Thursday, 28 March 2013

പോത്തിൻകാൽ !!!!



ബ്ലാക് മാന്‍ വിലസുന്ന കാലമാണല്ലോ ഇത് .പഴയ ഒരു സംഭവം  പറയാം .

25
വര്‍ഷം മുന്‍പുള്ള ഒരു നിലാവില്ലാത്ത  രാത്രി,നല്ല ഇരുട്ട് ....
എന്‍റെ ഗ്രാമത്തിലെ അന്നത്തെ ഓലക്കെട്ട് സിനിമ കൊട്ടകയായ വടക്കുംപുറം  ബോബി തിയറ്ററില്‍ നിന്നും സെക്കന്‍ഡ് ഷോ കഴിഞ്ഞു പതുക്കെ കഥകളും തമാശകളും ആയി നടന്നു വരികയായിരുന്നു ഞങ്ങള്‍ ..ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാനും രാമചന്ദ്രനും .കഴുകോലി പാലത്തിന് (രാജ ഭരണ കാലത്ത് കുറെ ആളുകള്‍ മരിച്ച സ്ഥലം എന്നു പറയപ്പെടുന്നു ) അടുത്തെത്തിയപ്പോള്‍ ......
കത്താത്ത വഴിവിളക്കിന്‍റെ പോസ്റ്റിനടുതൊരാള്‍,നല്ല ഉയരം."ആ തീപ്പെട്ടി ഒന്നു തരാമോ?" അയാളുടെ ചോദ്യം .രാമചന്ദ്രന്‍ തീപ്പെട്ടി കൊടുത്തു.ബീഡി കത്തിക്കുന്നതിനിടയില്‍ എന്തോ  അയാളുടെ കൈയില്‍ നിന്നും താഴെ വീണു ."ശോ.. വീടിന്‍റെ താക്കോല്‍  താഴെ പോയല്ലോ  ഒന്നു നോക്കണേ"..."സാരമില്ല ഇവിടെത്തന്നെയാണ് വീണത് ,നമുക്ക് നോക്കാം " രാമചന്ദ്രന്‍ ഒരു കൊള്ളികൂടി ഉരച്ചു,ആ തീപ്പെട്ടി കൊള്ളിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍  താഴെ താക്കോല്‍ തിരഞ്ഞു. പെട്ടെന്നാണ് ഞങ്ങള്‍ കണ്ടത് ആ മനുഷ്യന്‍റെ കാലുകള്‍ !!!!! അത് മനുഷ്യന്‍റെ കാലുകള്‍ ആയിരുന്നില്ല  ....പകരം .......പോത്തിന്‍റെ കാലുകള്‍ !!!!

