Tuesday 4 October 2011

രൂപ്‌കുണ്ഡ്‌

വിശ്വസിച്ചാലും, ഇല്ലെങ്കിലും -ഭാഗം: 2

                             
       
                                                               
                                                                                                              ഋഷികേശ്,

                                                                                                              03/02/2010

പ്രിയ സ്നേഹിതാ,                                                                                              

ഇന്നു ഞാന്‍ പദ്മ തീര്‍ഥയാണ് .ഗുരുജി എനിക്ക്  തന്ന പുതിയ പേര്‍ അതാണ്.എന്‍റെ പൂര്‍വാശ്രമത്തിലെ പേരും മറ്റെല്ലാ ബന്ധങ്ങളും ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ എന്തോ എന്‍റെ പുതിയ അനുഭവങ്ങള്‍ നിങ്ങളോട്    പങ്ക് വെക്കണം എന്നു തോന്നി.

ഈ കഴിഞ്ഞ മാസം ,ഹിമാലയ നിരയിലെ നന്ദാ പര്‍വതത്തിലേക്കുള്ള ഒരു തീര്‍ഥ യാത്രയില്‍ ആയിരുന്നു ഞാന്‍ . ഗുരുജിയും കൂടെ ആശ്രമത്തിലെ ആറോളം സ്വാമിമാരും ..പിന്നെ യാത്രയില്‍ എപ്പോളോ കൂടെ ചേര്‍ന്ന അറിയാത്ത കുറെ സന്യാസിമാരും.കാല്‍നടയായി ഒരു യാത്ര. സ.നി നിന്നും 16,000 അടിയില്‍   പരം ഉയരത്തിലുള്ള' തൃശുല്‍  പര്‍വതനിരയിലെ ഒരു സമതല പ്രദേശത്തായിരുന്നു ഒരു നാള്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചത് ,കുറച്ചു ദൂരെ ഒരു തടാകം കാണാമായിരുന്നു.വെറുതെ അങ്ങോട്ട് പോകാന്‍ തുനിഞ്ഞ എന്നെ ഗുരുജി വിലക്കി .കൂടെ ഒരു ഉപദേശവും. "ഇതൊരു ഉല്ലാസ യാത്ര അല്ല .നീ ഒരു സന്യാസി ആണെന്നും ഓര്‍ക്കുക."

അല്‍പം നാണകേട് തോന്നിയ ഞാന്‍ പിന്നെ അതിനു ശ്രമിച്ചില്ല. ആ യാത്രയിലെ  രാത്രികള്‍ ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞവ ആയിരുന്നു.തീ കൂട്ടി ചുറ്റും ഇരുന്നു ഭജനകളും നാമജപവും ,രാവേറെ നീണ്ടുപോകുന്ന ഭക്തി മുഖരിതമായ അന്തരീഷം. പക്ഷേ എന്തോ അന്ന് എല്ലാവരും ഷീണിതരായിരുന്നു . പ്രകൃതിക്ക് പോലും ഒരു വല്ലാത്ത ഭാവം. പെട്ടെന്നു തന്നെ എല്ലാവരും ഉറക്കത്തിലാണ്ടു.നല്ല നിലാവുള്ള രാത്രി.നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് നോക്കി കിടന്നപ്പോള്‍ ഉറക്കം അകന്നു പോയി.പതുക്കെ എണീറ്റു .

ഒരു നാഗ സന്യാസി മാത്രം തീ കായുന്നുണ്ട്.  കൂടെ ചരസ് പുകയ്കുന്നു..ഉറക്കം വരാത്തതിനാല്‍ ഞാന്‍ പതുക്കെ അവിടെ പോയി ഇരുന്നു.എന്നെ നോക്കി ചിരിച്ച സന്യാസി വലിക്കുന്ന ബീഡിയോ?  സിഗരറ്റോ? എന്‍റെ നേരെ നീട്ടി.വേണ്ട, എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് വീണ്ടും വലി തുടങ്ങി.അദ്ദേഹം എന്നെ തീര്‍ത്തൂം അവഗണിച്ചപ്പോള്‍ ഞാന്‍ പതുക്കെ പിന്‍വാങ്ങി..പക്ഷേ അപ്പോഴാണ്...

അപ്പോഴാണ്   ...ഞാന്‍ ആ ശബ്ദം കേട്ടത്!! .ആരോ പാടുന്ന ശബ്ദം ..എന്നെ അതിശയിപ്പിച്ചത് അതൊരു സ്ത്രീ ശബ്ദം ആയിരുന്നു എന്നതായിരുന്നു. ഈ കാട്ടില്‍ ,ഈ മലമുകളില്‍ രാത്രിയില്‍ ഒരു സ്ത്രീ പാടുന്നു.!!!!സന്യാസിയും അത് കേട്ടു എന്നു തോന്നുന്നു. അദ്ദേഹം ചരസ് വലി നിറുത്തി ,ചെവി വട്ടം പിടിക്കുന്ന പോലെ തോന്നി.പിന്നെ എന്നെ നോക്കി ഹിന്ദിയില്‍ ചോദിച്ചു' കേട്ടോ ആ പാട്ട്.?".

