടെ ഹജ്ജിന്‍റെ പുണ്യം ആര്‍ക്ക് കിട്ടും ?


 " ആദാമിന്‍റെ മകന്‍ അബു " എന്ന ,മലയാളികള്‍ക്കു അഭിമാനം ആയ,ഓസ്ക്കാര്‍ നോമിനിയായ  ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ സംശയം മനസ്സില്‍ തോന്നി.

ചിത്രത്തില്‍ ഹജ്ജിന് പോകുവാനുള്ള പണം തികയാത്തതിനാല്‍ ആ വര്‍ഷം പോകേണ്ട എന്നു സലീം കുമാര്‍ അവതരിപ്പിക്കുന്ന അബു തീരുമാനിക്കുന്നു. ഈ വാര്‍ത്ത കേട്ട് നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം 50,000 രൂപയും ആയി അബുവിന്റെ വീട്ടില്‍ വരുന്നു. എന്നാല്‍ അബു ആ പണം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. കാരണം ആയി അബു പറയുന്നത് ഹജ്ജിന്‍റെ നിയമം അതിനു അനുവദിക്കുന്നില്ല എന്നതാണ്.

അന്യരുടെ പണം കൊണ്ട് ഹജ്ജ് ചെയ്യാന്‍ നിയമം ഇല്ല എന്നും, അങ്ങിനെ എങ്കില്‍ തന്നെ സ്വന്തം മകനോ അടുത്ത ബന്ധുക്കളോ നല്‍കുന്ന പണം മാത്രമേ സ്വീകരിക്കാവൂ എന്നും അബു പറയുന്നു.' മാഷെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ പണം വാങ്ങിയെനെ പക്ഷെ നിയമം അനുവദിക്കുന്നില്ലല്ലോ  മാഷേ'....എന്നും അബു പരിതപിക്കുന്നു.
അതു പോലെ തന്നെ മറ്റൊരു രംഗത്ത് മുകേഷ് അവതരിപ്പിക്കുന്ന ട്രാവെല്‍ ഏജെന്‍റ്  അബുവിനെയും ഭാര്യയും  പണം ഇല്ലാതെ തന്നെ കൊണ്ട് പോകാം എന്നു പറയുമ്പോളും അബു നിരസ്സിക്കുന്നുണ്ട്. തന്‍റെ മരിച്ചു പോയ ബാപ്പയുടെയും ഉമ്മയുടെയും സ്ഥാനത്ത് അവരെ കാണുന്നു എന്നും ,തന്‍റെ ബാപ്പയെ ഹജ്ജിനു അയക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നും ,ആ സ്ഥാനത്ത് അബുവും ഭാര്യയും പോകണം എന്നും പറയുമ്പോള്‍ അബുവിന്റെ മറുപടി, അങ്ങിനെ പോയാല്‍ അതിന്റെ പുണ്യം തനിക്ക് അല്ല, മരിച്ചു പോയ മുകേഷിന്‍റെ ബാപ്പക്കും ഉമ്മയ്ക്കും ആവും കിട്ടുക എന്നും ആണ്.

 ഇതു സത്യത്തില്‍ കഥയ്ക്കു പിരിമുറുക്കം കിട്ടാന്‍ വേണ്ടി സംവിധായകന്‍ സലീം അഹമദ് സൃഷ്ടിച്ചതോ  അതോ ശരിക്കും ഉള്ളതോ ?

കാരണം  ഈ ചിത്രത്തിലെ അഭിനയത്തിനു' ഭരത് ' അവാര്‍ഡ് കിട്ടിയതിന് ശേഷം സലീം കുമാര്‍ , അലവി കുട്ടി എന്ന വ്യക്തിയെ സ്വന്തം ചിലവില്‍ ഹജ്ജിനു അയക്കുകയുണ്ടായി .ഹജ്ജിന്‍റെ നിയമത്തില്‍ സ്വന്തം ആയി പോകാന്‍ കഴിയാത്തവര്‍ക്ക് വേറെ ഒരു വ്യക്തിയെ അയക്കാന്‍ സാധിക്കുമോ ? അങ്ങിനെ എങ്കില്‍ ആ ഹജ്ജിന്‍റെ പുണ്യം ആര്‍ക്ക് കിട്ടും ? അല്ലാഹുവില്‍ മാത്രം മനസര്‍പ്പിച്ച് കാതങ്ങള്‍ താണ്ടി എല്ലാ ത്യാഗങ്ങളും അനുഷ്ഠിച്ച് ഹജ്ജ് കര്‍മ്മം ചെയ്യുന്ന ആ വ്യക്തിക്കോ ?          അതോ കാശു മാത്രം മുടക്കിയ രണ്ടാമനോ ?

എന്തായാലും ഇത്ര നല്ല ഒരു ചിത്രം ഒരുക്കിയതിന് ...  ആ പുണ്യം ,പരമ കാരുണ്യവാന്‍   സലീം കുമാറിന്നും, സംവിധായകന്‍ സലീം അഹമദ് നും , അലവിക്കുട്ടി ക്കും,  ഒരു പോലെ ചൊരിയട്ടെ.!!!                               സര്‍വ ലോകത്തിനും അധിപനായ ദൈവത്തിന്‍റെ വഴികള്‍ മനുഷ്യനുണ്ടോ അറിയുന്നു !!!                                                       

അലവിക്കുട്ടിയുടെ പുണ്യം ഇനി ഓസ്കാറും കൊണ്ടുവരട്ടെ  എന്നു മാത്രം നമുക്ക് പ്രാര്‍ഥിക്കാം.............