ജീവനും കയ്യില്‍ പിടിച്ച് ,തിരിഞ്ഞു നോക്കാതെ ഞങ്ങള്‍ ഓടുമ്പോള്‍ ,പുറകില്‍ നിന്നും അയാളുടെ പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു .......കുറച്ചു ദൂരം ഓടി കഴിഞ്ഞ് തളര്‍ന്നു ,കിതച്ച ഞങ്ങള്‍ ഒരു കലുങ്കില്‍ ഇരുന്നു.വിറയല്‍ അപ്പോഴും മാറിയിട്ടില്ല,കണ്ടത് വിശ്വസിക്കണോ വേണ്ടയോ എന്നു തീര്‍ച്ചയില്ല ,തോന്നിയതായിരിക്കും ,അല്ലെങ്കില്‍ ആരോ പറ്റിച്ചതാവും . അപ്പോ അകലെ നിന്നും ഒരു തീപ്പൊട്ട് കണ്ടു ..അതടുത്തു വന്നപ്പോ മനസ്സിലായി ആരോ ബീഡി വലിച്ചു വരികയാണ് .ആള്‍ അടുത്തു വന്നു.അല്പം ആശ്വാസത്തോടെ ഞങ്ങള്‍ അയാളെ വിളിച്ചു.."ചേട്ടാ ..അങ്ങോട്ട് പോകല്ലേ..അവിടെ ഒരാള്‍ ..പോത്തിന്റെ പോലെ കാലുള്ള ഒരു മനുഷ്യന്‍ ..ഞങ്ങളോടു തീപ്പെട്ടി ചോദിച്ചു "..അയാള്‍ക്ക് തമാശ ..അയാള്‍ ചിരിച്ചു ,"ആരോ നിങ്ങളെ പറ്റിച്ചു ..പോത്തിന്റെ കാല് പോലും എത്ര നാളായി ഞാന്‍   ഈ വഴി ,ഈ സമയത്ത് പോകുന്നു ,    എന്നിട്ട് ഞാന്‍ കണ്ടിട്ടില്ലല്ലോ ? " സത്യമാണ് ചേട്ടാ ..ഞങ്ങള്‍ കണ്ടതാ ,ഒന്നു വിശ്വസിക്ക് " എന്നിട്ടും അയാള്‍ക്ക് വിശ്വസം വരാത്ത പോലെ.."ശരി എന്താ നിങ്ങള്‍ കണ്ടത് ? "പോത്തിന്‍റെ കാല് ചേട്ടാ.. ..പോത്തിന്‍റെ കാല് " ഓഹോ ശരി അങ്ങിനെയോ ?, അയാള്‍ പാദം മറഞ്ഞു കിടന്ന മുണ്ട് മടക്കി കുത്തി.  എന്നിട്ട്  ഒരു  തീപ്പെട്ടി കൊള്ളി കൂടി ഉരച്ചു.  ..പിന്നെ മെല്ലെ ചോദിച്ചു .. "ഇത് പോലെ ആയിരുന്നോ നിങ്ങള്‍ കണ്ട കാലുകള്‍ ? "തീപ്പെട്ടി  കൊള്ളിയുടെ മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ ഒരു നിമിഷം കണ്ടു ..വലിയ കുളമ്പുകള്‍ ഉള്ള  കറുത്തിരുണ്ട പോത്തിന്‍ കാലുകള്‍ ....ഒപ്പം ആ പൊട്ടിച്ചിരിയും .......പിന്നെ കണ്ണുകളില്‍ ഇരുട്ട് മാത്രം!!!!

വാല്‍കഷണം: സിനിമക്കു പോയിട്ടു തിരിച്ചു വരാതിരുന്ന ഞങ്ങളെ തിരഞ്ഞു വന്ന വീട്ടുകാരാണ് ബോധം കേട്ടു കിടന്നിരുന്ന ഞങ്ങളെ  വീട്ടില്‍ എത്തിച്ചത് 


5 comments:

  1. ഹ ഹാ ...ഇത്തരം കഥകള്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.ഇന്നുവരെ അനുഭവം ഒന്നും ഉണ്ടായിട്ടില്ല.

    ReplyDelete
  2. നല്ല സൂപ്പര്‍ കഥ. മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇത് നല്ല ശൈലിയിലുള്ള എഴുത്താണ്. കൂടെ ചേര്‍ത്തിരിയ്ക്കുന്ന ആ ചിത്രം അതിലേറെ സൂപ്പര്‍.

    ആശംസകള്‍

    ReplyDelete
  3. ithu Paravur Radha theateril second show kazhinju varunnavarkum undayittundu anubhavam..njan cheruppathile kure kettitundu ee sambhavam

    ReplyDelete
  4. ഈ കഥ ഞങ്ങളുടെ നാട്ടിലും പ്രചരിച്ചിരുന്നു.പല സ്ഥലത്തും ഒരേ സമയം ഇങ്ങിനെയൊരു സംഭവം എങ്ങിനെ ഉണ്ടായി.കണ്ടറിഞ്ഞവരെക്കാൾ കൂടുതൽ കേട്ടറിഞ്ഞവർ ആയിരുന്നു.

    ദാ... ഇങ്ങോട്ടു നോക്കിയേ..ആ കാൽ ഇത് പോലെ ആയിരുന്നോ?

    ReplyDelete