നാഗ സന്യാസിമാര്‍ ഭയം എന്തെന്ന് അറിയാത്തവര്‍ ആണ്,യോദ്ധാക്കള്‍ . അദ്ദേഹം എന്നോടു പറഞ്ഞു .'നിന്‍റെ ഗുരു നിന്നെ തടഞ്ഞതെന്തിന് എന്നു കാണണോ? വാ..എന്‍റെ കൂടെ' .അദ്ദേഹം മുന്നോട്ട് നടന്നു ഞാന്‍ പിറകിലും .ഒരു പാറയുടെ മുകളില്‍ കയറി നിന്ന അദ്ദേഹം എന്നെ വിളിച്ചു  . വാ ...വാ...  ഞാനും ആ പാറയുടെ മുകളില്‍ കേറി.

ഇപ്പോള്‍ എനിക്ക് ആ തടാകം നന്നായി കാണാം . നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ,ഒരു വെള്ളി തളിക പോലെ ...ഞാന്‍ ഒന്നു കൂടി കണ്ടു ....ആ തടാക കരയില്‍ ഒരു സ്ത്രീ രൂപം. അവരാണ് പാടുന്നത് ..ചുവന്ന നിറത്തിലുള്ള ഏതോ ഒരു വസ്ത്രം ആണ് അവര്‍ ധരിച്ചിരിക്കുന്നത് ..മനോഹരമായ ഒരു പാട്ടാണ് അവര്‍ പാടുന്നത് ഭാഷ മനസിലായില്ല.

വാ ..വാ  നമുക്ക് അങ്ങോട്ട് പോകാം ..നാഗ സന്യാസി താഴേക്കു ഇറങ്ങാന്‍ തുടങ്ങി ..പക്ഷേ ഗുരുജി യുടെ വിലക്ക്  ഓര്‍മ വന്ന ഞാന്‍  ആദ്യം മടിച്ച് നിന്നു.പിന്നെ അദേഹത്തെ പിന്തുടര്‍ന്നു . ഞങ്ങള്‍ തടാകത്തിനു  നേരെ നടന്നു.

  പെട്ടെന്നാണ് അത് സംഭവിച്ചത് ......തടാകത്തിലെ ജലം ഒരു ചുഴി പോലെ മേലേക്ക് ഉയര്‍ന്നു. ,പൂക്കുറ്റി പോലെ വെള്ളം ചീറ്റി ..പിന്നെ ആ തടാകത്തിന്റെ അടിത്തട്ടില്‍ നിന്നും  ഉയര്‍ന്നു വന്ന പോലെ കുറെ ഏറെ ആളുകള്‍ !!!!
..കുതിരകള്‍ ,  ഭടന്മാര്‍  ,സ്ത്രീകള്‍ ,വിളക്കുകള്‍ ,ഒരു പല്ലക്ക് വഹിച്ചു  കൊണ്ട്  പടയാളികള്‍ ...ഉത്തര ഭാരതത്തിലെ ഒരു രാത്രി കല്യാണം എന്‍റെ മുന്നില്‍ നടക്കുന്നതു പോലെ തോന്നി. അതൊരു സ്വപ്നം ആണോ യഥാര്‍ഥ്യം ആണോ എന്നു തിരിച്ചറിയാന്‍ ആകാതെ തരിച്ചു നിന്നു പോയി ഞാന്‍ .

നീ വാ ....സന്യാസിയുടെ അലര്‍ച്ചയാണ് എന്നെ ഉണര്‍ത്തിയത്....ഞാന്‍ നോക്കിയപ്പോള്‍ ക്രൂര്‍ദ്ധനായ സന്യാസി എന്നെ നോക്കി നില്ക്കുന്നു . അയാളുടെ മുഖത്തിന് എന്തോ മാറ്റം .നിന്നോടു വരാന്‍ അല്ലേ പറഞ്ഞത്....കാണെ കാണെ  സന്യാസിയുടെ മുഖവും  രൂപവും മാറി വന്നു .ഇപ്പോ എന്‍റെ മുന്നില്‍ നില്‍കുന്നത് ഒരു ബ്രാമണ യുവാവാണ് എന്നു തോന്നി ....പിന്നെ  അത് വീണ്ടും മാറി....ഭീഭല്‍സമായ ഒരു രൂപം ആയി അത് മാറി ...പിന്നീട് അതെന്‍റെ നേരെ നടന്നടുത്തു. എന്തു ചെയ്യണം എന്നു എനിക്കു അറിയില്ലായിരുന്നു.
ഒരു നിമിഷം ഞാന്‍ ഗുരുജിയെ വിളിച്ച് കൊണ്ട് തിരിഞ്ഞു ഓടി ...പക്ഷേ എന്‍റെ മുന്നില്‍ ആ പാറ ...അതിനു മുകളിലേക്കു പിടിച്ച് കയറാന്‍ ഞാന്‍ ശ്രമിച്ചു ...എന്‍റെ പിന്നില്‍ ആ രൂപം ഓടി വരുന്നു ....ഇപ്പോള്‍ അതൊരു അസ്ഥികൂടം പോലെ തോന്നിച്ചു ...