Friday 14 October 2011

വിശ്വസിച്ചാലും, ഇല്ലെങ്കിലും


         


                                                                                                                           ഋഷികേശ്,

                                                                                                                                12/07/2011

പ്രിയ സുഹൃത്തേ,

താങ്കള്‍ക്കും കുടുംബത്തിനും സുഖം എന്നു വിശ്വസിക്കുന്നു. താങ്കള്‍ക്കു ഞാന്‍ ഈ കത്തെഴുതുന്നത് ഋഷികേശില്‍ നിന്നാണ് , ഈ മാസം 21 നു ഞാന്‍ ഗുരുജിയില്‍ നിന്നും ദീക്ഷ സ്വീകരിക്കുകയാണ്. അവസാനം നമ്മള്‍ കണ്ടപ്പോള്‍ താങ്കള്‍ എന്നോടു ചോദിച്ചിരുന്നല്ലോ എന്തുകൊണ്ട്
ഞാന്‍ ഈ വഴി തെരെഞ്ഞെടുത്തു എന്ന്? പിന്നീടൊരിക്കല്‍ പറയാം എന്ന് ഞാന്‍ വാക്കു തന്നിരുന്നു.ദീക്ഷ സ്വീകരിക്കുന്നതിനു മുന്‍പ് ആ വാക്ക് പാലിക്കേണ്ടതുണ്ട്

താങ്കളെ പോലെ തന്നെ ദുബായില്‍ ജീവിതം ആരംഭിച്ച ഒരാളാണ് ഞാന്‍ എന്ന് താങ്കള്‍ക്കു അറിയാമല്ലോ. ഇനീ എന്‍റെ ജീവിത കഥ ഞാന്‍ ഇവിടെ കുറിക്കുന്നു. ഇതു വായിച്ചു ഇത് സത്യമോ?,സംഭവിച്ചതോ? എന്നു ചോദിക്കരുത്.അത് പറയാന്‍ എനിക്കാവില്ല. താങ്കള്‍ക്കിത് വിശ്വസിക്കാം !! വിശ്വസിക്കാതിരിക്കാം !!! വേറെ ഒന്നും ഈ കുറിപ്പിനെ കുറിച്ചു എനിക്കു പറയാനില്ല..

ഹിമാലയം” ഈ ലോകത്തെ ഏററവും നിഗൂഡമായ പ്രദേശം, അവിടെ ജീവിക്കുന്നവരും, ജീവിച്ചിരുന്നവരും ഏറെ കുറെ നിഗൂഢ വ്യക്തികളും ആണ്.
ബിരുദ പഠനത്തിനു ശേഷം സന്യാസി ആകാന്‍ വീടു വിട്ടിറങ്ങി ഋഷികേശിലെ ബാബ കാലേ കമ്പിളിവാലേയുടെ ആശ്രമത്തില്‍ എത്ത്യപ്പോള്‍ മുതല്‍ ഞാന്‍ അനുഭവിച്ചു പോരുന്ന ആ നിഗൂഡതയുടെഅനുഭൂതി വാക്കുകള്‍ കൊണ്ട് വരച്ചു കാട്ടാന്‍ പറ്റില്ല തന്നെ.

"ഈ ജന്മത്തില്‍‍ നിനക്കു സന്യാസ യോഗം ഉണ്ടെങ്കിലും നീ വരാനുള്ള സമയം ഇതല്ല," എന്നു പറഞ്ഞു,ജ്യോതിഷത്തിന്‍റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന ആ ആശ്രമത്തിലെ “ബാബ” എന്നു എല്ലാവരുംവിളിക്കുന്ന വെളുത്ത മുടിയും താടിയും ഉള്ള ഋഷിവരൃന്‍ പിന്നീടുളള യാത്രകളിലെന്നോ എന്‍റെഗുരുനാഥന്‍ ആയി മാറി . പിന്നീടുളള ജീവിത യാത്രയില്‍ എല്ലാം മാര്‍ഗഗദര്‍ശി അദ്ദേഹം ആയിരുന്നു.

ഇനി കാര്യത്തിലേക്കു കടക്കാം.

ദുബായില്‍ എത്തിയ കാലം. ആദ്യമായി കിട്ടിയ ജോലി സെയില്‍സില്‍ തന്നെ.വലിയ ഗ്രൂപ്പ് ,കുറെ ഏറെ സ്റ്റാഫ്,നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാഫ്ഫും അറബികളും കൂടുതലുള്ള കമ്പനി.പക്ഷേ...
ജോലി സുഖകരം ആയിരുന്നില്ല ,എക്സ്പീരിയന്‍സ് ഉള്ള ഒരു കൂട്ടം എക്സിക്യൂട്ടീവ്സ്നൊപ്പം പിടിച്ച് നില്ക്കാന്‍‍ ഈ പാവം പാലക്കാടുകാരന്‍ വല്ലാതെ പണിപ്പെട്ടു. കൂട്ടത്തില്‍ ശക്തമായ പാരകളും, ഗൊസായി മാനേജര്‍ ചീത്ത വിളിക്കാത്ത ദിവസങ്ങള്‍ ഇല്ല എന്ന അവസ്ഥ .സഹായിക്കാന്‍‍ ആരുംഇല്ല ,ഡ്രൈവിങ് ലൈസന്‍സില്ലാത്തതിനാല്‍ കമ്പനികാര്‍ ഉപയോഗിക്കാന്‍ ആവില്ല..ഡ്രൈവിങ് ടെസ്റ്റ് തുടര്‍ച്ച ആയി പൊട്ടി കൊണ്ടിരിക്കുന്നു. എപ്പോഴും മീറ്റിങ്സ്നു പോകാന്‍ കമ്പനി ഡ്രൈവറെ കിട്ടില്ല ,പിന്നെ ബസ്,ടാക്സി ഇവ ആശ്രയം .വല്ലാതെ മനസ്സ് മടുത്ത സമയം.