പാറയില്‍ പിടിച്ച് കയറാന്‍ പറ്റും എന്നു തോന്നുന്നില്ല ..പുറകെ വരുന്ന രൂപം  എന്നെ പിടിക്കും എന്നു തന്നെ തോന്നിയ നിമിഷം ഗുരുജിയെ വിളിച്ച് ഞാന്‍ ഉറക്കെ കരഞ്ഞു. എന്‍റെ ബോധ മണ്ഡലത്തില്‍ ഇരുട്ട്  കയറി തുടങ്ങി. ബോധം മറയുന്നതിന് മുന്‍പ് ഞാന്‍ കണ്ടു ,ഗുരുജിയുടെ മുഖം ...ആ പാറയ്ക്ക് മുകളില്‍ .  ആ കൈകള്‍ എന്നെ ഉയര്‍ത്തുന്നതും ഞാന്‍ അറിഞ്ഞു.

പിന്നീടു  ബോധം വരുമ്പോള്‍ ഞാന്‍ ഗുരുജിയുടെ മടിയില്‍ കിടക്കുകയാണ് ,എന്‍റെ മുഖത്തെക്കു തന്നെ നോക്കി ആകാംഷപൂര്‍വം ഇരിക്കുന്ന ഗുരുജി ...കണ്ണു തുറന്നപ്പോള്‍ അദ്ദേഹം ആശ്വാസത്തോടെ  ഒരു ദീര്‍ഘ നിശ്വാസം എടുത്തു. പിന്നെ സ്നേഹപൂര്‍വം ശാസിച്ചു." ഇതു ഹിമാലയം ആണ്...ലോകത്തെ ഏറ്റവും നിഗൂഡമായ പ്രദേശം ..ഇവിടെ പലതും കാണും കേള്‍കും.എല്ലാത്തിനും ചെവി കൊടുത്താല്‍ ജീവന്‍ പോലും നഷ്ടപെടും...നീനക്കിപ്പോളും ആതു മനസ്സിലായിട്ടില്ല...ഞാന്‍ നിന്നോടു പറഞ്ഞതല്ലെ അങൊട്ടു പോകരുത് എന്ന്?...

ആ സംഭവത്തിന്‍റെ രഹസ്യം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു.
പിന്നീടുള്ള യാത്രയിലെപ്പോളോ  ഒരു രാത്രി  ഗുരുജി എല്ലാവരോടും ആയി ആ കഥ പറഞ്ഞു . രൂപ് കുണ്ഡ് എന്ന ആ തടാകത്തിന്റെ കഥ ...ആ ത്രസിപ്പിക്കുന്ന കഥയിതാ.........

ഇതൊരു  പ്രണയകഥയാണ് ....... നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിമാലയന്‍  താഴ്വാരങ്ങളില്‍ അരങ്ങേറിയ ഒരു  ദുരന്ത പ്രണയ കഥ.ആരാലും അറിയപ്പെടാതെ പോയ, ചരിത്രത്തിന്‍റെ മഞ്ഞുപാളികള്‍കിടയില്‍ തണുത്തുറഞ്ഞു കിടന്ന ഒരു പ്രണയ കാവ്യം......

ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ശരത്  കാലം ,600 ഓളം വരുന്ന ഒരു സംഘ്ം,...സ്ത്രീ കളും,കുതിരകളും, ഭടന്മാരും ഒക്കെ ഉള്‍പ്പെട്ട ഒരു വലിയ സംഘ്ം. വളരെ നിഗൂഡമായ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുള്ള  ഒരു യാത്രയില്‍ ആയിരുന്നു.ഹിമാലയത്തിലെ' ത്രീ ശൂല്‍' പര്‍വത നിരയിലൂടെ ,സമുദ്ര നിരപ്പില്‍ നിന്നും 16,500 അടി ഉയരത്തിലൂടെ ,ഒരു നിഗൂഢ യാത്ര.....കനത്ത മഞ്ഞുകാലത്ത് ,.ഒരിക്കലും മനുഷ്യരാരും  സഞ്ചരിക്കാറില്ലാത്ത ആ വഴിക്കു എന്തിനായിരുന്നു ആ  യാത്ര ? .
അവര്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ ലക്ഷ്യം ? എന്തിനു വേണ്ടി അവര്‍ ആ പ്രതികൂല കാലാവസ്ഥയില്‍ ,ദുര്‍ഘടമായ ,പ്രവചനാതീതമായ കാലാവസ്ഥയുള്ള  ഹിമാലയത്തിലെ  ആ  പര്‍വതനിരയിലൂടെ സഞ്ചരിച്ചു?

ചരിത്രത്തിലെ അറിയപ്പെടാതെ പോയ ഏതോ ഒരു അജ്ഞാത ലക്ഷ്യത്തിലേക്ക് നടന്നു പോയ ആ സംഘത്തിന്‍റെ ലക്ഷ്യം എന്തായിരുന്നു? അവര്‍ ആരായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു പോയ ആ സംഘത്തിനു അവസാനം  എന്തു സംഭവിച്ചു ? അവര്‍ ലക്ഷ്യത്തില്‍ എത്തിയോ?

ആ കഥയിലേക്ക്  നമുക്ക്  കടക്കാം.....ഗുരുജിയുടെ വാക്കുകളിലൂടെ തന്നെ നമുക്കത് കേള്‍ക്കാം......