സെയില്‍സ് കോര്‍ഡിനേറ്റര്‍ ഒരു ഒരു നോര്‍ത്ത്‌ ഇന്ത്യന്‍‍ ലേഡി,അവര്‍ക്ക് എന്നെ കാണുന്നതെ ചതുര്‍ത്ഥി , ഏതെങ്കിലും സെയില്‍സ് കോള്‍ വന്നാല്‍ തന്നെ അവര്‍ വേറെ ആളുടെ നമ്പര്‍ കൊടുക്കും.
ഒരു ദിവസം അവര്‍ ജോലി മാറുന്നു എന്നു കേട്ടു . അത്രയും സമാധാനം ,പിന്നെ ഒരാഴ്ച്ച കഴിഞ്ഞു
പുതിയ സെയില്‍സ് കോര്‍ഡിനേറ്റര്‍ ചാര്‍ജ് എടുത്തു.സുന്ദരിയായ ഒരു കുട്ടി ,നോര്‍ത്ത് ഇന്ത്യന്‍ ‍ തന്നെ,' സ്വപ്നമിശ്ര' എന്നാണ് അവളുടെ പേര്. മാനേജര്‍ എല്ലാവരെയും പരിചയപ്പെടുത്തി .ഏതു മിശ്ര ആയാലുംകൊള്ളാം നമുക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്നു മനസ്സില്‍ കരുതി,ഏതായാലുംകാണാന്‍ കൊള്ളാം,സ്വപ്ന ചാര്‍ജ് എടുത്ത രണ്ടാം ദിവസം ,പതിവുപോലെ എനിക്ക് ഡ്രൈവിങ് ടെസ്റ്റ്.പഞ്ച്ചെയ്തു കഴിഞ്ഞു മാനേജരോടു വിവരം പറഞ്ഞു.
ഗോസായിയുടെ മുഖത്തോരു പുച്ഛ ചിരി “ ഈ പ്രവിശ്യമെങ്കിലും പാസ്സാകുമോ? എന്നൊരു ചോദ്യം .മറുപടിഒന്നും പറയാതെ പുറത്തിറങ്ങിയപ്പോള്‍ പുറകില്‍ നിന്നോരു കിളി നാദം. സ്വപ്ന ആണ്

.” നല്ലൊരു കാര്യത്തിന് പോകുമ്പോള്‍ പിന്‍ വിളി വിളിക്കാതെ പെണ്ണെ” എന്നു മനസ്സില്‍‍ പറഞ്ഞു പക്ഷെപുറമെ ചിരിച്ചു.”ഇന്നു ഡ്രൈവിങ് ടെസ്റ്റാ അല്ലേ? “ചോദ്യം. (സംഭാഷണങള്‍ ഒക്കെഹിന്ദിയില്‍ ആണേ...)”വന്നു കയറി രണ്ടു ദിനം പോലും ആയില്ല , അപ്പോളേക്കും ഇവള്‍ ഇതുംഅറിഞ്ഞോ?” എന്നു ഓര്‍ത്തു,പക്ഷെ ചിരി വിടാതെ പറഞ്ഞു “ അതേ”. “ഈ പ്രവിശ്യം തീര്‍ച്ച ആയുംകിട്ടും.ബെസ്റ്റ് ഓഫ് ലക്ക്” “പിന്നെ നിന്‍റെ അപ്പന്‍ അല്ലേ ടെസ്റ്റ്നു വരുന്ന പോലീസ്കാരന്‍” !!!എന്നു മനസ്സില്‍ഓര്‍ത്തു എന്നിട്ട് ചിരിച്ചു കൊണ്ട് “താങ്ക്സ്” പറഞ്ഞു.ഒന്നുമില്ലേലും ആദ്യമായിട്ടു ഒരു നല്ല വാക്ക്കേട്ടതല്ലേ.”’സ്വീറ്റ്സ് വാങ്ങി വരണം കേട്ടോ “ അടുത്ത ഡയലോഗ്” ഇവള്‍ ഊതുകയാണോ? സ്വീറ്റ്സ്അല്ല നിനക്കു ഞാന്‍‍ എലി വിഷം വാങ്ങി വരാം എന്നു വീണ്ടും മനസ്സില്‍ പറഞ്ഞു.

ടെസ്റ്റിനു പതിവുപോലെ തടിയന്‍ അറബി പോലീസ് തന്നെ .ഹൊ !!ഇയാക്കൊക്കെ ഒരു പനി പോലുംവരില്ലേ? എല്ലാ ആഴ്ച്ചയും കെട്ടി എടുത്തോളും.പക്ഷെ, ലോകത്തിലെ പുതിയ ഒരു അത്ഭുതം കണ്ടു...അറബിക്കൊരു ചിരി ...അയാള്‍ക്ക് പല്ല് ഉണ്ടെന്ന് മനസിലായി.ടെസ്റ്റ് കഴിഞ്ഞു പതിവ് പോലെതോറ്റതിന്‍റെ  പേപ്പര്‍ വാങാന്‍ നിന്നു. ബാക്കി എല്ലാവര്‍ക്കും പേപ്പര്‍ കിട്ടി ,എനിക്ക് പേപ്പര്‍ ഇല്ല,പോലീസ്കാരന്റ്റെ പുറകെ ചെന്നു “പേപ്പര്‍ കിട്ടിയില്ല എന്നു പറഞ്ഞപ്പോള്‍ വീണ്ടും ആ ചിരി .” നീ പാസ്സായി,ഇനി പോയി ലൈസന്‍സ് വാങ്ങുക".

സ്വീറ്റ്സ് വാങ്ങി ഓഫീസില്‍ തിരിച്ചെത്തി.എല്ലാവര്‍ക്കും കൊടുത്തു സ്പെഷ്യല്‍ ആയി സ്വപ്നക്കും.”ഞാന്‍‍പറഞ്ഞില്ലേ ഇന്നു കിട്ടും എന്ന്?” പിന്നെ അവളു പതുക്കെ പറഞ്ഞു “ആ പോലീസ് എന്‍റെ അപ്പന്‍ ഒന്നുംഅല്ല കെട്ടോ” ഞാനൊന്നു ഞെട്ടി ,ആത്മഗതം ഉറക്കെ ആയി പോയൊ ?