ആദി ശങ്കരന്‍ ചിട്ടപ്പെടുത്തിയ പൂജ ക്രമം അനുസരിച്ചു വടക്ക്   ഹിമാലയത്തിലെ ബദരിനാഥ ക്ഷേത്രത്തിലെ  പൂജാരി ഒരു നമ്പൂതിരി ആയിരിക്കണം.തെക്ക് രാമേശ്വരത്ത് ഉത്തര ഭാരതത്തില്‍ നിന്നുള്ള പൂജാരിയും ,ഗുജറാത്തിലെ കൃഷ്ണ ക്ഷേത്രത്തില്‍ ഒറീസ്സയില്‍ നിന്നും. അപ്രകാരം ഭാരതത്തിലെ നാലുദിക്കുകളെയും ബന്ധിപ്പിച്ചിരിക്കുന്നു.

അപ്രകാരം ബദരി ക്ഷേത്രത്തിലെ പൂജാരി ആയി കേരളത്തില്‍ നിന്നും  വന്ന പിതാവിനെ സഹായിക്കാന്‍ യുവാവായ,സുന്ദരനായ  ഒരു പുത്രന്‍ കൂടെ വരുന്നു.( ആ ബ്രാമണ കുടുംബത്തിന്‍റെ പേര് ഞാന്‍ പരാമര്‍ശിക്കുന്നില്ല)  ആ കാലത്ത് പൂജാരിക്ക് രാജ ഗുരുവിന്‍റെ സ്ഥാനം കൂടി കല്പിച്ചിരുന്നു.

അന്ന് ടിബറ്റ് ഉള്‍പ്പെടെ ചീനയുടെ കുറെ ഭാഗങ്ങള്‍ ഭരിച്ചിരുന്നത് ഒരു ഹിന്ദു രാജ വംശം ആയിരുന്നു.'വരാഹ വംശം' എന്ന ആ രാജ വംശത്തിന്‍റെ കുലദേവത ബദരിനാഥന്‍  അഥവാ വിഷ്ണു ആയിരുന്നു.അക്കാലത്തെ രാജാവിന് ഒരു മകള്‍ മാത്രം ...ലാസ ..അതി സുന്ദരി ആയിരുന്ന ലാസ രാജകുമാരിയുടെ  സൌദ്ദരൃത്തെ കുറിച്ചുള്ള കഥകള്‍ ഹിമാലയ പ്രാന്ത പ്രദേശത്തെ രാജ്യങ്ങളിലൊക്കെ പരന്നിരുന്നു.
അന്ന് ചീനയിലെ പ്രബല രാജ വംശം ആയിരുന്ന ഹുനാണ്‍ വംശത്തിലെ രാജകുമാരനായിരുന്ന" ഡങ് ഹൂന്നാണ്‍ " ലാസയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഏറ്റവും ആക്രമകാരികള്‍ ആയിരുന്ന ഈ വംശത്തിലേക്ക് മകളെ അയക്കാന്‍ രാജാവിനോ, ഡങിനെ വിവാഹം കഴിക്കാന്‍ ലാസയോ ആഗ്രഹിച്ചിരുന്നില്ല.ഈകാരണത്താല്‍  വരാഹ രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍  ഹുനാണ്‍മാരുടെ അക്രമം വര്‍ധിച്ചു വന്നിരുന്നു.

അതുകൊണ്ട് തന്നെ സ്വസ്ഥമായി ബദരിനാഥ്ല്‍ ദര്‍ശനം നടത്താന്‍ പോകാന്‍  പോലും രാജാവിനു  കഴിഞ്ഞിരുന്നില്ല,അതുകൊണ്ടു  സ്വന്തം രാജ്യത്തു തന്നെ ഒരു ക്ഷേത്രം പണിതു ബദരി നാഥനെ പ്രതിഷ്ടിക്കാന്‍  അദ്ദേഹം തീരുമാനിച്ചു . അദ്ദേഹം ബദരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ആയി ഇതു സംസാരിക്കുകയും പൂജാദി കാരൃങ്ള്‍ക്കായി മകന്‍ നമ്പൂതിരിയെ അയക്കണം എന്നു അപേക്ഷിക്കുകയും ചെയ്തു.


അപ്രകാരം ബ്രമദത്തന്‍ എന്ന യുവാവായ നമ്പൂതിരി വരാഹ രാജ്യത്തെത്തുന്നതോടെ കഥയുടെ രണ്ടാം ഭാഗ്ം ആരംഭിക്കുകയായി .

സുന്ദരനായ ആ ബ്രാമണ യുവാവ് വളരെ പെട്ടെന്നു തന്നെ എല്ലാവര്‍ക്കും പ്രിയംകരനായി മാറി.  മംഗോളിയന്‍ മുഖം ഇല്ലാത്ത , മറ്റ് ബ്രാമണരില്‍ നിന്നും വ്യത്യസ്ഥമായി  ആയോധന വിദ്യകള്‍ കൂടി അഭ്യസിച്ച  ആ പൂജാരി, ആ ഹിമാലയന്‍ രാജ്യത്തെ പെണ്‍കുട്ടികളുടെ സ്വപ്ന കാമുകനാകാന്‍ ഏറെ നാള്‍ വേണ്ടി വന്നില്ല.വരാഹ രാജ്യത്തെ സൈന്യത്തെ കേരളത്തിന്‍റെ കളരി പയ്റ്റ് കൂടി ബ്രമദത്തന്‍  അഭ്യസിപ്പിക്കാന്‍  തുടങ്ങി.

കാലം കടന്നു പോയി....