പിറ്റേ ആഴ്ച്ച തന്നെ കമ്പനി കാര്‍എത്തി ,പെട്ടെന്നു തന്നെ സെയില്‍സ് ഒക്കെ മെച്ചപ്പെട്ടു തുടങ്ങി.സത്യത്തില്‍ സ്വപ്നയുടെ സഹായം ആയിരുന്നു കാരണം ,എല്ലാ ക്ലൈയന്റ്സിനും അവള്‍ എന്‍റെനമ്പര്‍ കൊടുക്കുമായിരിന്നു. കൂടാതെ അവള്‍ എനിക്കു വേണ്ടി ടെലി സെയില്‍സ് കൂടി ചെയ്യാന്‍ തുടങ്ങി .അതുവഴി ഒരു വലിയ കോണ്‍ട്രാക്റ്റ് ശരി ആയി .പിന്നെ കുറെ സ്ഥിരം ക്ലൈയന്റ്സ്. ഇപ്പോ മാനേജര്‍ ചീത്തവിളിക്കാറില്ല ,ഓഫീസില്‍ ചെറിയ റെസ്പെക്റ്റ് ഒക്കെ കിട്ടി തുടങ്ങി . പക്ഷെ അസൂയക്കാര്‍ കൂടി വന്നു . കൂട്ടത്തില്‍ പാരകളും.......
ഒരു ദിവസം ഒരു L.C പേപ്പര്‍ കാണാതെ പോയി.
ഫൈനാന്‍സ് മാനേജറെ ഏല്‍പ്പിക്കേണ്ടപേപ്പര്‍ മിസ്സായാല്‍ വലിയ പ്രശ്നം, .ആരോ മനപൂര്‍വം അടിച്ചു മാറ്റിയതാ എന്നു തീര്‍ച്ച .പക്ഷേ തെളിവൊന്നുംഇല്ല. 2 ദിവസത്തിനുള്ളില്‍ പേപ്പര്‍ കണ്ടു പിടിച്ച് കൊടുക്കണം എന്നു അന്ത്യ ശാസനം കിട്ടി . വല്ലാതെവിഷമിച്ച ആ സമയത്ത് ആശ്വാസം ആയി വന്നതും സ്വപ്ന ആയിരുന്നു . സാരമില്ലഎന്നും 2ദിവസത്തിന്നുള്ളില്‍ നമുക്ക് പേപ്പര്‍ കണ്ടു പിടിക്കാം എന്നും അവളു പറഞ്ഞു

അത്ഭുത്ം എന്നു തന്നെ പറയാം പിറേറ ദിവസം ഫൈനാന്‍സ് മാനേജരുടെ നേരിട്ടുള്ള വിളിവന്നുപേപ്പ ര്‍ അദേഹത്തിന്‍റെ ടേബിളില്‍ നിന്നു കിട്ടി അത്രേ ,മാന്യനായ ആ ഇംഗ്ലിഷുകാരന്‍ സോറിയും പറഞ്ഞു.ഫോണ്‍ വന്നതിന്നു പിന്നാലേ സ്വപ്ന അടുത്തു വന്നു ചോദിച്ചു “പ്രോബ്ലം സോള്‍വ് ആയി അല്ലേ?”ഇതൊക്കെ അപ്പ അപ്പോ എങിനെ ഇവള്‍ അറിയുന്നു എന്നായിരുന്നു എന്‍റെ സംശയം .

പിന്നെ പിന്നെ ഞങള്‍ തമ്മില്‍ ഒരു നല്ല സുഹൃത് ബന്ധം ഉണ്ടായി .ആഴ്ച അവസാനങ്ങളില്‍ മിക്കവാറും ഞങള്‍ ഒരുമിച്ച് പാര്‍ക്കിലോ മറ്റോ സംസാരിച്ചിരിക്കുക പതിവായി .പക്ഷേ സ്വപ്ന അവളുടെ വീട്ടുകാരെ കുറിച്ചോ വീടിനെ കുറിച്ചോ കാര്യം ആയി ഒന്നും പറഞിരുന്നില്ല മറിച്ച് എന്‍റെ വീട്ടുകാര്യം ആണ് ചോദിക്കുക .പക്ഷേ അവളുടെ ഫാമിലിയും കുറെ ബന്ധുക്കളും ദുബായില്‍ ഉണ്ട് എന്നു പറഞ്ഞിരുന്നു.

അതിനിടയില്‍ എനിക്കു നാട്ടിലെ പഴയ ഒരു ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യാന്‍ കുറെ ക്യാഷ് ആവശൃം വന്നു അന്‍പതിനായിരം ദിര്‍ഹം വേണമായിരുന്നു.അല്ലെങ്കില്‍ ജപ്തി വരും എന്ന സ്ഥിതി .ഇത്രയും ക്യാഷ് പെട്ടെന്നു അറേഞ്ച് ചെയ്യുക ഏറെ കുറെ അസാധ്യം ആയിരുന്നു.പകുതി എങ്കിലും അടക്കാ ന്‍ കഴിഞാ ല്‍ ജപ്തി തല്‍കാലം ഒഴിവാക്കാം.ഓഫീസില്‍ അടുപ്പമുള്ള ഒന്നു രണ്ടു പേരോട് ഞാന്‍ ഇക്കാര്യം പറഞ്ഞു എന്നാല്‍ സ്വപ്നയോട് എന്തോ പറയാന്‍ തോന്നിയില്ല.അടുത്ത ദിവസം ഓഫീസില്‍ വച്ച് സ്വപ്ന എന്നോടു ചോദിച്ചു “ നമ്മള്‍ നല്ല ഫ്രെന്‍ഡ്സ് അല്ലേ ? എന്നിട്ട് ഒരു ആവിശ്യം വന്നപ്പോള്‍ എന്നോടു എന്താ പറയാതിരുന്നത്?”കാശിന്‍റെ കാര്യം ആണ് എന്നു മനസ്സിലായി .ഞാന്‍ ഒന്നും മിണ്ടിയില്ല.
സ്വപ്ന ബാഗില്‍ നിന്നും ഒരു കവര്‍ എടുത്തു എന്‍റെ കയ്യില്‍ തന്നു . 500 ദീര്‍ഹത്തിന്റ്റെ ഒരു കെട്ടായിരുന്നു അത് .50000 ദിര്‍ഹം.ഞാന്‍ അമ്പരന്നു പോയി, അവള്‍ പറഞ്ഞു” ഇന്നു തന്നെ നാട്ടിലേക്കു അയക്കൂ “പേടിക്കേണ്ട കടമാണ് ചേട്ടന്‍റെ കയ്യില്‍ നിന്നും വാങ്ങിയതാ, സെയില്‍സ് കമ്മിഷ ന്‍ വരുമ്പോള്‍ തിരിച്ചു കൊടുത്താല്‍ മതി.”പക്ഷേ രണ്ടു മാസത്തിനു ശേഷ്ം ഞാന്‍ പകുതി പണം തിരിച്ചു കൊടുത്തു ,പക്ഷേ സ്വപ്ന അത് വാങ്ങിയില്ല .ഇപ്പോ വേണ്ട എന്നും ആവശ്യം എല്ലാം കഴിഞ്ഞു പിന്നീടു തന്നാല്‍ മതി എന്നാണ് അവള്‍ പറഞ്ഞത്.

ഇപ്രകാരം എന്‍റെ എല്ലാ പ്രശ്നങളിലും അറിഞ്ഞു സഹായിക്കുന്ന ഒരു പെണ്‍കുട്ടിയോട് ആര്‍ക്കും തോന്നാവുന്ന പോലെ ഒരു പ്രണയം എനിക്കും തോന്നി എന്നതാണ് സത്യം.അത് ഒരിക്കല്‍ സ്വപ്നയോട് തുറന്നു പറയുകയും ചെയ്തു.ഇപ്പോ അതേ പറ്റി ആലോചിക്കാനുള്ള മാനസിക അവസ്ഥ അല്ല എന്നും ജൂലായ് വരെ ,6 മാസം ഒന്നു വെയിറ്റ് ചെയ്യണം എന്നും സ്വപ്ന പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും,അത് പ്രകാരം ഞങള്‍ വീണ്ടും നല്ല സുഹൃത്തുകള്‍ ആയി തുടരുകയും ചെയ്തു.

ഇതിനിടയില്‍ ജൂണ്‍ മാസത്തില്‍ സഹോദരിയുടെ കല്യാണത്തിന് അത്യാവശ്യം ആയി എനിക്ക് നാട്ടില്‍ പോകണ്ടി വന്നു .യാത്ര ആക്കാന്‍ സ്വപ്ന എയര്‍പോര്‍ട്ടില്‍ വന്നിരുന്നു.വിവാഹ സമ്മാനം എന്നു പറഞ്ഞു തന്നത് 10 പവനോളം വരുന്ന ഒരു നെക്ലെസ് ആയിരുന്നു.വേണ്ട എന്ന്‍ ഒരുപാട് പറഞ്ഞു എങ്കിലും അവള്‍ സമ്മതിച്ചില്ല.തിരിച്ചു വരുമ്പോള്‍ എന്‍റെ മറുപടി ഞാന്‍ പ്രതീഷിക്കും.... എന്നു പറഞ്ഞാണ് ,സ്വപ്നയോട് യാത്ര പറഞ്ഞത് ...എയര്‍പോര്‍ട്ട്ന്റ്റെ അവസാന ഭാഗത്ത് വെച്ച് ഒന്നു തിരിഞു നോക്കിയപ്പോള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്ന സ്വപ്നയെ ഞാന്‍ കണ്ടു. ....

അനിയത്തിയുടെ കല്യാണത്തിരക്കിനിടയില്‍ ദുബായിലേക്ക് വിളിക്കാന്‍ കഴിഞതും ഇല്ല. തിരക്കോഴിഞശേഷം സ്വപ്നയെ വിളിക്കാന്‍ ശ്രമിച്ചപ്പോളൊക്കെ നമ്പര്‍ നിലവില്‍ ഇല്ല . എന്ന മറുപടി ആണ് കിട്ടിയത്.പിന്നീട് ഓഫീസില്‍ വിളിച്ചപ്പോള്‍ ആണ് ,ഞാന്‍ പോന്നതിന്റെ പിറ്റേ ദിവസം സ്വപ്ന ജോലി വിട്ടു എന്നും നാട്ടിലേക്കു തിരിച്ചു പോയി എന്നും അറിഞ്ഞത്.തിരിച്ചു ദുബായില്‍ എത്തിയ ശേഷം സ്വപ്ന യുടെ വിവരത്തിനായി ഒരുപാട് അലഞ്ഞു പക്ഷേ ഒരു വിവരവും കിട്ടിയില്ല.ഫാദര്‍ സ്പോണ്‍സെര്‍ഷിപ് ആയതിനാല്‍ കമ്പനി വിസയും ആയിരുന്നില്ല.

പിന്നീടൊരിക്കലും സ്വപ്നയുടെ ഒരു ഫോണ്‍ പോലും എനിക്കു വന്നില്ല.എന്തു കൊണ്ട് സ്വപ്ന അങ്ങിനെ ചെയ്തു എന്നത് ഉത്തരം കിട്ടാത്ത ഒരു കടംകഥ ആയി അവശേഷിച്ചു.

അങ്ങിനെ സ്വപ്ന മിശ്ര എന്ന സുന്ദരി അത്ഭുതം മാത്രം സമ്മാനിച്ച , ഒരു നീറുന്ന, സുഖമുള്ള ഓര്‍മയായി മാറി.അവള്‍ തന്ന പണം പോലും തിരിച്ചു കൊടുക്കാന്‍ കഴിഞില്ല ,അതു ചോദിച്ചു ആരും വന്നും ഇല്ല.

ഈ വിവരണത്തില്‍ എന്താ ഇത്ര വിശേഷം എന്നാകും താങ്കള്‍ ഇപ്പോള്‍ വിചാരിക്കുന്നത്.....ശരി ബാക്കി കൂടി കേള്‍ക്കുക!!!!!!