ആ ഹിമാലയ രാജ്യത്ത് , ആരും അറിയാതെ ഒരു അനുരാഗ നദി അതിന്‍റെ പ്രയാണം തുടങ്ങിയിരുന്നു. 'ലാസ രാജകുമാരിയും ബ്രമദത്തനും പരസ്പരം ഹൃദയം കൈ മാറിയതിന് മഞ്ഞണിഞ ഹിമവല്‍ ശ്രിംഗങള്‍ മാത്രം സാക്ഷിയായി .
ഇതിനിടയില്‍ ഹുനാണ്‍മാര്‍ വരാഹ രാജ്യത്തേക്ക് പട നയിക്കുന്നു എന്ന വാര്‍ത്ത പരന്നു തുടങ്ങി.

നേരിട്ടുള്ള ഏറ്റുമുട്ടലില്‍ പരാജയം ഉറപ്പാനെന്നറിയാവുന്ന വരാഹ രാജാവ് സന്ധിക്കു തയ്യാറായി .കപ്പം കൊടുക്കാനും ഹുനാണ്‍ രാജാവിന്‍റെ അധികാരം അംഗീകരിക്കാനും അദ്ദേഹം സമ്മതിച്ചു.എന്നാല്‍ സൈന്യാധിപനും യുവരാജാവും ആയ  ഡങ് നു  ഒരേ ഒരു വ്യവസ്ഥയെ ഉണ്ടായിരുന്നുള്ളൂ. ലാസ രാജകുമാരിയെ തനിക്ക് വിവാഹം കഴിച്ചു തരണം.ധര്‍മ സങ്കടത്തില്‍ ആയ രാജാവിന് പ്രജാ രക്ഷ മുന്‍ നിറുത്തി  സമ്മതിക്കുകയെ നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ.
മംഗോളിയയിലേക്ക് പട നയിക്കുന്ന ഡങ്  രാജകുമാരന്‍ തിരിച്ചു വന്നാല്‍ ഉടന്‍  വിവാഹം എന്നു തീരുമാനിക്കപ്പെട്ടു.

ഇതോന്നും അറിയാതെ ലാസ രാജകുമാരിയും ബ്രമദത്തനും സ്വപ്നങ്ങള്‍ നെയ്തു കൂട്ടി. അങ്ങ് അകലെ യുള്ള പച്ച പുതച്ച മനോഹരമായ കേരളം എന്ന നാടിനെ കുറിച്ചും അതിന്‍റെ ഭംഗിയെ കുറിച്ചും ലാസ രാജ കുമാരി സ്വപ്നങ്ങള്‍ കണ്ടു.

എന്നാല്‍ തന്‍റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത അമ്മയില്‍ നിന്നും അറിഞ്ഞ കുമാരി പിതാവിന്‍റെ മുന്നിലേക്ക് ആര്‍ത്ത് എത്തി . താന്‍  ബ്രമദത്തനും  ആയി പ്രണയത്തിലാണെന്ന സത്യം അവള്‍ പിതാവിനോടു തുറന്നു പറഞ്ഞു. തന്‍റെ ആഗ്രഹം സാധിച്ചു  തന്നില്ല എങ്കില്‍ആത്മഹൂതി നടത്തും എന്ന മകളുടെ ഭീഷണിക്ക് മുന്നില്‍ പാവം രാജാവിന് മുട്ടു മടക്കേണ്ടി വന്നു.മാത്രമല്ല ബ്രമദത്തനെ രാജാവിനും ഇഷ്ഠം ആയിരുന്നു.

അദ്ദേഹം ബ്രമദത്തന്റ്റെ പിതാവിനെ ബന്ധപ്പെട്ടു.ഒടുവില്‍ ഡങ് ഹൂന്നാണ്‍ മംഗോളിയയില്‍ നിന്നും തിരിച്ചു വരുന്നതിന് മുന്പ് വിവാഹം നടത്താനും ,വിവാഹശേഷം ഉടന്‍ കേരളത്തിലേക്ക് തിരിക്കാനും അവര്‍ തീരുമാനിച്ചു.നന്ദാ പര്‍വതം ഇറങ്ങിയാല്‍ പിന്നെ ഉത്തരാഖണ്ഡ് രാജാവിന്‍റെ സംരക്ഷണം ഉണ്ടാകും എന്നും ,ഹുനാണ്‍ മാരെ നേരിടാനും ഉത്തരാഖണ്ഡ് രാജാവു  സഹായിക്കാം എന്നും തീരുമാനിച്ചു.അങ്ങിനെ ആ മഞ്ഞുകാലത്ത് തന്നെ വിവാഹം നടത്താന്‍  തീരുമാനിക്കപ്പെട്ടു.


എന്നാല്‍ വരാഹ രാജ്യത്തെ സ്വന്തം  ചാരന്‍മാര്‍ വഴി ഡങ് ഹൂന്നാണ്‍ വിവരം അറിഞ്ഞു ,പക്ഷേ മംഗോളിയയില്‍  നിന്നും ഉടന്‍ പുറപ്പെട്ട് വരാന്‍ കഴിയാത്തതിനാല്‍ അയാള്‍ മറ്റൊരു പദ്ധതി തയ്യാറാക്കി.വരാഹ രാജാവിനെയോ ഉത്തരാഖണ്ഡ് രാജാവിനെയോ പിണക്കാതെ തന്‍റെ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാതെ തന്നെ ലാസയെ  മംഗോളിയയിലേക്ക്  കടത്തികൊണ്ട് പോരുക .മറ്റുള്ളവരെ കൊന്നൊടുക്കുക ,മഞ്ഞു കാലത്തെ പ്രവചനാതീതം ആയ ഹിമാലയന്‍ കലാവസ്ഥയുടെ മറവില്‍ കാര്യം സാധിക്കുക.അതായിരുന്നു ഹൂണന്‍റെ ബുദ്ധി.