സ്വപ്ന മനസ്സില്‍ ഒരു അസ്വസ്ഥത ആയി പടര്‍ന്നു കൊണ്ടേ ഇരുന്നു,.അത് ജോലിയെ തന്നെ ബാധിക്കും എന്ന അവസ്ഥയില്‍ , അവസാനം ഒരു എമര്‍ജന്‍സി ലീവില്‍ ഗുരുജിയെ കാണാന്‍ ഋഷികേശിലേക്കു പോകുവാന്‍ ഞാന്‍ തീരുമാനിച്ചു .ആശ്രമത്തില്‍ എത്തി അന്നു രാത്രി തന്നെ ഗുരുജിയോടു സ്വപ്നയെ കുറിച്ചു പറഞ്ഞു. എല്ലാം കേട്ട ശേഷം അല്പ നേരം നിശബ്ദ്തനായി മിഴികള്‍ പൂട്ടി ഇരുന്ന ശേഷം അദ്ദേഹം എന്നെ നോക്കി ചിരിച്ചു .എന്നിട്ടു പറഞ്ഞു “ നീ അവസാനം ഇവിടെ വന്നത് ഓര്‍മ്മയുണ്ടോ?അന്ന് നിനക്കു ഉപദേശിച്ച മന്ത്രം ഓര്‍മയുണ്ടോ? ഞാന്‍ അതു ഓര്‍ത്തു....

വിദേശ വാസത്തിനു പുറപ്പെടും മുന്‍പുള്ള അവസാന ഋഷികേശ് സന്ദര്‍ശനം ഡെല്‍ഹിയില്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സാഷ്യപ്പെടുത്താന്‍‍ പോയ ഒരു യാത്രയില്‍ ആയിരുന്നു.വിദേശവാസത്തിന് പോകുന്ന എനിക്കു അന്ന് ഗുരുജി ഒരു മന്ത്രം ഉപദേശിച്ചിരുന്നു.

കിന്നരി സാധന” എന്ന മന്ത്ര ഉപദേശം ആണ് ഗുരുജി അന്നു നല്കിയത്

ഇനി “കിന്നരി സാധന” എന്താന്നു പറയാം , യക്ഷി,അപ്സര.,കിന്നരി. ഇവരൊക്കെ ഒരേ കൂട്ടരാണ്.ഡമ്മി ഗോഡ്എന്നൊക്കെ പറയാം .ദേവ ഗണമല്ല പക്ഷെ മനുഷ്യരും അല്ല.പ്രപഞ്ചത്തില്‍ ഇതിനിടയില്‍എവിടയോആണ് ഇവരുടെ സ്ഥാനം. കിന്നരരും ഗന്ധര്‍വന്‍മാരെ പോലെ ഗായകര്‍‍ തന്നെ.("കിന്നര വീണ" എന്നു ചിലപ്പോള്‍ കേട്ടിട്ടുണ്ടാകും). പക്ഷെ പകുതി മനുഷ്യനും പകുതി പക്ഷിയും,,. പകുതി മനുഷ്യനും കുതിരയും എന്നൊക്കെ മിത്തുകള്‍ .കിന്നരി എന്നാല്‍ സൌന്ദരൃത്തിന്‍റെയും പ്രേമത്തിന്റ്റെയും പര്യായം അത്രെ. ചിറകുള്ള ( അല്ലെങ്കില്‍ പകുതി പക്ഷി രൂപത്തില്‍ ഉള്ള) സുന്ദരിയായ സ്ത്രീ എന്നു പൊതുവില്‍ വിശ്വസിക്കപ്പെടുന്നു.

ഇവരുടെ രാജ്യം ഹിമാലയത്തിന്‍റെ കിഴക്കു ഭാഗത്താണത്രെ. ഹിമാലയത്തിലെ" പൂക്കളുടെ താഴ്വരയും" (valley of flowers) ഇവരുടെ വിഹാര കേന്ദ്രമാണ്. ഹിമാലയ താഴ്വാര ഗ്രാമങ്ങളിലെ ആട്ടിടയരും മറ്റും ഇവരെ നേരില്‍ കണ്ടിട്ടുണ്ട്. നാഗ സന്യാസിമാരും മറ്റു യോഗിശ്വരന്‍മാരും ഇവരും ആയി നിത്യ സമ്പര്‍ക്കംപുലര്‍ത്തുന്നവരാണ്. ഹിമാലയത്തിലെ ഇത്തരം ഒരുപാട് അതിമാനുഷ്യരും ആയിഗുരുജിക്കും ബന്ധമുണ്ടെന്നാണ് ആശ്രമവാസികള്‍ വിശ്വസിക്കുന്നത്.

ഇപ്രകാരം ഉള്ള കിന്നരിയെ ധ്യാനിച്ചുവരുത്തി അഭീഷ്ട സിദ്ധി വരുത്തുന്നതാണ്.“കിന്നരി സാധന” .

സാമ്പത്തിക ലാഭം ,ശത്രു ദോഷം ,എന്നു വേണ്ട സാധകന്‍റെ ജീവിതത്തിലെ എതൊരു കാര്യത്തിനും കിന്നരികൂടെ നില്ക്കും അത്രെ.ഒറ്റക്കു വേറെ ഒരു രാജ്യത്തേക്ക് ജോലി തേടി പോകുന്ന എനിക്ക് കൂട്ടായി ഒരു കിന്നരിഇരിക്കട്ടെ എന്നു ഞാനും കരുതി.

യാത്ര അല്പം വൈകിയതിനാല്‍ കിന്നരി സാധന വീട്ടില്‍‍ വെച്ചു തന്നെ തുടങ്ങി .എല്ലാ ദിവസവും രാത്രി 10008വട്ടം മന്ത്രം ഉരുവിട്ടു ,ഗുരുജി തന്ന തകിടില്‍‍ അര്‍ച്ചന നട്ത്തി പക്ഷെ കിന്നരി മാത്രം വന്നില്ല.അതു വെറുതെആണെന്ന് തോന്നി .ഗുരുജിയോട് അല്പം നീരസം തോന്നുകയും ചെയ്തു എന്നതാണു സത്യം. പക്ഷേ 41 ദിവസംകഴിഞ്ഞപ്പോള്‍ വിസ വന്നു ,പിന്നെ ഒക്കെ മറന്നു, മണല്‍ നഗരം ജീവിതത്തിന്‍റെ ഭാഗം ആയി.

ഇതിപ്പോള്‍പറയുന്നതു എന്തിനാ എന്നായി എന്‍റെ സംശയം. വീണ്ടും ഗുരുജി ചിരിച്ചു “നീ ആ മന്ത്രം സാധന ചെയ്തു അല്ലേ?” “ശരിയാ ഗുരുജി , പക്ഷേ...... ഫലം ഉണ്ടായില്ല “ ആര് പറഞ്ഞു ?” "41 ദിവസം നീ പൂര്‍ണ്ണ സാധന ചെയ്തു, നിനക്കു മന്ത്ര സിദ്ധിയും കൈവന്നു, പക്ഷെ വെറുതെ പ്രയോഗിക്കാനല്ല ആ മന്ത്രം തന്നത് . അന്യദേശത്തു സഹായം ഇല്ലാതെ വരുമ്പോള്‍ നിനക്കു രക്ഷക്കായി വരാനായിട്ടാ, അറിയുമോ ?നിനക്കു സഹായം അത്യാവശ്യം ആയി വന്ന സമയത്ത് വിളിക്കാതെ തന്നെ വന്നു കിന്നരി അതു നിര്‍വഹിച്ചു .പക്ഷേ നിനക്കതു തിരിച്ചറിയാന്‍കഴിയാതെ പോയത് ,പൂര്‍ണ്ണ വിശ്വാസം ഇല്ലാതെ സാധന ചെയ്തതു കൊണ്ടാകാം.എതായാലും സ്വപ്ന ആയി വന്നത് പ്രിയ വല്ലഭ എന്ന കിന്നരി ആണ്”.

എനിക്കു വിശ്വാസം വന്നില്ല ,ഇത്ര കാലം എന്നോടോത്ത് സംസാരിച്ചും, ചിരിച്ചും ,എപ്പോളും സഹായിച്ചും കഴിഞ്ഞിരുന്ന സ്വപ്ന ഒരു കിന്നരിയോ !!!?

നിനക്കു വിശ്വാസം വരുന്നില്ല അല്ലേ? ശരി, ഒന്നു പറയാം, കിന്നരര്‍ ഭൂലോകത്തെ ഭക്ഷണം കഴിക്കാറില്ല.എന്നെങ്കിലും സ്വപ്ന ഭക്ഷണം കഴിക്കുന്നതു നീ കണ്ടിട്ടുണ്ടോ?” ഞാന്‍ ഓര്‍ത്തു നോക്കി ശരിയാണ് ഒരിയ്ക്കലും സ്വപ്ന ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല ,എന്‍റെ ഡ്രൈവിങ് ടെസ്റ്റ്പാസ്സായതിന്‍റെ സ്വീറ്റ്സ് പോലും അവള്‍ വേറെ ആര്‍ക്കോ കൊടുത്തത് ഞാന്‍ ഓര്‍ത്തു.

പല പ്രാവിശ്യം കോഫി ഷോപ്പില്‍ എന്നോടൊപ്പം വന്നിട്ടും വൃതം, ഉപവാസം എന്നൊക്കെ പറഞ്ഞു അവള്‍ ഒന്നും കഴിക്കാറില്ല എന്നും ഞാന്‍ ഓര്‍ത്തു .

പക്ഷേ എന്നാലും" .......ഗുരുജി അദ്ദേഹം ഒരിക്കലും അസത്യം പറയാറില്ല .എന്റെ അവസ്ഥ കണ്ടിട്ടു ഗുരുജി വീണ്ടും ചിരിച്ചു, എന്നിട്ടു മെല്ലെ എന്‍റെ കണ്ണുകളിലേക്ക് നോക്കി “നിനക്കവളെ വീണ്ടും കാണണോ?”ഗുരുജിയുടെ ശബ്ദം വേറെ ഏതോ ലോകത്ത് നിന്ന്‍ വരുന്ന പോലെ തോന്നി . .”വേണം” എന്നു പറയാന്‍ എനിക്കു ഒട്ടും ആലോചിക്കേണ്ടി വന്നില്ല............"..ഞാന്‍ അറിയാതെ,വിളിക്കാതെ എന്നെ സഹായിക്കാന്‍ അങ്ങു ഹിമവല്‍ സാനുകളില്‍ നിന്നും മണലാരണ്യത്തിലേക്ക് പറന്നെത്തിയ സ്വപ്നയെ, അല്ല," പ്രിയ വല്ലഭ" എന്ന ആ അത്ഭുത പ്രതിഭാസത്തെ ഒരു നോക്കു കൂടി കാണാന്‍ ഞാന്‍ ഗുരുജിയുടെ പാദങ്ങളില്‍ സാഷ്ടാങ്ഗം പ്രണമിച്ചു."

പിന്നീട്നടന്നത് നാം ഇന്നു വരെ വിശ്വസിച്ചു പോരുന്ന ശാസ്ട്രത്തിനും അതീതമായ നിഗൂഢ പ്രപഞ്ച രഹസ്യത്തിന്‍റെ നേര്‍ കാഴ്ച ആയിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ മനസ്സിനെ ത്രസിപ്പിക്കുന്ന,രോമാഞ്ചം കൊള്ളിക്കുന്ന ആ അനുഭവം പുറത്തു പറയാന്‍ പക്ഷേ എനിക്കു അനുവാദം ഇല്ല .!!!! ഇനി ഇ‌വി‌ടം വിട്ടു പോകാന്‍ ആവില്ല എന്ന എന്‍റെ അപേക്ഷ സ്വീകരിച്ച ഗുരുജി ,ഇപ്പോള്‍ മൂന്നു വര്‍ഷത്തിനു ശേഷം എനിക്ക് സന്യാസ ദീക്ഷ നല്‍കാന്‍സമ്മതിക്കുകയായിരുന്നു.!