                                             
തന്‍റെ വിശ്വസ്ഥരായ പടയാളികളെ തൃശൂല്‍ പര്‍വതനിരകളില്‍ തയാറാക്കി നിറുത്തിയ ശേഷം ഡങ് ഹൂന്നാണ്‍  , വരാഹ രാജാവിന് സന്ദേശം അയച്ചു,"താന്‍ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു  ഉടനെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുക" എന്നതായിരുന്നു സന്ദേശം.ചതി മനസ്സിലാക്കാത്ത രാജാവ് ഉടനെ മകളുടെ വിവാഹം നടത്താനും അന്ന് തന്നെ വിവാഹ സംഘം നന്ദാ പര്‍വതം കടക്കാനുള്ള യാത്ര തുടങ്ങാനും തീരുമാനിച്ചു.അപ്രകാരം വിവാഹത്തിന്‍റെ അന്ന് തന്നെ ആ യുവ മിഥുനങ്ങള്‍ അഞ്ഞൂറോളം വരുന്ന സംഘതോടൊപ്പം യാത്ര തുടങ്ങി .

അന്ന് രാത്രി തൃശൂല്‍ പര്‍വത നിരകളിലെ രൂപ് കുണ്ഡ് തടാകകരയില്‍ ആണ് അവര്‍ തങ്ങാന്‍തീരുമാനിച്ചത് .  നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രെദേശം ആണ് രൂപ് കുണ്ഡ്    .ഷീണം കൊണ്ട് എല്ലാവരും തളര്‍ന്നുറങ്ങിയ ആ രാത്രിയില്‍   മലകള്‍ക്ക് ചുറ്റും ഹൂണന്‍മാരുടെ വലിയ കവണികള്‍ വഹിച്ചു കൊണ്ടുള്ള കുതിരവണ്ടികള്‍ നിശബ്ദ്തം   എത്തി . പെട്ടെന്ന്  നാല്ചുറ്റും നിന്ന് കവണികളില്‍ നിന്നും ഇരുമ്പു ഉണ്ടകള്‍ താഴേക്കു പാഞ്ഞു.  അതിനിടയില്‍ കൂടാരത്തില്‍ നിന്നും ലാസ രാജകുമാരിയെ പിടിച്ചിറക്കിയ ചീനന്‍മാര്‍ ,അതു തടയാന്‍ വേണ്ടി പൊരുതിയ  ബ്രമദത്തനെ രാജകുമാരിക്ക് മുന്‍പില്‍ വച്ച്  ,അവര്‍  പിന്നില്‍ നിന്നും വെട്ടി വീഴ്ത്തി, തല അറുത്തു കൊന്നു .ആ ദൃശ്യം കണ്ട്   ബോധരഹിതയായ കുമാരിയെയും കൊണ്ട്  ഹൂണന്‍മാരുടെ കുതിര വണ്ടികള്‍ മംഗോളിയയിലേക്ക് പാഞ്ഞു.

ആ വിവാഹ സംഘത്തിലെ ബാക്കി എല്ലാവരും   ഇരുമ്പു ഉണ്ടകള്‍ എറ്റു തല തകര്‍ന്നും, ചീനന്‍മാരുടെ വാളിന് ഇരയായും മരിച്ചു വീണു. ആ ശരീരങ്ങള്‍ ചീനന്‍മാര്‍ തടാകത്തില്‍ താഴ്ത്തി..ഹൂണണ്മാര്‍ തട്ടികൊണ്ടുപോയ കുമാരിക്ക് എപ്പോഴോ ബോധം തിരിച്ചു കിട്ടി ,കുതിര  വണ്ടിയില്‍ നിന്നും എടുത്ത് ചാടിയ കുമാരി ഹിമാലയത്തിലെ അഗാധ ഗര്‍ത്തങ്ങളിലെവിടെയോ ഒരു ചുവന്ന പൊട്ട് പോലെ മാഞ്ഞുപോയി...

അങ്ങിനെ  മഞ്ഞു മൂടിയ രൂപ്‌കുണ്ഡ്‌ തടാകത്തിന്റെ അടി തട്ടിലും , ഹിമാലയ ഗര്‍ത്തങ്ങളിലും ആയി ,ആരും അറിയാതെ,  ആ പ്രണയ കഥക്കു ദുരന്ത പരിസമാപ്തി കുറിക്കപ്പെട്ടു. മോശം കാലാവസ്ഥയില്‍ പെട്ട് അവരെ കാണാതായി എന്നു ലോകം മുഴുവന്‍ വിശ്വസിച്ചു .

ഗുരുജി കഥ പറഞ്ഞു നിറുത്തി.എല്ലാവരും ഏതോ ഒരു ലോകത്ത് സ്വയം   നഷ്ട പ്പെട്ടിരിക്കുകയാണ്.  " ഇന്നും ചില പൌര്‍ണമി രാത്രി കളില്‍ കുമാരിയുടെ ആത്മാവ് ഇവീടെ വരും അത്രേ." എന്നിട്ടു ആ വിരഹ ഗാനം പാടി നടക്കും !!!!  "
അപ്പോ ഞാന്‍ കണ്ട ആ രൂപം ? ചോദിക്കാതിരിക്കാന്‍ ആയില്ല എനിക്ക്...

"അതോ  ദുര്‍മരണപെട്ട ബ്രാമണ ആത്മാക്കള്‍ ബ്രമരക്ഷസ്സുകള്‍ ആയി മാറും എന്നറിയാമോ ? അതു തന്നെയാണ്  നീ കണ്ടത്. നീ നാട്ടുകാരനായത് കൊണ്ട്  നിന്നെ തേടി വന്നതാകാം" ഗുരുജി അപൂര്‍വമായ ഒരു തമാശ പറഞ്ഞു.

ഞാന്‍ മരവിച്ചിരിക്കുകയായിരുന്നു.ആയിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുര്‍മരണ പെട്ട ബ്രമദത്തന്റ്റെ ആത്മാവാണോ എന്നെ ഭയപ്പെടുത്തിയത്!!!!!
പക്ഷേ ശരിക്കും ഗുരുജി പറഞ്ഞത്  തമാശ അല്ലായിരുന്നു . മരണാനന്തര കര്‍മ്മങ്ങള്‍ കിട്ടാകയാല്‍ വര്‍ഷങ്ങള്‍ ആയി ആ മല നിരകളില്‍ മോക്ഷം കിട്ടാതെ അലയുന്ന ഒരു
ആത്മാവിന്‍റെ  ( ഒരു കൂട്ടം ആത്മാക്കളുടെ ?! )  അപേക്ഷ ആയിരുന്നോ ആ കാഴ്ച്ച?!

(  സന്യാസിക്ക് കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതിനാല്‍ ,  തിരിച്ചു വന്ന ഞാന്‍ ഗംഗ നദികരയില്‍  ബ്രമദത്തനും,ലാസ രാജകുമാരിക്കും ,   അറിയാത്ത മറ്റുള്ളവര്‍ക്കൊക്കെയും വേണ്ടി  പാണ്ഡയെ (ഗംഗയിലെ പുരോഹിതന്‍ ) കൊണ്ട് സങ്കല്‍പ തര്‍പ്പണം നടത്തിച്ചത്  , എന്‍റെ മനസ്സിന്‍റെ ശാന്തിക്ക് വേണ്ടി ആയിരുന്നു.അപ്പോളതാ പാണ്ടയുടെ ചോദ്യം " സ്വാമി ,ഈ  ബ്രമദത്തനും ലാസയും ഒക്കെ ആരാ ?...അങ്ങയുടെ ആശ്രമത്തിലെ വേറെ കുറെ  സന്യാസിമാരും എന്നെ കൊണ്ട് ഇതു ചെയ്യിച്ചല്ലോ..".....)




ഇതൊരു കഥ അല്ല.....ഇനി. ചരിത്രം സംസാരിക്കട്ടെ.......... ശാസ്ത്രം തെളിയിക്കട്ടെ  !!!!!!!

                                                                       ചരിത്രം



                                                                മഞ്ഞുമൂടിയ  തടാകം

അനവധി നിഗൂഡതകള്‍ ഉറങ്ങുന്ന ഹിമാലയ പര്‍വ്വത താഴ്വരയിലെ സംസ്ഥാനമായ  ഉത്തര്‍ഖണ്ഡിലെ ഗഢ്‌വാള്‍മേഖലയില്‍ ചമോലി ജില്ലയിലുള്ള രൂപ്‌കുണ്ഡ്‌ തടാകം.

ത്രിശൂല്‍ പര്‍വതത്തിന്റെ മടിയില്‍ 16,499 അടി ഉയരത്തില്‍, മലമടക്കുകള്‍ക്കിടയിലുള്ള ഈ തടാകം `നിഗൂഢ തടാക'മെന്നും `അസ്ഥികൂടങ്ങളുടെ തടാക'മെന്നും അറിയപ്പെടുന്നു. നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ റേഞ്ചറായിരുന്ന എച്ച്‌.കെ. മധ്വാളാണ്‌ 1942ല്‍ ഈ തടാകത്തിനടിയില്‍ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌.

 ഇതെങ്ങനെ സംഭവിച്ചുവെന്ന്‌ പലതരം നിഗമനങ്ങളും കെട്ടുകഥകളും ഉണ്ടായി.
കശ്‌മീരിലെ ജനറല്‍ സോറാവാര്‍ സിങ്ങിന്റെ സൈന്യം 1841ല്‍ ടിബറ്റ്‌ യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയില്‍ വഴിതെറ്റി അപകടത്തില്‍പെട്ടതാണ്‌ എന്നായിരുന്നു ഒരു നിഗമനം.

നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു കഥയില്‍, 550 വര്‍ഷം മുമ്പ്‌ കനൗജ്‌ രാജാവായിരുന്ന ജസ്‌ദ്വാള്‍ അനന്തരാവകാശിയുടെ ജന്മദിനാഘോഷഭാഗമായി നന്ദാദേവി പര്‍വത തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആഭാസകരമായ പാട്ടും ആട്ടവുമായി നടത്തിയ തീര്‍ത്ഥയാത്ര നാട്ടുദേവതയായ ലാതുവിനെ കോപിപ്പിച്ചു. ഭീകരമായ ആലിപ്പഴവര്‍ഷത്തോടെ ദേവത അവരെയൊന്നാകെ കൊന്നൊടുക്കി രൂപ്‌കുണ്ഡ്‌ തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞത്രെ.

ഈ കഥയ്‌ക്ക്‌ ഒരു പാഠഭേദമുണ്ട്‌. ജസ്‌ദ്വാള്‍ രാജാവ്‌ ഭാര്യ ബാല്‍പ റാണിയുമൊത്താണ്‌ തീര്‍ത്ഥയാത്രയ്‌ക്കു പോയതെന്നും, രൂപ്‌കുണ്ഡിനു സമീപം വച്ച്‌ റാണി ഒരു കുഞ്ഞിന്‌ ജന്മം നല്‍കിയെന്നും, തന്റെ വിശുദ്ധദേശത്തെ അശുദ്ധമാക്കിയതില്‍ കോപിഷ്‌ഠയായ നന്ദാദേവി ആലിപ്പഴം വര്‍ഷിച്ച്‌ സംഘത്തെയൊന്നാകെ കൊന്നൊടുക്കിയെന്നുമാണ്‌ കഥ.



                                                                    വേനല്‍ കാഴ്ച

തീര്‍ത്ഥാടകരാകാം കൂട്ടമരണത്തിനിരയായത്‌ എന്നു വിശ്വസിക്കപ്പെടുന്നു. 19-ാം ശതകത്തിലാണ്‌ സംഭവം നടന്നതെന്ന്‌ ആദ്യം കരുതിയെങ്കിലും 1960 കളില്‍ ശേഖരിച്ച അസ്ഥിഖണ്ഡങ്ങളുടെ കാര്‍ബണ്‍ കാലഗണനയില്‍ മരണം 12-15 ശതകത്തിനിടയിലാകാമെന്ന്‌ കണ്ടെത്തി.

എന്നാല്‍ 2004ല്‍ ഒരു സംഘം ഇന്ത്യന്‍-യൂറോപ്യന്‍ ശാസ്‌ത്രസംഘം അസ്ഥികൂടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി. ആഭരണങ്ങള്‍, തലയോട്ടികള്‍, അസ്ഥിഖണ്ഡങ്ങള്‍ എന്നിവ മാത്രമല്ല,�വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞുമൂടിക്കിടക്കുന്ന തടാകത്തിനടിയില്‍നിന്ന്‌ മാംസാവശിഷ്ടങ്ങളും ശേഖരിച്ച്‌ ഇവര്‍ പഠനവിധേയമാക്കി. ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ അസ്ഥികളുടെ കാര്‍ബണ്‍ടെസ്റ്റില്‍ കാലം എ.ഡി. 850 മുതല്‍ 30 വര്‍ഷത്തിനുള്ളിലാകാമെന്ന്‌ നിര്‍ണയിച്ചു.

ഡി.എന്‍.എ.ടെസ്റ്റില്‍ തെളിഞ്ഞത്‌ നാട്ടുകാരായ പോര്‍ട്ടര്‍മാരെ കൂടാതെ ദക്ഷിണ ഭാരതത്തിലെ ബ്രാഹ്മണരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ്‌. ഒരു ക്രിക്കറ്റ്‌ബോളിനേക്കാള്‍ വലുപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പെട്ടെന്ന്‌ വര്‍ഷിച്ചതാകാം മരണകാരണമെന്ന്‌ ഈ ശാസ്‌ത്രസംഘം കരുതുന്നു. തലയോട്ടികളിലെല്ലാം ആ ക്ഷതമുണ്ടായിരുന്നു. പിന്നീട്‌ ഏറെക്കാലം തടാകം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നതിനാല്‍ ഈ മൃതശരീരങ്ങള്‍ സംരക്ഷിക്കപ്പെട്ടു.


                                                               അസ്ഥികൂടങ്ങളുടെ തടാകം

പക്ഷേ സ്നേഹിതാ സത്യം ഇതൊന്നുമല്ല . അത് ഞാന്‍ നേരത്തെ വിവരിച്ചു കഴിഞ്ഞു..

നിങ്ങള്‍ക്കത്     വിശ്വസിക്കാം .....വിശ്വസിക്കാതിരിക്കാം...!!!!!!


സ്നേഹ പൂര്‍വം

പദ്മ തീര്‍ഥ

(ഒപ്പ്)


ചരിത്ര വിവരങ്ങള്‍ക്ക് കടപ്പാട് ഇന്‍റെര്‍നെറ്റിലെ ലേഖനങ്ങള്‍.
***(ഇതു വായിക്കുന്നവര്‍  "വിശ്വസിച്ചാലും  ഇല്ലെങ്കിലും" എന്ന ആദ്യ പോസ്റ്റ് വായിക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.

1 comment:

  1. ഈ തടാകത്തെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് പക്ഷേ ഇങ്ങനെയൊരു പ്രണയകഥ എവിടെയും പരാമർശിച്ചിട്ടില്ല, അവരോടൊപ്പം അവരുടെ പ്രണയകഥയും മൂടപ്പെട്ടു

    ReplyDelete