സുഹൃത്തേ , ഇതാണ് എന്‍റെ കഥ . താങ്കള്‍ക്കു ഇതു വിശ്വസിക്കുകയോ ,വിശ്വസികാതിരിക്കുകയോ ചെയ്യാം!!!.


എന്ന്

സ്നേഹപൂര്‍വ്ം


കൃഷ്ണ കുമാര്‍ (ഒപ്പ് )




ശുഭം

Thursday 13 October 2011

'ആദ്യ പ്രണയം, 'മണ്ണാങ്കട്ട ' !!!





തിങ്കള്‍ :    

 സ്കൂട്ടര്ന്റ്റെ ശബ്ദം കേട്ടവന്‍ പുറത്തേക്കിറങ്ങി. നീല നിറത്തിലുള്ള ചുരിദാര്‍ ആണ് അവള്‍ധരിച്ചിരിക്കുന്നത്.ഒരു' നീലകുറിഞ്ഞി പൂപോലെ', അച്ഛന്‍റെ സ്കൂട്ടര്‍ന്റ്റെ പുറകില്‍ ഇരുന്നു  പോകുന്ന അവള്‍ അവനെ കണ്ടതായി പോലും ഭാവിച്ചില്ല.
ചൊവ്വ:
. ചുവന്ന നിറത്തിലുള്ള ചുരിദാറില്‍ അവള്‍ ഒരു 'റോസ്സ പുഷ്പം' പോലെ തോന്നി.ഇന്നവള്‍  അലക്ഷ്യം ആയി എന്നപോലെ അവനെ ഒന്നു നോക്കി.
ബുധന്‍ : 
പച്ച നിറത്തിലുള്ള ഡ്രസില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു.അവനെ നോക്കി ചെറുതായി ഒന്നു മന്ദഹസിച്ചു എന്നു തോന്നി.
വ്യാഴം:
വെള്ള നിറത്തിലുള്ള ചുരിദാറില്‍  അവള്‍ ഒരു' വെള്ളരി പ്രവാണെന്നവന്' തോന്നി.അവനെ തന്നെ നോക്കി ഇരുന്ന അവള്‍ ശരിക്കും പുഞ്ചിരിച്ചു.
വെള്ളി:
ചന്ദന നിറത്തിലുള്ള സെറ്റ്സാരിയില്‍ അവളൊരു'ദേവ കന്യക' യാണെന്നവന് തോന്നി. അവനെ നോക്കി ചിരിക്കുക മാത്രം അല്ല , തിരിഞ്ഞു നോക്കി പതുക്കെ കൈ വീശി കാണിക്കുക കൂടി ചെയ്തു അവള്‍ .
ശനിയും ഞായറും രണ്ടു യുഗങ്ങള്‍ ആണെന്നവന് തോന്നി.
തിങ്കള്‍
അവളെ കണ്ടില്ല.,.......ആ ആഴ്ച്ച പിന്നെ അവളെ കണ്ടതെയില്ല...
ആദ്യ പ്രണയത്തിന്റെ സുഖമുള്ള നൊമ്പരവും  ,വിരഹത്തിന്‍റെ വേദനയും  അവനറിഞ്ഞു.....


വിശപ്പും, ഉറക്കവും അവനെ കൈ വിട്ടു., താടി വളര്‍ന്നു...... ഒരാഴ്ച്ച പ്രായമായ കുറ്റി താടി  തടവി ,സോഫയില്‍ ചടഞ്ഞിരുന്ന് അലക്ഷ്യം ആയി ടി‌വി ചാനലുകള്‍ മാറ്റി കൊണ്ടിരിക്കെ ...
വീണ്ടും അവനവളെ കണ്ടു...ഒപ്പം വാര്‍ത്തയും:
 '' xxx പെണ്‍ വാണിഭ കേസ് ....പെണ്കുട്ടിയെയും പിതാവിനെയും കോടതിയില്‍ ഹാജരാക്കി.''


കറുത്ത ചുരിദാര്‍ ധരിച്ച,ഷാള്‍ കൊണ്ട്  ക്യാമറക്കു മുന്നില്‍മുഖം മറക്കാന്‍ ശ്രമിക്കുന്ന ആ പാവം പെണ്കുട്ടി  പക്ഷെ,ഒരു ' കറുത്ത സര്‍പ്പം' ആണെന്നാണ്   അവന് തോന്നിയത് .


ഷേവിംഗ് സെറ്റും എടുത്തു കുളിക്കാന്‍ പോകുമ്പോള്‍ അവന്‍ മനസ്സില്‍ പറഞ്ഞു. "ആദ്യ പ്രണയം, 'മണ്ണാങ്കട്ട ' !!!

Friday 7 October 2011

"അമ്പലപുഴ പാല്‍പായസം"



                                             
കേരളത്തിലെ ക്ഷേത്രങ്ങളിലെ ഏറ്റവും രുചിയുള്ള പ്രസാദം ഏതാ എന്നു ചോദിച്ചാല്‍ ,ഉത്തരം പറയാന്‍ ഏറെഒന്നും ആലോചികേണ്ടതില്ല. "അമ്പലപുഴ പാല്‍പായസം" തന്നെ.പുരാതനമായ   ഒരു രുചികൂട്ട്  ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസം വീടുകളില്‍ ഉണ്ടാക്കാന്‍ പാടില്ലത്രേ .

ഐതിഹ്യം ഇപ്രകാരമാണ്.
ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ  ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍  ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി,   രണ്ടാം കളത്തില്‍ രണ്ടു അരിമണി ,    മൂന്നാം കളത്തില്‍ നാല്,   നാലാം കളത്തില്‍ എട്ട്,   അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം  64 കളം നിറയാന്‍  എത്ര  അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....

അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.

ചേരുവകൾ

വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
പാല് - 71 ലി.
വെള്ളം - 284 ലി.
അരി - 8.91 ലി.
പഞ്ചസാര - 15.84 കി.ഗ്രാ



തയ്യാറാക്കുന്ന വിധം

രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.

പ്രത്യേകതകൾ

കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.